×

കെ സുരേന്ദ്രന്‍ രണ്ടാമനോ അതോ ഒന്നാമനോ… ? 2014 = യുഡിഎഫ് 3,58,842 – ഇടത് 3,02,651 – എം.ടി. രമേശ് ബിജെപി 1,38,954

ലോ ക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ശ്രദ്ധാകേന്ദ്രമാകുന്ന മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് തെക്കന്‍ കേരളത്തിലെ പത്തനംതിട്ട. ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലം. ശക്തി തെളിയിക്കാന്‍ ബിജെപി കച്ചമുറുക്കി ഇറങ്ങുന്ന ‘ എ ഗ്രേഡ് മണ്ഡലം. യുഡിഎഫിനൊപ്പം നടന്ന് ശീലിച്ച പത്തനംതിട്ടക്കാര്‍ ഇത്തവണ എങ്ങനെ ചിന്തിക്കും എന്നത് ആകാംക്ഷ നിറഞ്ഞ ചോദ്യം.

2009ലാണ് പത്തനംതിട്ട മണ്ഡലം രൂപീകരിച്ചത്. ആദ്യം വിജയം യുഡിഎഫിന്റെ ആന്റോ ആന്റണിക്കൊപ്പം. 2014ഉം ആന്റോ തന്നെ മണ്ഡലം നിലനിര്‍ത്തി. 2009ല്‍ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ആന്റോയുടെ മേല്‍ക്കൈ 2014ല്‍ അരലക്ഷമായി. ഡിസിസി മുന്‍ പ്രസിഡന്റ് പീലിപ്പോസ് തോമസിനെ സ്വന്തം പാളയത്തിലെത്തിച്ചായിരുന്നു ഇടത് മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടത് സ്വതന്ത്രനായി മത്സരിച്ച പീലിപ്പോസ് 3,02,651 വോട്ട് പിടിച്ചപ്പോള്‍ ആന്റോ ആന്റണി നേടിയത് 3,58,842 വോട്ട്. ബിജെപി സ്ഥാനാര്‍ത്ഥി എംടി രമേശ് 1,38,954വോട്ട് പിടിച്ചതോടെയാണ് മണ്ഡലത്തിലേക്ക് ബിജെപി ശ്രദ്ധ തിരിച്ചു തുടങ്ങിയത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചു എന്നതും പത്തനംതിട്ടയിലെ കൗതുകമുള്ള തെരഞ്ഞെടുപ്പ് കാഴ്ചയായി.

ഇത്തവണ മൂന്നു മുന്നണികളും കനത്ത പോരാട്ടാത്തിനാണ് ഒരുങ്ങുന്നത്. ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജിനെ സിപിഎം രംഗത്തിറക്കുമ്ബോള്‍ ആന്റോ ആന്റണിയെ തന്നെ വീണ്ടും ഇറക്കുകയാണ് കോണ്‍ഗ്രസ്. നിരവധി ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ബിജെപി രംഗത്തിറക്കുന്നത് ശബരിമല സമരത്തില്‍ മുന്നണിയില്‍ നിന്ന കെ സുരേന്ദ്രനെ. കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ശബരിമല വിഷയത്തില്‍ ആര് സ്വീകരിച്ച നിലപാടിനൊപ്പമാണ് പത്തനംതിട്ടക്കാര്‍ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

വിശ്വാസത്തിനൊപ്പം നിന്നവരെന്നാണ് യുഡിഎഫും എന്‍ഡിഎയും ഉയര്‍ത്തുന്ന വാദം. പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിയമപോരാട്ടം കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുമ്ബോള്‍ തങ്ങളാണ് പരസ്യമായി വിശ്വാസികള്‍ക്കുവേണ്ടി പോരാടിയവരെന്നാണ് ബിജെപി വാദം. ശബരിമല അക്രമവും ഇരുമുന്നണികളുടെയും അടിക്കടിയുള്ള നിലപാട് മാറ്റവും പ്രചാരണായുധമാക്കാനാണ് എല്‍ഡിഎഫ് തീരുമാനം. പ്രളയകാലത്ത് മണ്ഡലത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടും. മലയോര മേഖലയായ മണ്ഡലത്തില്‍ എല്ലാ തെരഞ്ഞെടുപ്പിലും ചര്‍ച്ചയാകുന്ന റബ്ബറിന്റെ വില ഇടിവ് ഇത്തവണയും ചര്‍ച്ചയാകും. നായര്‍, ഈഴവ സമുദായങ്ങള്‍ക്കും ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ സഭകള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ സഭാതര്‍ക്കങ്ങളും വോട്ടില്‍ പ്രതിഫലിക്കും.

2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ എന്നിവയാണ് മണ്ഡലത്തിന് കീഴിലുള്ള നിയമസഭ മണ്ഡലങ്ങള്‍. ഇതില്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ കോട്ടയം ജില്ലയിലും ബാക്കിയുള്ളവ പത്തനംതിട്ട ജില്ലയിലുമാണ്. ഏഴ് മണ്ഡലങ്ങളും എല്‍ഡിഎഫിനെ കൈവിട്ടു. ആറന്‍മുളയാണ് ആന്റോ ആന്റണിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് (58826 വോട്ട്).

2016 നിയമസഭ തെരഞ്ഞെടുപ്പ്

2016ലലെ നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇടത് മുന്നണിക്കായിരുന്നു മേല്‍ക്കൈ. ഏഴില്‍ നാലിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പൂഞ്ഞാറില്‍ പിസി ജോര്‍ജ് ജയിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളിയിലും കോന്നിയിലുമായി യുഡിഎഫ് ഒതുങ്ങി.

ബിജെപിയുടെ ‘എ ഗ്രേഡ് മണ്ഡലം’

വലിയ പ്രതീക്ഷയാണ് ഇക്കുറി പത്തനംതിട്ടയില്‍ ബിജെപി വച്ചുപുലര്‍ത്തുന്നത്. വര്‍ധിച്ചുവരുന്ന വോട്ട് വിഹിതത്തിലാണ് പ്രതീക്ഷ. 2009ല്‍ ബിജെപി സ്ഥാനാര്‍ഥി ബി രാധാകൃഷ്ണമേനോന്‍ നേടിയത് 56,294 വോട്ടാണെങ്കില്‍ കഴിഞ്ഞ തവണ എംടി രമേശ് 1,28,954 വോട്ട് നേടി. വോട്ട് വിഹിതത്തില്‍ 9.23 ശതമാനം വര്‍ധനവുണ്ടായി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി വോട്ട് വിഹിതത്തില്‍ വീണ്ടും വര്‍ധനയുണ്ടായി.

2009ലെയും 2014ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളെ താരതമ്യപ്പെടുത്തിയാല്‍ ബിജെപി ഒഴികെ പ്രമുഖ പാര്‍ട്ടികള്‍ക്കെല്ലാം വോട്ടുകള്‍ ഷെയറില്‍ തകര്‍ച്ച നേരിട്ടതായി കാണാം. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 51.21 ശതമാനത്തില്‍നിന്ന് 42.07 ശതമാനത്തിലെത്തി. 9.14% കുറവ്. സിപിഎമ്മിന്റേത് 37.26 ശതമാനത്തില്‍നിന്ന് 35.48 ശതമാനമായി. ബിജെപിയുടേത് 7.06 ശതമാനത്തില്‍നിന്ന് 16.29 ശതമാനമായി ഉയര്‍ന്നു. ഇടതിനോട് ഇഞ്ഞുനില്‍ക്കുന്ന എന്‍എസ്‌എസ് ഒപ്പം നില്‍ക്കുമെന്നാണ് ബിജെപി ക്യാമ്ബിന്റെ പ്രതീക്ഷ.

ആകെ വോട്ടര്‍മാര്‍ 13,40,193
സ്ത്രീകള്‍ 6,98,718
പുരുഷന്മാര്‍ 6,41,473
ട്രാന്‍സ്‌ജെന്‍ഡര്‍ 2
പുതിയ വോട്ടര്‍മാര്‍7137

2014ലെ വോട്ടുനില
ആന്റോ ആന്റണി (യുഡിഎഫ്) 3,58,842
പീലിപ്പോസ് തോമസ് (ഇടത് സ്വതന്ത്രന്‍) 3,02,651
എം.ടി. രമേശ് (ബിജെപി) 1,38,954

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top