കല്ലട ബസിലെ മര്‍ദ്ദനത്തില്‍ പൊലീസ് വീഴ്ച; മറുപടിയില്‍ തൃപ്തിയില്ല – മരട് എസ് ഐയെയും കൂട്ടരെയും ഇടുക്കിയിലേക്ക് സ്ഥലം മാറ്റി
കൊച്ചി: കല്ലട ബസിലെ അതിക്രമത്തില്‍ നടപടിയെടുക്കുന്നതില്‍ ആദ്യഘട്ടത്തില്‍ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. എസ്.ഐ അടക്കം നാലുപേരെ കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്ക് മാറ്റി. മരട് എസ്.ഐ ബൈജു മാത്യു, സി.പി.ഒ മാരായ സുനില്‍ എം.എസ്, സുനില്‍കുമാര്‍, പൊലീസ് ഡ്രൈവര്‍ ബിനേഷ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. പൊലീസ് ആദ്യം സഹകരിച്ചില്ലെന്ന യാത്രക്കാരനായ അജയഘോഷിന്റെ പരാതിയിലാണ് നടപടി. കേസ് രജിസ്റ്റര്‍ ചെയ്യാനോ പ്രതികളെ കണ്ടെത്താനോ ശ്രമിച്ചില്ലെന്നായിരുന്നു പരാതി. ഈ വീഴ്ച പുറത്തായതോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നത്.
എന്നാല്‍ തിരെഞ്ഞെടുപ്പ് കലാശക്കൊട്ടിന്റെ തിരക്കിലായതിനാലും പരിക്കേറ്റ യുവാക്കള്‍ പൊലീസിനെ അറിയിക്കാതെ കൊച്ചി വിട്ടതിനാലുമാണ് കേസ് എടുക്കാന്‍ വൈകിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്, പാലക്കാട് സ്വദേശികളെ ക്രൂരമായി മര്‍ദ്ദിച്ചത് ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് തന്റെ ഫോണില്‍ ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും പിന്നീട് ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തായത്.
വൈറ്റിലയില്‍ വച്ച് മര്‍ദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവര്‍ ഇറക്കിവിട്ടു. മര്‍ദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുരേഷ് കല്ലട ഉടമയെയും ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ നടപടിയിലേക്ക് കടക്കുന്നതിനിടെയാണ് സ്ഥലംമാറ്റം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്