×

അഞ്ചു കൊല്ലം കൊണ്ട് പിണറായിക്ക് രാജി കൊടുത്തത് അഞ്ച് മന്ത്രിമാര്‍

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തി രണ്ടരവര്‍ഷക്കാലത്തിനിടയില്‍ വിവിധ കാരണങ്ങള്‍കൊണ്ട് നാല് മന്ത്രിമാര്‍ക്കാണ് രാജിവെക്കേണ്ടിവന്നത്. രാജിവെച്ച രണ്ട് മന്ത്രിമാര്‍ തിരിച്ചുവന്നെങ്കിലും കായല്‍കയ്യേറ്റത്തിന്റെ പേരില്‍ തോമസ് ചാണ്ടിക്ക് എന്നെന്നേക്കും മന്ത്രിസ്ഥാനം നഷ്ടമായി. മാത്യു ടി തോമസ് രാജിവെക്കുന്നത് പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നങ്ങളുടെ പേരിലായിരുന്നു. ഇപ്പോള്‍ കെടി ജലീലും. അങ്ങനെ അഞ്ചു കൊല്ലം കൊണ്ട് അഞ്ച് മന്ത്രിമാര്‍ രാജിവച്ചു. അതില്‍ രണ്ട് പേര്‍ക്ക് പുനര്‍നിയമനം കിട്ടിയെന്നതും വസ്തുത.

ഇ.പി ജയരാജന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത് ബന്ധുനിയമനത്തിന്റെ പേരിലായിരുന്നു. ‘ചിറ്റപ്പന്‍ മന്ത്രി’ എന്ന ഇരട്ടപ്പേരും ജയരാജന് കേരളം ചാര്‍ത്തിനല്‍കി. പിന്നീട് വിജിലന്‍സ് അന്വേഷണത്തില്‍ വളഞ്ഞ വഴിയില്‍ ക്ലീന്‍ ചിറ്റ് വാങ്ങി മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും പിണറായി സര്‍ക്കാരിന് ബന്ധുനിയമനവിവാദവും ജയരാജന്റെ രാജിയും വിവാദക്കൊടുങ്കാറ്റ് തന്നെയായിരുന്നു സൃഷ്ടിച്ചത്. ജയരാജനെ നിരീക്ഷിക്കാന്‍ പാര്‍ട്ടി പ്രതിനിധിയെ പോലും പിണറായി നല്‍കി.

പിന്നീട് എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രനായിരുന്നു പേരുദോഷമുണ്ടാക്കിയ രണ്ടാമത്തെ മന്ത്രി. ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട ‘പൂച്ചക്കുട്ടി മന്ത്രി’ ശശീന്ദ്രനും ഒടുവില്‍ രാജിയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. എ.കെ ശശീന്ദ്രന്റെ രാജിക്ക് ശേഷം പാര്‍ട്ടിയിലെ രണ്ടാമത്തെ എംഎ‍ല്‍എയായ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും അതിനും കൂടുതല്‍ ദിവസത്തെ ആയുസുണ്ടായിരുന്നില്ല. കായല്‍ക്കയ്യേറ്റവും സ്വന്തം റിസോര്‍ട്ട് നിര്‍മ്മാണത്തിനുവേണ്ടി നടത്തിയ കയ്യേറ്റങ്ങളും കേരളരാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ തോമസ് ചാണ്ടിക്കും രാജിവെച്ച്‌ പുറത്തുപോകേണ്ടിവന്നു. പിന്നീട് തോമസ് ചാണ്ടി അന്തരിക്കുകയും ചെയ്തു.

തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ നേരത്തെ രാജി വെച്ച എ.കെ ശശീന്ദ്രന്‍ ഫോണ്‍കെണി കേസില്‍ അനുരഞ്ജനത്തിന്റെ പാത തീര്‍ത്താണ് രണ്ടാമതും പിണറായി മന്ത്രിസഭയില്‍ മന്ത്രിയായത്. മാത്യു ടി തോമസ് മന്ത്രിസ്ഥാനം രാജിവച്ചത് ജനതാദള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പേരിലായിരുന്നു. പകരം കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി. ഒടുവില്‍ ഇളാപ്പ മന്ത്രിയും രാജിവച്ചു. അതും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം. ‘എളാപ്പ മന്ത്രി’ കെ.ടി ജലീലിന്റെ അവസ്ഥ രാജിയിലേക്കെത്തുന്നത് ലോകായുക്താ വിധിയെ തുടര്‍ന്നാണ്. ഇളാപ്പ എന്ന് ജലീലിനെ വിളിക്കുന്ന ആള്‍ക്ക് നല്‍കിയ നിയമനമാണ് ലോകായുക്താ വിധിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

ബന്ധുനിയമന വിവാദത്തില്‍ ഓരോദിവസവും മന്ത്രി ജലീലിനെതിരെ പുതിയ ആരോപണങ്ങളാണ് പുറത്തുവന്നത്. ഇതിനെ എല്ലാം പ്രതിരോധിച്ച്‌ അഞ്ചാം കൊല്ലത്തിലേക്ക് കാര്യങ്ങളെത്തി. അടുത്ത സര്‍ക്കാരിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിന് ശേഷം ലോകായുക്താ വിധി വന്നു. അതു മാത്രമാണ് പിണറായിക്ക് ആശ്വാസം. അല്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ബോംബായി ഇത് മാറുമായിരുന്നു. വോട്ടെടുപ്പിന് പിന്നാലെ വിധി എത്തിയതു കൊണ്ട് മാത്രം ബാലറ്റില്‍ ജലീലിന്റെ രാജി പ്രതിഫലിക്കാതെ പോയി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top