” മുരളി തുമ്മാരുകുടി ബോട്ട് അപകടം ” നേരത്തെ പ്രവചിച്ചു; പതിവ് പോലെ അപകടം ഉണ്ടായിക്കഴിഞ്ഞാല്‍ ടി.വി. ചര്‍ച്ചക്ക് വിളിക്കരുത്, പ്ലീസ്…)
മലപ്പുറം താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് വീണ്ടും ചര്‍ച്ചയാവുകയാണ്.
ഏറെ പ്രസക്തമായ ചോദ്യങ്ങളാണ് തെന്‍റ കുറിപ്പിലൂടെ പൊതുസമൂഹത്തിന് മുന്‍പില്‍ വെക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
എന്നാണ് കേരളത്തില്‍ വലിയ ഒരു ഹൌസ് ബോട്ട് അപകടം ഉണ്ടാകാന്‍ പോകുന്നത്?, പ്രളയം ആയാലും മുങ്ങിമരണം ആണെങ്കിലും മുന്‍കൂര്‍ പ്രവചിക്കുക എന്നതാണല്ലോ എന്‍റെ രീതി. അപ്പോള്‍ ഒരു പ്രവചനം നടത്താം. കേരളത്തില്‍ പത്തിലേറെ പേര്‍ ഒരു ഹൌസ് ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രവചനം നടത്തുന്നത്?
ഞാന്‍ ഒരു കാര്യം മുന്‍കൂട്ടി പറയുന്പോള്‍ അതൊരു ജ്യോതിഷ പ്രവചനമോ ഊഹമോ അല്ല. ആ രംഗത്തെ അപകട സാധ്യത അവലോകനം ചെയ്യുന്നു, മുന്‍കരുതലുകള്‍ ശ്രദ്ധിക്കുന്നു, ചെറിയ അപകടങ്ങളുടെ ട്രെന്‍ഡ് നിരീക്ഷിക്കുന്നു. സ്ഥിരമായി മദ്യപിച്ച് ബൈക്ക് ഓടിക്കുന്ന പയ്യന്‍ റോഡപകടത്തില്‍ പെടും എന്ന് പ്രവചിക്കാന്‍ ജ്യോത്സ്യം വേണ്ട.
ഒരുദാഹരണം പറയാം. മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തില്‍ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാല്‍ ഇതുവരെ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.
ഇപ്പോള്‍, “ചില ഡോക്ടര്‍മാര്‍ അടി ചോദിച്ചു വാങ്ങുകയാണ്” എന്നൊക്കെ പറയുന്നവര്‍ അന്ന് മൊത്തമായി കളം മാറും. സമൂഹത്തില്‍ വലിയ എതിര്‍പ്പ് ഉണ്ടാകും, മാധ്യമങ്ങള്‍ ചര്‍ച്ച നടത്തും, മന്ത്രിമാര്‍ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങള്‍ ഉണ്ടാകും. ആരോഗ്യപ്രവര്‍ത്തകരുടെ നേരെയുള്ള അക്രമങ്ങള്‍ കുറച്ചു നാളത്തേക്കെങ്കിലും കുറയും. അപ്പോഴേക്കും ഒരാളുടെ ജീവന്‍ പോയിരിക്കും എന്ന് മാത്രം.
ഒന്നില്‍ കൂടുതല്‍ ആളുകളുടെ ജീവന്‍ പോകാന്‍ പോകുന്ന ഒരപകട സാധ്യതയെപ്പറ്റി ഇന്ന് പറയാം. അത് നമ്മുടെ ഹൌസ് ബോട്ട് ടൂറിസം രംഗത്തെ പറ്റിയാണ്. ഇന്നിപ്പോള്‍ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസം പ്രോഡക്‌ട് ആണ് ഹൌസ് ബോട്ട്. കോഴിക്കോട് മുതല്‍ കൊല്ലം വരെയുള്ള നദികളിലും കായലുകളിലും ഇപ്പോള്‍ ഹൌസ് ബോട്ടുകള്‍ ഉണ്ട്.
കേരളത്തില്‍ എത്ര ഹൗസ്‌ബോട്ടുകള്‍ ഉണ്ട്? ആ…?? ആര്‍ക്കും ഒരു കണക്കുമില്ല. ഒരു ടാക്സി വിളിക്കാന്‍ പോലും ഉബറും ഓലയും ഉള്ള നാട്ടില്‍ കേരളത്തിലെ ഹൗസ്‌ബോട്ട് സംവിധാനങ്ങളെ കൂട്ടിയിണക്കി എന്തുകൊണ്ടാണ് ഒരു ബുക്കിങ്ങ് സംവിധാനം ഇല്ലാത്തത് ?
പണ്ടൊക്കെ മദ്രാസില്‍ ട്രെയിന്‍ ഇറങ്ങുന്പോള്‍ ലോഡ്ജുകളുടെ ഏജന്റുമാര്‍ പ്ലാറ്റ്‌ഫോം തൊട്ട് ഉണ്ടാകും. ഇപ്പോള്‍ മൊബൈല്‍ ആപ്പുകള്‍ വന്നപ്പോള്‍ അവരെയൊന്നും എങ്ങും കാണാനില്ല. എന്നാല്‍ ആലപ്പുഴയില്‍ ഹൗസ്ബോട്ട് ജെട്ടിയിലേക്ക് ഉള്ള വഴിയില്‍ മൊത്തം ഇത്തരം ഏജന്റുമാരാണ്. ബോട്ടുകളുടെ ലഭ്യതയെപ്പറ്റി, റേറ്റിനെ പറ്റി, റേറ്റിങ്ങിനെ പറ്റി ഒക്കെ റിയല്‍ ടൈം ഇന്‍ഫോര്‍മേഷന്‍ നല്‍കാനുള്ള ഒരു ആപ്ലിക്കേഷന്‍ എന്തുകൊണ്ടാണ് ഒരു സ്റുഡന്റ്റ് പ്രോജക്‌ട് ആയി പോലും ഉണ്ടാകാത്തത്?
പക്ഷെ എന്‍റെ വിഷയം അതല്ല. പലപ്രാവശ്യം ഹൗസ്‌ബോട്ടില്‍ പോയിട്ടുണ്ട്, മനോഹരമാണ്. പക്ഷെ ഒരിക്കല്‍ പോലും ഹൗസ്‌ബോട്ടില്‍ ചെല്ലുന്പോള്‍ ഒരു സേഫ്റ്റി ബ്രീഫിങ്ങ് ലഭിച്ചിട്ടില്ല. ഈ ഹൗസ്ബോട്ടിലെ ഡ്രൈവര്‍മാര്‍ക്ക് ആരെങ്കിലും സുരക്ഷാ പരിശീലനം നല്‍കിയിട്ടുണ്ടോ? ഒരു വിമാനത്തില്‍ കയറുന്പോള്‍ അല്ലെങ്കില്‍ ക്രൂസ് ഷിപ്പില്‍ കയറുന്പോള്‍ ലഭിക്കുന്ന സേഫ്റ്റി ബ്രീഫിങ്ങ് പോലെ ഒന്ന് എന്ത് കൊണ്ടാണ് നമുക്ക് ഹൗസ്‌ബോട്ടില്‍ ഇല്ലാത്തത്?
നൂറിലധികം ആളുകളുമായി ഒഴുകുന്ന പാര്‍ട്ടി ബോട്ടുകള്‍ ആലപ്പുഴയില്‍ കണ്ടു, ഒരപകടം ഉണ്ടായാല്‍ എത്ര പേര്‍ ബാക്കി ഉണ്ടാകും? കേരളത്തിലെ കഥകളി രൂപങ്ങള്‍ ഉപയോഗിച്ച് ഒരു എയര്‍ ലൈന്‍ സേഫ്റ്റി വീഡിയോ വീഡിയോ കണ്ടിട്ടുണ്ട്. അത്തരത്തില്‍ ക്രിയേറ്റിവ് ആയ ഒരു ടൂറിസം ബോട്ട് സേഫ്റ്റി വീഡിയോ എല്ലാ ബോട്ടുകളിലും നിര്‍ബന്ധമാക്കേണ്ടേ? ഹൌസ് ബോട്ടിലെ ഭക്ഷണം ആണ് അതിന്‍റെ പ്രധാന ആകര്‍ഷണം. ബോട്ടില്‍ തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ഹൌസ് ബോട്ട് മൊത്തം എളുപ്പത്തില്‍ കത്തി തീരാവുന്ന വസ്തുക്കള്‍ ആണ്. ഒരപകടം ഉണ്ടാകാന്‍ വളരെ ചെറിയ അശ്രദ്ധ മതി. അപകടങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. ടൂറിസം ബോട്ടുകളിലെ അപകടങ്ങളില്‍ (ഹൌസ് ബോട്ട്, പാര്‍ട്ടി ബോട്ട്, ശിക്കാര എല്ലാം കൂട്ടിയാണ് പറയുന്നത്) ആളുകള്‍ മരിക്കുന്നുണ്ട്.
ഹൗസ്‌ബോട്ടില്‍ അഗ്നിബാധകള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം ബോട്ടുകള്‍ കായലിന്റെ നടുക്ക് മുങ്ങാന്‍ പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഒറ്റക്കൊറ്റക്കായി ആളുകള്‍ മരിക്കുന്നുമുണ്ട്. ഇത്തരം ചെറിയ ചെറിയ അപകടങ്ങളും അപകട സാഹചര്യങ്ങളും ശ്രദ്ധിച്ചാണ് വലുതെന്തോ വരാനുണ്ടെന്ന് ഞങ്ങള്‍ പ്രവചിക്കുന്നത്. പത്തു പേര്‍ മരിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊന്നും വര്‍ത്തയാകുന്നില്ല, ചര്‍ച്ചയാകുന്നില്ല, അധികാരികളുടെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നുമില്ല. എന്നാല്‍ അതുണ്ടാകും. ലൈസന്‍സ് ഇല്ലാത്ത ബോട്ടുകള്‍ അനവധി ഉണ്ടായിരുന്നു എന്ന് കണ്ടെത്തും.
പരിശീലനം ഇല്ലാത്ത ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നു എന്ന് വാര്‍ത്ത വരും. ടൈറ്റാനിക്കിലെ പോലെ ആവശ്യത്തിന് വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ ഇല്ലായിരുന്നു എന്ന് കണ്ടെത്തും. മാധ്യമങ്ങളില്‍ “ഡ്രൈവര്‍ മദ്യപിച്ചിരുന്നത്രേ” വരും. ഹൌസ് ബോട്ട് സുരക്ഷാ വിദഗ്ദ്ധരുടെ വലിയ സംഘം ചാനലുകളില്‍ പറന്നിറങ്ങും. ബോട്ട് സുരക്ഷയെപ്പറ്റി “ആസ്ഥാന ദുരന്തന്‍ ഒന്നും പറഞ്ഞില്ല” എന്നുള്ള കുറ്റപ്പെടുത്തല്‍ ഉണ്ടാകും. കളക്ടറോ മന്ത്രിയോ ഹൌസ് ബോട്ടുകള്‍ ഉടന്‍ “നിരോധിക്കും.” കുറച്ചു നാളേക്ക് നാട്ടുകാരും മറുനാട്ടുകാരും ഇത്തരം ബോട്ടുകളില്‍ കയറാതാകും. അവസരം നോക്കി ശ്രീലങ്കയോ ഐവറി കോസ്റ്റോ ഹൌസ് ബോട്ട് ടൂറിസത്തില്‍ മേല്‍ക്കൈ നേടും.
അതൊക്കെ വേണോ? ഇപ്പോള്‍ ടൂറിസം ബോട്ട് ഉടമകളും സര്‍ക്കാര്‍ സംവിധാനവും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ രംഗത്ത് കൂടുതല്‍ പ്രൊഫഷണലിസം കൊണ്ടുവരാന്‍ സാധിക്കില്ലേ?
മുരളി തുമ്മാരുകുടി
(കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കുറ്റപ്പെടുത്തി എഴുതിയ ലേഖനത്തിന് രണ്ടുലക്ഷത്തിന് മുകളില്‍ റീച്ച് കിട്ടിയപ്പോള്‍ ജലസുരക്ഷയെപ്പറ്റിയുള്ള പോസ്റ്റിന് ഇരുപതിനായിരം എത്തിയില്ല. ഒരപകടം കഴിഞ്ഞായിരുന്നെങ്കില്‍ പോസ്റ്റ് പറന്നേനേ. അതുപോലെ താന്നെ ഈ പോസ്റ്റിന് എന്തെങ്കിലും റീച്ച് കിട്ടുമോ എന്നറിയില്ല, എന്നാലും പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞേക്കാം. പതിവ് പോലെ അപകടം ഉണ്ടായിക്കഴിഞ്ഞാല്‍ ടി.വി. ചര്‍ച്ചക്ക് വിളിക്കരുത്, പ്ലീസ്…)
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്