അമിത് ഷായുടെ പുതിയ സമുദായ തന്ത്രം – കര്‍ണാടകത്തില്‍ ലിംഗായത്തുകാരനും ദളിതനും വൊക്കലിംഗ സമുദായക്കാരനും 3 ഉപ മുഖ്യമന്ത്രിമാര്‍
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ‘സര്‍വാധികാരത്തിന്” കടിഞ്ഞാണിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന ചരിത്രത്തിലാദ്യമായി മൂന്ന് ഉപ മുഖ്യമന്ത്രിമാരെ നിയമിച്ചു. യെദിയൂരപ്പയുടെ അസംതൃപ്തി കണക്കിലെടുക്കാതെയാണിത്.
നിലവില്‍ എം.എല്‍.എ അല്ലാത്ത ലിംഗായത്ത് നേതാവ് ലക്ഷ്‌മണ്‍ സവാദി, മുതിര്‍ന്ന ദളിത് നേതാവ് ഗോവിന്ദ് കെ. കര്‍ജോള്‍, യുവ വൊക്കാലിഗ നേതാവ് സി.എന്‍. അശ്വത്ഥ് നാരായണ്‍ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. ആദ്യമായി മന്ത്രിയാകുന്ന അശ്വത്ഥ് നാരായണിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചത് ലോട്ടറിയായി. ലക്ഷ്‌മണ്‍ സവാദി നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ടതിന് മന്ത്രിസ്ഥാനം രാജിവച്ചയാളാണ്.
സീനിയോറിട്ടി, ജനസമ്മതി തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കെല്ലാം അതീതമായാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത്ഷാ ഉപമുഖ്യമന്ത്രിമാരെ നിശ്‌ചയിച്ചത്.
മൂവരും യെദിയൂരപ്പ പക്ഷക്കാരല്ല. യെദിയൂരപ്പയ്‌ക്ക് ശേഷം പാര്‍ട്ടിയില്‍ രണ്ടാം നിര നേതൃത്വത്തെ ഉയര്‍ത്താനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ശ്രമവും പ്രകടമാണ്. ആഭ്യന്തരം യെദിയൂരപ്പയ്‌ക്ക് നല്‍കാതെ വകുപ്പ് വിഭജനം നടത്തിയതും ശ്രദ്ധേയമായി. ബസവരാജ് ബൊമ്മെയാണ് ആഭ്യന്തര മന്ത്രി.
ഗോവിന്ദ കര്‍ജോളിന് പൊതുമരാമത്ത്, സാമൂഹ്യക്ഷേമം, ഡോ. അശ്വത്ഥ് നാരായണന് ഉന്നത വിദ്യാഭ്യാസം, ഐ.ടി, ലക്ഷ്മണ്‍ സവാദിക്ക് ഗതാഗതം എന്നിവയാണ് നല്‍കിയത്. നേരത്തേ ചുമതലയേറ്റ 17 മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ജദഗീഷ് ഷെട്ടര്‍ക്ക് വ്യവസായവും ഖനിരാജാവ് ജനാര്‍ദ്ദന്‍ റെഢ്ഢിയുടെ അടുപ്പക്കാരനായ ബി. ശ്രീരാമുലുവിന് ആരോഗ്യവും നല്‍കി.
എം.എല്‍.എ പോലുമല്ലാത്ത ലക്ഷ്‌മണിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കര്‍ജോളിന്റെ നിയമനം അംഗീകരിച്ചെങ്കിലും മറ്റ് രണ്ട് പേരുടെ നിയമനമാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്.
പ്രബലരായ മൂന്ന് സമുദായങ്ങളെയും തൃപ്തിപ്പെടുത്തുകയാണ് കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. കലാപം ഒഴിവാക്കാന്‍ മന്ത്രിപദമോഹികള്‍ക്ക് ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കാമെന്നാണ് യെദിയൂരപ്പയുടെ വാഗ്ദാനം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്