കര്‍ണ്ണാടകയില്‍ മന്ത്രിസ്ഥാനം ജനതാദളില്‍ നിന്നും കൈപ്പത്തി ടിക്കറ്റില്‍ മല്‍സരിച്ചവര്‍ക്ക് ; 7 തവണ എംഎല്‍എ ആയവരെ ഒഴിവാക്കിയെന്ന്
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറില്‍ മന്ത്രിസഭ വികസനത്തില്‍ നേതാക്കളില്‍ അതൃപ്തി. പല പ്രമുഖ നേതാക്കളും മന്ത്രി പട്ടികയില്‍നിന്ന് പുറത്താണ്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുകൂലികള്‍ക്ക് മന്ത്രി പട്ടികയില്‍ പ്രാധാന്യം ലഭിച്ചെന്ന പരാതിയാണ് പൊതുവെ ഉയര്‍ന്നത്.
നിയമനിര്‍മാണ കൗണ്‍സില്‍ പ്രതിപക്ഷ നേതാവും മുൻ എം.പിയുമായ ബി.കെ. ഹരിപ്രസാദ് (68) , ഒമ്ബതു തവണ എം.എല്‍.എയായ ആര്‍.വി. ദേശ്പാണ്ഡെ (76), ടി.ബി. ജയചന്ദ്ര (63), എം. കൃഷ്ണപ്പ (70) എന്നിവരടക്കമുള്ളവരെ പുറത്തുനിര്‍ത്തി കഴിഞ്ഞ 2016ല്‍ ജെ.ഡി-എസില്‍നിന്ന് സിദ്ധരാമയ്യ കൊണ്ടുവന്ന നേതാക്കളായ സമീര്‍ അഹമ്മദ് ഖാൻ, ചലുവരായ സ്വാമി, 2021 ജൂലൈയില്‍ ജെ.ഡി-എസ് വിട്ട് കോണ്‍ഗ്രസിലെത്തിയ മധു ബംഗാരപ്പ തുടങ്ങിയവരെ പരിഗണിച്ചതിനെതിരെ വിമര്‍ശനമുയര്‍ന്നു. സിദ്ധരാമയ്യക്കെതിരെ പരസ്യ പ്രതികരണവുമായി ബി.കെ. ഹരിപ്രസാദ് രംഗത്തുവന്നു.
തന്റെ മന്ത്രി സ്ഥാനം കളഞ്ഞതിന് പിന്നില്‍ സിദ്ധരാമയ്യയാണെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യൻ ഡി.കെ. ശിവകുമാറാണെന്നും അഭിപ്രായപ്പെട്ടു. നാലു പതിറ്റാണ്ടായുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ ഒരിക്കല്‍പോലും മന്ത്രിയായിട്ടില്ലാത്ത ഹരിപ്രസാദിനായി ഹൈകമാൻഡുമായി ഡി.കെ. ശിവകുമാര്‍ വാദിച്ചെങ്കിലും സിദ്ധരാമയ്യ എതിര്‍ത്തതായാണ് വിവരം. മുതിര്‍ന്ന നേതാവ് സി. പുട്ടരംഗ ഷെട്ടി ഡെപ്യൂട്ടി സ്പീക്കര്‍ പദവി നിരസിച്ചു. പുട്ടരാമഷെട്ടിയെ മന്ത്രിയാക്കാത്തതില്‍ ഉപ്പാര സമുദായക്കാര്‍ ചാമരാജ് നഗറില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തൻവീര്‍ സേട്ട്, അജയ് സിങ്, ബസവരാജ് രായറെഡ്ഡി തുടങ്ങിയവരും അതൃപ്തിയിലാണ്.
ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ മുതിര്‍ന്ന ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷെട്ടര്‍, ലക്ഷ്മണ്‍ സവാദി എന്നിവരെയും ജെ.ഡി-എസ് വിട്ടെത്തിയ മുതിര്‍ന്ന വൊക്കലിഗ നേതാവ് കെ.എം. ശിവലിംഗ ഗൗഡയെയും ഉള്‍പ്പെടുത്തിയില്ല. ലക്ഷ്മണ്‍ സവാദിയുടെ അനുയായികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. എസ്.സി വിഭാഗമായ ബൻജാര പ്രതിനിധി രുദ്രപ്പ ലാമണിയെ മന്ത്രിയാക്കാത്തതിനെതിരെ ബൻജാര സമുദായം പ്രതിഷേധത്തിലാണ്.
വിജയാനന്ദ് കാശപ്പനാവറിന് മന്ത്രി പദവി നല്‍കാത്തതിനെതിരെ ലിംഗായത്തുകളിെല പഞ്ചമശാലി വിഭാഗം രംഗത്തുവന്നിട്ടുണ്ട്. ബാഗല്‍കോട്ടില്‍ ഇവര്‍ ധര്‍ണ നടത്തി. ഒരുവശത്ത് മന്ത്രിപദവി സംബന്ധിച്ച തര്‍ക്കവും മറുവശത്ത് മന്ത്രിമാരുടെ വകുപ്പു സംബന്ധിച്ച തര്‍ക്കവും തുടര്‍ന്നതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരുന്നു. ഹൈകമാൻഡ് അംഗീകരിച്ച വകുപ്പു പട്ടികയില്‍ ഗതാഗത വകുപ്പ് തനിക്ക് വേണ്ടെന്ന നിലപാടിലായിരുന്നു മന്ത്രി രാമലിംഗ റെഡ്ഡി.
ഞായറാഴ്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സഹോദരനും എം.പിയുമായ ഡി.കെ. സുരേഷും രാമലിംഗറെഡ്ഡിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി തര്‍ക്കം പരിഹരിച്ചു. മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്