×

കോട്ടയം പ്രദീപ്‌ അന്തരിച്ചു : മരണം ഹൃദയാഘാതം മൂലം

കോട്ടയം: പ്രശസ്ത സിനിമ സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാലേ കാലോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

ഹൃദയാഘാതം ആയിരുന്നു മരണകാരണം.

ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ സുഹൃത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും, നടന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഐ വി ശശിയുടെ ‘ ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് സിനിമാ ലോകത്ത് എത്തുന്നത്. കോമഡി റോളുകള്‍ വളരെ നന്നായി കൈകാര്യം ചെയ്തിരുന്ന പ്രദീപ്, ഒരു വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഹൃതിക്റോഷന്‍ തോപ്പില്‍ ജോപ്പന്‍, തട്ടത്തിന്‍ മറയത്ത് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു.

ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് യുവജനോത്സവത്തിലും സ്‌കൂള്‍ വാര്‍ഷിക പരിപാടികളിലും പ്രദീപ്‌ സജീവമായിരുന്നു. പാട്ട്‌, ഡാന്‍സ്‌, എകാങ്കനാടകം തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്. വര്‍ഷങ്ങളായി കോട്ടയം തിരുവാതുക്കല്‍ രാധാകൃഷ്‌ണ തിയറ്ററിന് സമീപം താമസിച്ചിരുന്ന അദ്ദേഹം, പതിയെ സിനിമയിലേക്ക് ആകൃഷ്ടനായി. പത്താം വയസ്സില്‍ എന്‍ എന്‍ പിള്ളയുടെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ച്‌ തുടങ്ങിയ കോട്ടയം പ്രദീപ് 40 വര്‍ഷമായി നാടകരംഗത്ത് സജീവമാണ്.

കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതല്‍ എല്‍ ഐ സി ഉദ്യോഗസ്ഥനായി. അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ ആയ ഒരു റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനില്‍ ആദ്യ അവസരം ലഭിക്കുന്നത്. നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നല്‍കിയത്.

ആദ്യം സിനിമാ ക്യാമറയ്‌ക്ക് മുന്നില്‍ വരുന്നത് 1999 ല്‍ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് ആന്ന് അഭിനയിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറു വേഷങ്ങളില്‍ അഭിനയിച്ചു. 2009 ല്‍ ഗൗതം മേനോന്‍റെ ‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തില്‍ നായികയായ തൃഷയുടെ മലയാളി അമ്മാവനായി ഒരു ചെറു വേഷം ചെയ്തു. യാതൊരു പ്രതീക്ഷയുമില്ലാതെ, ഗൗതം മേനോനെ കാണുക എന്ന ആഗ്രഹവുമായി നന്ദു പൊതുവാള്‍ വഴി ഒഡീഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങള്‍ വന്നെത്തി. ആ ചിത്രത്തിന്‍റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.

വിനീത് ശ്രീനിവാസന്‍റെ തട്ടത്തിന്‍ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്‍റെ വേഷം ചെയ്ത ശേഷം പ്രദീപ്‌ മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top