×

കാനം രാജേന്ദ്രന്റെ മൃതദേഹം മൂന്ന് മണിക്കൂര്‍ വൈകി തിരുവനന്തപുരത്ത്

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്.

അന്ത്യയാത്രയ്ക്കായി കാനം തിരുവനന്തപുരത്ത്; പ്രിയനേതാവിനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍; വിങ്ങിപ്പൊട്ടി നേതാക്കള്‍

 

അവിടെ നിന്ന് മൃതദേഹം വിലാപയാത്രയായി പട്ടം പിഎസ് സ്മാരകത്തിലേക്ക് കൊണ്ടുപോയി. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വിമാനത്താവളത്തില്‍ എത്തിയത്.

മന്ത്രി ജിആര്‍ അനില്‍, പി പ്രസാദ് എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പട്ടം പിഎസ് സ്മാരകത്തില്‍ എത്തിയിട്ടുണ്ട്. നേരത്തെ ഏഴുമണിക്ക് കാനത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിക്കാനാവുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.

 

നാളെ രാവിലെ 11 മണിയോടെ കോട്ടയം വാഴൂരിലാണ് സംസ്‌കാരം.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു 73 വയസുകാരനായ കാനം രാജേന്ദ്രൻ്റെ അന്ത്യം. കൊച്ചിയിലെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന് കാൽപാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കോട്ടയം വാഴൂർ സ്വദേശിയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി ചുമതലയിൽ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കെയാണ് അന്ത്യം. 2015 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.

വിദ്യാർത്ഥി പ്രസ്ഥാനമായ എഐവൈഎഫിൽ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ തുടക്കം. തന്റെ പത്തൊൻപതാം വയസിൽ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എഐടിയുസിയിൽ സജീവമായി പ്രവർത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവർത്തന മികവിലൂടെ ജനശ്രദ്ധയാകർഷിക്കുകയും ചെയ്തു. 21-ാം വയസിലാണ് കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന കൗൺസിലിൽ എത്തുന്നത്. സി കെ ചന്ദ്രപ്പന്റെ ഒഴിവിലാണ് കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഇടതുപക്ഷമുന്നണിയ്ക്കുള്ളിലെ പ്രധാന തിരുത്തൽ ശക്തിയായി കാനം പ്രവർത്തിച്ചുവരികയായിരുന്നു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top