×

ജാതിക്കൊല:; പെണ്‍കുട്ടിയുടെ സഹോദരന്‍ യൂത്ത് കോണ്‍ഗ്രസ് എന്ന് ഡി.വൈ.എഫ്.ഐ വാര്‍ത്താക്കുറിപ്പ് 

കോട്ടയം: പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ പ്രതിരോധിച്ച്‌ ഡി.വൈ.എഫ്.ഐ. കെവിനെ തട്ടിക്കൊണ്ടു പോയ വാഹനം ഓടിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. നിയാസ് എന്ന ഇയാള്‍ നീനുവിന്റെ ഉമ്മയുടെ സഹോദരന്‍ നാസറുദീന്റെ മകനാണ്. ഇയാളടക്കം സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ ഡി.വൈ.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡി.വൈ.എഫ്.ഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം വാഹനമോടിച്ചിരുന്ന ആളിന്റെ രാഷ്ട്രീയം പറയുന്നവര്‍ മുഖ്യപ്രതിയായ സഹോദരന്റെ രാഷ്ട്രീയം പറയാതിരിക്കുന്നത് രാഷ്ട്രീയ താല്‍പ്പര്യം കൊണ്ട് മാത്രമാണെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് നേതൃത്വം നല്‍കിയ ഭാര്യാ സഹോദരന്‍ ഷാനു ചാക്കോ വിദേശത്ത് ജോലി തേടി പോകുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. വധുവിന്റെ പിതാവും കോണ്‍ഗ്രസ് അനുഭാവിയാണ്. പെണ്‍കുട്ടിയുടെ ഉമ്മയുടെ കുടുംബവും കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരാണെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

ഡി.വൈ.എഫ്.ഐയുടെ വാര്‍ത്താക്കുറിപ്പ്

ഡി.വൈ.എഫ്.ഐ വാര്‍ത്താക്കുറിപ്പ്
28.05.2018

കെവിന്റെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം.
ഡി.വൈ.എഫ്.ഐ ക്കെതിരായ ആരോപണം അടിസ്ഥാനരഹിതവും
രാഷ്ട്രീയ പ്രേരിതവുംമാത്രം

പ്രണയവിവാഹത്തെ തുടര്‍ന്ന് കെവിന്‍ എന്ന യുവാവിനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായനിയമ നടപടി സ്വീകരിക്കണം. വീഴ്ചവരുത്തിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെയും മാതൃകാപരവും ശക്തവുമായ നടപടി സ്വീകരിക്കണം.

സംഭവത്തിനു ശേഷം ഡി.വൈ.എഫ്.ഐ.യെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണ്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നിയാസ് വധുവിന്റെ ഉമ്മയുടെ സഹോദരന്‍ നാസറൂദിന്റെ മകനാണ്. ബന്ധു എന്ന നിലയിലാണ് ഇയാള്‍ ഈ കൃത്യത്തില്‍ പങ്കെടുത്തിരിക്കുന്നത്. സംഭവം അറിഞ്ഞയുടനെ ഡി.വൈ.എഫ്.ഐ ഇയാളെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇയാള്‍ക്കുപുറമെ മറ്റൊരു ബന്ധുവായ ഇഷാനെയും ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയിട്ടുണ്ട്.

കൃത്യത്തില്‍ പങ്കെടുത്തവരെല്ലാം വധുവിന്റെ ബന്ധുക്കള്‍ മാത്രമാണ്. സംഭവത്തിലെ പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോണ്‍ഗ്രസിന്റെ നേതാവായിരുന്നു. ഇയാള്‍ വിദേശത്തേക്ക് ജോലി തേടി പോകുന്നതുവരെയും യൂത്ത് കോണ്‍ഗ്രസിന്റെ സജീവ നേതൃത്വത്തിലുണ്ടായിരുന്നു. വാഹനമോടിച്ചിരുന്ന ആളിന്റെ രാഷ്ട്രീയം പറയുന്നവര്‍, മുഖ്യപ്രതിയുടെ രാഷ്ട്രീയം പറയാതിരിക്കുന്നത് രാഷ്ട്രീയ താല്‍പര്യം വച്ചുമാത്രമാണ്.

വധുവിന്റെ പിതാവ് ചാക്കോയും പരമ്ബരാഗത കോണ്‍ഗ്രസ് അനുഭാവിയും പ്രവര്‍ത്തകനുമാണ്. വധുവിന്റെ ഉമ്മ രഹ്‌നയുടെ കുടുംബവും അറിയപ്പെടുന്ന കോണ്‍ഗ്രസ് അനുഭാവികളാണ്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം നടത്തിയ നീചമായ ഈ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പ്രേരിതമായി ആരോപണമുയര്‍ത്തുന്നത് ഡി.വൈ.എഫ്.ഐ വിരോധം കൊണ്ടുമാത്രമാണ്.

കോട്ടയത്ത് കെവിനും വധുവിനും സഹായമൊരുക്കിയത് ഡി.വൈ.എഫ്.ഐ
കെവിന്‍ സി.പി.ഐ(എം) അനുഭാവി കുടുംബാംഗമാണ്. കെവിന്റെ പിതാവിന്റെ സഹോദരന്‍ ബൈജി സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുമാണ്. സ്റ്റേഷനില്‍ ഹാജരാകേണ്ട സമയത്ത് കെവിനും വധുവിനും സഹായമായി പ്രവര്‍ത്തിച്ചത് ഡി.വൈ.എഫ്.ഐയുടെ ഏറ്റുമാനൂര്‍ ബ്ലോക്ക് സെക്രട്ടറി ശ്രീമോനും മുന്‍ ഡിവൈഎഫ്‌ഐ നേതാവും സി.പി.ഐ(എം) കുമാരനല്ലൂര്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറിയുമായ പി.എം.സുരേഷുമാണ്. സ്റ്റേഷന് പുറത്തുവെച്ച്‌ വധുവിന്റെ പിതാവ് മകളെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വലിച്ചിഴച്ച്‌ കാറില്‍ കയറ്റുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുകയും ഇവര്‍ക്കാവശ്യമായ സംരക്ഷണം നല്‍കാനും പ്രദേശത്തെ ഡി.വൈ.എഫ്.ഐ -സിപിഐ(എം) പ്രവര്‍ത്തകരായിരുന്നു ഉണ്ടായിരുന്നത്. പെണ്‍കുട്ടി ആഗ്രഹിക്കുന്ന പ്രകാരം കെവിന്റെ ബന്ധുക്കളുടെ വീട്ടിലേക്കോ ഹോസ്റ്റലിലേക്കോ മാറ്റണമെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. കെവിന്റെ ബന്ധുവും സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുമായ ബൈജിയുടെ മേല്‍നോട്ടത്തിലാണ് പെണ്‍കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.

കെവിനെ തെന്മലയില്‍ നിന്നെത്തിയ ബന്ധുക്കള്‍ ബലമായി തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് കെവിന്റെ അച്ഛന്‍, സി.പി.ഐ(എം) ഏറ്റുമാനൂര്‍ ഏര്യാ സെക്രട്ടറി കെ.എന്‍.വേണുഗോപാലിനൊപ്പം പോയാണ് പോലീസില്‍ പരാതി നല്‍കിയത്. അപ്പോഴും പോലീസ് സ്റ്റേഷനില്‍ ഇടപെടുന്നതിനും തുടര്‍ന്ന് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയശേഷം കെവിന്റെ തന്നെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനും ബൈജിയും മറ്റ് ഡിവൈഎഫ്‌ഐ നേതാക്കളും തന്നെയാണ് സഹായവും നേതൃത്വവും നല്‍കിയത്. അക്രമിസംഘം വഴിയില്‍ ഉപേക്ഷിച്ച കെവിന്റെ ബന്ധു അനീഷിനെ സ്റ്റേഷനിലെത്തിച്ച്‌ മൊഴിനല്‍കിയതും സി.പി.ഐ(എം), ഡി.വൈ.എഫ്.ഐ നേതാക്കളുടെ സാന്നിധ്യത്തിലാണ്.

എസ്.ഐയുടെ ഭാഗത്തുനിന്ന് ആദ്യം മുതല്‍ തന്നെ അലംഭാവം നിറഞ്ഞ സമീപനം ഉണ്ടായിരുന്നതായി പ്രശ്‌നത്തില്‍ ഇടപെട്ട കോട്ടയത്തെ ഡിവൈഎഫ്‌ഐ നേതാക്കളും അഭിപ്രായപ്പെട്ടു.

കോട്ടയത്തെ ഡി.വൈ.എഫ്.ഐയുടെ ഇടപെടലും ഇരകള്‍ക്ക് നല്‍കിയ സഹായവും ബോധപൂര്‍വ്വം തമസ്‌കരിക്കുകയും ബന്ധുവെന്ന നിലയില്‍ കൃത്യത്തില്‍ പങ്കെടുത്ത ഒരാളുടെ ഡി.വൈ.എഫ്.ഐ ബന്ധത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നത് മാധ്യമ ധര്‍മ്മത്തിന് ചേര്‍ന്നതല്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ എക്കാലവും യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ് ഡി.വൈ.എഫ്.ഐ. മതരഹിതവും ജാതിരഹിതവുമായ വിവാഹത്തിലൂടെ ഏറെ മാതൃകയായിട്ടുള്ളതും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിയമപരമായ സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്നത് ഡി.വൈ.എഫ്.ഐയുടെ കടമയാണ്്. അതുകൊണ്ടുകൂടിയാണ് കോട്ടയത്ത് കെവിനും വധുവിനും ആവശ്യമായ എല്ലാ സഹായവും ഡി.വൈ.എഫ്.ഐ ചെയ്തുനല്‍കിയതും. എന്നിട്ടും ഡി.വൈ.എഫ്.ഐയെ ഇകഴ്ത്താന്‍ ശ്രമിക്കുന്നവര്‍ ഡി.വൈ.എഫ്.ഐയുടെ ചോര കൊതിക്കുന്നവര്‍ മാത്രമാണ്. ദുഷ്ടലാക്കോടെയുള്ള ഇത്തരം പ്രചരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top