×

‘മാണി സാര്‍ ‘ എന്ന അതികായന്റെ രാഷ്ട്രീയ യുദ്ധ ജീവിതം ഇങ്ങനെ

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷക ദമ്ബതികളായ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30 നാണ് മാണിയുടെ ജനനം. മദ്രാസ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം. ഹൈക്കോടതി ജഡ്ജി പി ഗോവിന്ദമേനോന്റെ കീഴില്‍ 1955 ല്‍ കോഴിക്കോട് അഭിഭാഷകനായി ചേര്‍ന്നു. ഇതിനിടെ കോണ്‍ഗ്രസിലൂടെ പൊതുരംഗത്ത് സജീവമായി. കോണ്‍ഗ്രസ് മരങ്ങാട്ടുപിള്ളി വാര്‍ഡ് പ്രസിഡന്റായിട്ടായിരുന്നു രാഷ്ട്രീയത്തില്‍ തുടക്കം. 1959 ല്‍ കെപിസിസി അംഗമായി. 1960 മുതല്‍ 64 വരെ കോട്ടയം ഡിസിസി സെക്രട്ടറിയായി.

ആര്‍ ശങ്കറായിരുന്നു മുഖ്യമന്ത്രി. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ പി ടി ചാക്കോ പക്ഷക്കാരനായിരുന്നു മാണി. ചാക്കോയുടെ കാറില്‍ സ്ത്രീയെ കണ്ട സംഭവം ഏറെ വിവാദമായി. തുടര്‍ന്ന് 1964 ഫെബ്രുവരി 14 ന് ചാക്കോ രാജിവച്ചു. രാഷ്ട്രീയം മതിയാക്കി അഭിഭാഷക വൃത്തിയില്‍ ശ്രദ്ധിച്ച ചാക്കോ ആറുമാസത്തിനകം മരിച്ചു. ചാക്കോ പക്ഷക്കാരനായിരുന്നെങ്കിലും ചാക്കോ കോണ്‍ഗ്രസ് വിടുമ്ബോഴോ മരിക്കുന്നതുവരെയോ അടുപ്പമുണ്ടായിരുന്ന നേതാക്കളുടെ കൂട്ടത്തില്‍ കെ.എം. മാണി ഉണ്ടായിരുന്നില്ല. ചാക്കോ മരിച്ച്‌ രണ്ടുമാസം കഴിഞ്ഞ് ഒക്ടോബര്‍ എട്ടിനു കേരള കോണ്‍ഗ്രസ് രൂപീകരിക്കുമ്ബോഴും മാണി അതിന്റെ ഭാഗമായിരുന്നില്ല.

അടുത്ത തെരഞ്ഞെടുപ്പില്‍ പാലായില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്രമത്തിലായിരുന്നു മാണി. എന്‍.എസ്.എസ് നേതാവും നായര്‍ സമുദായാചാര്യനുമായ മന്നത്തു പദ്മനാഭന്റെ സാന്നിധ്യത്തില്‍ കോട്ടയത്തുവച്ചായിരുന്നു കേരള കോണ്‍ഗ്രസ് പ്രഖ്യാപനം. ആദ്യ ചെയര്‍മാന്‍ കെ.എം. ജോര്‍ജ്, ജനറല്‍ സെക്രട്ടറി ആര്‍. ബാലകൃഷ്ണപിള്ള. ജോര്‍ജും പിള്ളയും ഉള്‍പ്പെടെ 15 ചക്കോ പക്ഷ എം.എല്‍.എമാര്‍ ശങ്കര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. അവസരം മുതലാക്കി പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരികയും കോണ്‍ഗ്രസ് വിമതരായ 15 പേരുടെ കൂടി വോട്ടോടെ സര്‍ക്കാര്‍ വീഴുകയും ചെയ്തു. സെപ്റ്റംബര്‍ എട്ടിനായിരുന്നു സര്‍ക്കാര്‍ രാജിവച്ചത്. കൃത്യം ഒരു മാസം തികഞ്ഞപ്പോഴായിരുന്നു കേരള കോണ്‍ഗ്രസിന്റെ പിറവി.

പാലയുടെ ‘മാണിസാര്‍’

1965 മാര്‍ച്ച്‌ നാലിനു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റിലേക്ക് കോണ്‍ഗ്രസ് മാണിയെ പരിഗണിച്ചില്ല. രോഷാകുലനായ മാണി കേരള കോണ്‍ഗ്രസിലെത്തുകയായിരുന്നു. പാലയില്‍ നിന്നും കേരള കോണ്‍ഗ്രസ് ലേബലില്‍ കെ എം മാണി നിയമസഭയിലേക്ക് വിജയിച്ചു. പിന്നീട്്ത് ചരിത്രമായി. പാലയെന്നാല്‍ കെ എം മാണി എന്നായി. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണയാണ് മാണി വിജയിച്ചത്. ഒരിക്കല്‍ പോലും പരാജയം നേരിടാത്ത കുതിപ്പ്. 1965 മുതല്‍ കേരള നിയമസഭയുടെ ചരിത്രം കെ എം മാണിയുടേത് കൂടിയായി.

1975 ലെ അച്യുതമേനോന്‍ മന്ത്രിസഭയിലാണ് കെ എം മാണി ആദ്യമായി മന്ത്രിയാകുന്നത്. അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്ത സിപിഎമ്മുമായി സഹകരിക്കുന്ന പ്രതിപക്ഷ എം.എല്‍.എ എന്ന നിലയില്‍ പൊലീസിന്റെ നോട്ടപ്പുള്ളിയായ മാണി ഒളിവില്‍ പോയിരുന്നു. കെ.എം. ജോര്‍ജും ബാലകൃഷ്ണ പിള്ളയും ജയിലിലുമായി. അന്ന് കെ കരുണാകരന്‍ ഒരു കളികളിച്ചു. കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്ത് അടര്‍ത്തിയെടുത്തു. കെ എം ജോര്‍ജും പിള്ളയും മന്ത്രിമാരാകുമെന്നായിരുന്നു ധാരണ. പക്ഷേ, മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് മാണിയും ബാലകൃഷ്ണ പിള്ളയുമാണ്. പാര്‍ട്ടി ചെയര്‍മാനായ ജോര്‍ജ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുകൂടിയാകുന്നത് പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടി മാണി ഇടപെട്ടതായിരുന്നു കാരണം.

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 മാര്‍ച്ച്‌ 25 ന് രൂപീകരിച്ച കെ കരുണാകരന്‍ സര്‍ക്കാരിലും മാണി മന്ത്രിയായി തുടര്‍ന്നു. രാജന്‍കേസുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കരുണാകരന്‍ ഏപ്രില്‍ 25 ന് രാജിവെച്ചു. രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന കരുണാകരന്റെ സത്യവാങ്മൂലം കള്ളമാണെന്ന ഹൈക്കോടതി വിധിയാണ് കരുണാകരന്റെ രാജിക്ക് കാരണമായത്. തുടര്‍ന്ന് എ കെ ആന്റണി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴും മാണി തുടര്‍ന്നു. ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. 1978 ഒക്ടോബര്‍ മാസം എ.കെ. ആന്റണി രാജിവച്ചു. ചിക്കമംഗളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി സ്ഥാനാര്‍ത്ഥിയായതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

തുടര്‍ന്ന് സിപിഐ നേതാവ് പി കെ വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. ഈ സര്‍ക്കാരിലും ആഭ്യന്തര വകുപ്പ് മാണി കൈപ്പിടിയിലാക്കി. എന്നാല്‍ ഇടത് ഐക്യം ശക്തിപ്പെടുത്തുക എന്ന സിപിഐ തീരുമാനത്തെ തുടര്‍ന്ന് പികെവി മുഖ്യമന്ത്രി പദം രാജിവെക്കുകയും സിപിഐ സിപിഎമ്മിനൊപ്പം പോകുകയും ചെയ്തു. തുടര്‍ന്ന് മാണിയുടെ പേര് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നു. എന്നാല്‍ സ്പീക്കറായിരുന്ന സിഎച്ച്‌ മുഹമ്മദ് കോയക്കായിരുന്നു നറുക്ക് വീണത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മന്ത്രിസഭയ്ക്കുള്ള പിന്തുണ കേരള കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ മുഹമ്മദ് കോയ സര്‍ക്കാരും വീണു. രണ്ട് മാസം മാത്രമായിരുന്നു സിഎച്ചിന് മുഖ്യമന്ത്രി പദവി ലഭിച്ചത്.

വീണ്ടും മാണിയുടെ പേര് മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുവന്നെങ്കിലും, കോണ്‍ഗ്രസ് ഇടപെട്ട് നിയമസഭ പിരിച്ചുവിട്ടതോടെ ആ അവസരവും നഷ്ടമായി. 1980 ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മാണിയും ആന്റണി കോണ്‍ഗ്രസും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മാണിയും അംഗമായി. ധനകാര്യ-നിയമ വകുപ്പായിരുന്നു ലഭിച്ചത്. 1981 ഒക്ടോബര്‍ മാസം16 ന് ആന്റണി കോണ്‍ഗ്രസ് ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിച്ചു. ഒക്ടോബര്‍ 20ന് കേരള കോണ്‍ഗ്രസ് എമ്മും നായനാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു കേരളത്തില്‍ മന്ത്രിസഭ പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

1981 ഡിസംബറില്‍ കെ കരുണാകരന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. മാണി അതിലും ഭാഗമായി. എന്നാല്‍ ലോനപ്പന്‍ നമ്ബാടന്‍ രാജിവെച്ചതിനെ തുടര്‍ന്ന് 1982 മാര്‍ച്ചില്‍ ആ സര്‍ക്കാരും വീണു. 1982 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ കെ കരുണാകരന്റെ നേതൃത്വത്തില്‍ യുഡിഎഫ് വീണ്ടും ഭരണത്തിലെത്തി. മാണി വീണ്ടും ധനമന്ത്രിയായി. 1991 ലെയും 2001 ലെയും യുഡിഎഫ് സര്‍ക്കാരിലും മാണി മന്ത്രിയായി. 2011 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും മാണി ധനമന്ത്രിയായി.

ബാറില്‍ വഴുതി

മാണിസാര്‍ എന്ന പേരില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന നക്ഷത്രത്തിന്റെ ശോഭ കെടുന്ന കാലം കൂടിയായിരുന്നു അത്. 2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടനയില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണമാണ് തിരിച്ചടിയായത്. ബാര്‍ കോഴയില്‍ മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു. തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചതിനെതിരെ മാണി ഹൈക്കോടതിയെ സമീപിച്ചു. സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്ന കോടതി പരാമര്‍ശം രാജിയിലേക്ക് വഴിവെച്ചു.

ബാര്‍കോഴയെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നതിലും കലാശിച്ചു. ഒരുകാലത്ത് വലിയ സമ്മര്‍ദ്ദശക്തിയായിരുന്ന കെ എം മാണി ഒരു മുന്നണിയിലും ഇല്ലാതെ നിഷ്പ്രഭമായിപ്പോയ അവസ്ഥയിലേക്കെത്തി. ഇടതുമുന്നണി വീണ്ടും മുഖ്യമന്ത്രി പദം എന്ന പച്ചില കാട്ടി പ്രലോഭിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് ഈ മോഹത്തെ തല്ലിക്കെടുത്തി. എങ്കിലും ഏറെ വൈകാതെ യുഡിഎഫില്‍ തന്നെ തിരിച്ചെത്തി കേരള കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പാലയിലെ മാണിക്യത്തിന് ആയി. അതേസമയം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ മകന്‍ ജോസ് കെ മാണിക്ക് കൈമാറണമെന്ന മോഹം പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് കാരണം നടപ്പാക്കാനായില്ല എന്നതായിരുന്നു അവസാന കാലത്ത് മാണി സാറിനെ ഏറെ അലട്ടിയിരുന്നത്.

അധ്വാനവര്‍ഗ സിദ്ധാന്തം

കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി അധ്വാനവര്‍ഗ സിദ്ധാന്തം എന്ന പുതിയ തിയറി കൂടി കേരള സമൂഹത്തിന് കെ എം മാണി സംഭാവന ചെയ്തു. 1978 ലെ കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനത്തിലായിരുന്നു അധ്വാനവര്‍ഗ സിദ്ധാന്തം ആദ്യമായി അവതരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടുപോയി. കോണ്‍ഗ്രസ് വിശ്വസിക്കുന്ന തത്വശാസ്ത്രം മഹാത്മജി സ്വതന്ത്ര ഭാരതത്തിന് വേണ്ടി തയ്യാറാക്കിയതാണ്. എന്നാല്‍ നിലവിലെ ജീവിതരീതികളോട് നീതി പുലര്‍ത്തുന്നതാണ് അദ്വാന വര്‍ഗ സിദ്ധാന്തമെന്ന് കെ എം മാണി വ്യക്തമാക്കി. ജാതിയും മതവും കൂട്ടിക്കലര്‍ത്താതെയാണ് അധ്വാന വര്‍ഗ സിദ്ധാന്തം രൂപപ്പെടുത്തിയിരിക്കുന്നത്. കമ്യൂണിസത്തില്‍ ഒന്നോ രണ്ടോ ഏക്കര്‍ ഭൂമി ഉള്ളവനും മുതലാളിയുടെ ഗണത്തില്‍ വരുമ്ബോള്‍ സമത്വം എവിടെയാണെന്നും മാണി ചോദിക്കുന്നു.

താന്‍ മുന്നോട്ടുവെച്ച സിദ്ധാന്തം ബ്രിട്ടീഷ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും മാണിക്ക് സാധിച്ചു. സ്വന്തം സിദ്ധാന്തം അവതരിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നും ഒരു നേതാവിന് ലഭിക്കുന്ന ആദ്യ അവസരം ആയിരുന്നു അത്. അധ്വാനവര്‍ഗ സിദ്ധാന്തം അഥവാ, ജനകീയ സോഷ്യലിസം കാലഹരണപ്പെട്ടുപോയ കമ്യൂണിസത്തിനും മുതലാളിത്ത വ്യവസ്ഥിതിക്കും പകരം അവതരിപ്പിക്കപ്പെടുന്ന ഒരു രാഷ്ട്രീയ സാമ്ബത്തിക ദര്‍ശനമാണ് എന്നു പറഞ്ഞുകൊണ്ടാണ് മാണി പ്രസംഗം ആരംഭിച്ചത്.

പാര്‍ലമെന്റ് മന്ദിരമായ വെസ്‌റ് മിന്‍സ്‌റര്‍ കൊട്ടാരത്തിലെ സമ്മേളന ഹാളിലായിരുന്നു കെ.എം. മാണിയുടെ നയപ്രഖ്യാപനം. അധ്വാന വര്‍ഗ സിദ്ധാന്തം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വായിച്ചപ്പോള്‍ സാക്ഷികളായി അരഡസനോളം എംപിമാരും ഡെപ്യൂട്ടി സ്പീക്കറും മറ്റു പാര്‍ട്ടി നേതാക്കളും ഉണ്ടായിരുന്നു. സിദ്ധാന്തത്തിന്റെ പകര്‍പ്പുകള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, പ്രതിപക്ഷനേതാവ് എഡ് മിലിബാന്‍ഡ് എന്നിവര്‍ക്കായി ഡപ്യൂട്ടി സ്പീക്കര്‍ ചോദിച്ചുവാങ്ങുകയും ചെയ്തു.

കുടുംബം

പിടി ചാക്കോയുടെ ബന്ധുവായ കുട്ടിയമ്മയാണ് കെ എം മാണിയുടെ ഭാര്യ. ആറ് മക്കളാണ് മാണിക്കുള്ളത്. അഞ്ച് പെണ്ണും ഒരാണും. എല്‍സ, ആനി, സാലി, ടെസ്സി, സ്മിത എന്നിവരാണ് പെണ്‍മക്കള്‍. രാജ്യസഭ എംപിയും കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനുമായ ജോസ് കെ മാണിയാണ് മകന്‍. നിഷ ജോസ് കെ മാണിയാണ് മരുമകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top