വനിതാ മതില്‍; നവോത്ഥാന മൂല്യ സംരക്ഷണത്തിന്റെ നാഴികകല്ലാകും – കേരള പുലയന്‍ മഹാസഭ (കെപിഎംഎസ്)
വനിതാ മതില്‍; നവോത്ഥാന മൂല്യ സംരക്ഷണത്തിന്റെ നാഴികകല്ലാകും –
കേരള പുലയന്‍ മഹാസഭ (കെപിഎംഎസ്)
കൊച്ചി : 2019 ജനുവരി 1 ന് കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഉയരുന്ന വനിതാ മതില്‍ കേരള ചരിത്രത്തില്‍ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന്റെ മറ്റൊരു നാഴിക കല്ലാകുമെന്ന് കേരള പുലയന്‍ മഹാസഭ സംസ്ഥാന നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാല്‍ ലക്ഷം വനിതകളെ സംസ്ഥാനത്ത് ഉടനീളം വനിതാ മതിലില്‍ പങ്കാളികളാക്കുന്നതിനും വനിതാ മതില്‍ പൂര്‍ണ്ണ വിജയമാക്കി മാറ്റുന്നതിനും മഹാസഭ
തീരുമാനിച്ചു.
വനിതാ മതില്‍ വിജയിപ്പിക്കുന്നതിനായി മഹാസഭ എല്ലാ
ജില്ലാ- താലൂക്ക്- ശാഖ ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മഹാസഭയുടേയും മഹിളാ യൂത്ത് മൂവ്‌മെന്റിന്റേയും സംയുക്ത നേതാക്കളുടെ സംസ്ഥാന തല യോഗം ഡിസംബര്‍ 25 ന് ആലപ്പുഴയില്‍ ചേരും. വനിതാ മതിലിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വരുന്നവര്‍ നാനാവിധത്തിലുള്ള പിന്തുണയാര്‍ജ്ജിച്ച് മുന്നേറുന്ന ഈ നവോത്ഥാന പ്രക്രിയയില്‍ പങ്കുചേരാന്‍ കഴിയാതെ സാമൂഹ്യമായി ഒറ്റപ്പെട്ട് പോയതിന്റെ ജാള്യത മറയ്ക്കുവാന്‍ വേണ്ടി സമനില തെറ്റിയ നിലയില്‍ പറയുന്നതാണെന്ന് ഞങ്ങള്‍ കരുതുന്നു.
നാം ഇന്ന് കാണുന്ന സാംസ്‌കാരിക കേരളം രൂപപ്പെട്ടിട്ടുള്ളത് ഒട്ടനവധിയായ സാമൂഹ്യ അനാചാരങ്ങളേയും ഉച്ചനീചത്വങ്ങളേയും അയിത്താചരണങ്ങളേയും ജാതി വിവേചനങ്ങളേയും എല്ലാം തന്നെ അതാത് കാലഘട്ടങ്ങളില്‍ പൊരുതി തോല്‍പ്പിച്ച ധീരരായ നമ്മുടെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുടേയും നവോത്ഥാന നായകന്‍മാരുടേയും പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും അവ നിലനിര്‍ത്തുന്നതിനും ഇനിയും അവശേഷിക്കുന്ന അനാചാരപരമായ അനുഷ്ഠാനങ്ങളേയും ആചാര
രീതികളേയും ഭരണഘടനാപരമായി നീതിപീഠങ്ങളുടെ നിലപാടുകള്‍ക്ക് അനുസരിച്ച് പിഴുതെറിയുവാനും കേരള സര്‍ക്കാര്‍ അടക്കം നടത്തുന്ന നീക്കത്തിനൊപ്പം കേരള പുലയന്‍ മഹാസഭ നിലകൊള്ളും
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ ടി ശങ്കരന്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി അനില്‍കുമാര്‍,(ഇടുക്കി) സംസ്ഥാന സംഘടനാ സെക്രട്ടറി കെ ടി അയ്യപ്പന്‍കുട്ടി (എറണാകുളം) സംസ്ഥാന സെക്രട്ടറിമാരായ പി കെ തമ്പി (ആലപ്പുഴ), സി എ സുബ്രഹ്മണ്യന്‍ (തൃശൂര്‍), കെ എ മോഹനന്‍ (പെരുമ്പാവൂര്‍) യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സി എസ് സൈജു (തൊടുപുഴ) മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് രത്‌നമ്മ രവി (പത്തനംതിട്ട) സംസ്ഥാന വൈസ് പ്രസിഡന്റ് സ്മിത സത്യന്‍ (എറണാകുളം) എന്നിവര്‍ പങ്കെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്