കെ സുരേന്ദ്രനായി ‘വിഎസ് മോഡല്‍’ പ്രകടനങ്ങള്‍ക്കു നീക്കം; ബിജെപി പട്ടിക ഇന്ന്
ഡല്‍ഹി/തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നു മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും. ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ഏറെ പ്രതീക്ഷ വയ്ക്കുന്ന പത്തനംതിട്ട സീറ്റിനായി പലരും കണ്ണുവച്ചിരിക്കുന്നതിനാല്‍ സംസ്ഥാന ബിജെപിയില്‍ അണിയറ നീക്കങ്ങളും സജീവം.
ശബരിമല സമരത്തില്‍ നായക സ്ഥാനത്തു നിന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വമാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷയോടെ നോക്കുന്നത്. സുരേന്ദ്രന്‍ താത്പര്യം പ്രകടിപ്പിച്ച തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ സീറ്റുകള്‍ മറ്റു പലരും കൈയടക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ സുരേന്ദ്രന്‍ മത്സര രംഗത്ത് ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ശക്തമായ പ്രതികരണത്തിന് ഒരുങ്ങുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍.
തിരുവനന്തപുരം സീറ്റില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനായിരിക്കും സ്ഥാനാര്‍ഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. തൃശൂര്‍ സീറ്റ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന നിബന്ധനയില്‍ ബിഡിജെഎസിനു നല്‍കി. പാര്‍ട്ടി ജയസാധ്യത കല്‍പ്പിക്കുന്ന പത്തനംതിട്ടയ്ക്കായാണ് സുരേന്ദ്രനെക്കൂടാതെ മൂന്നു പേരെങ്കിലും രംഗത്തുണ്ടെന്നാണ് സൂചനകള്‍. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള പത്തനംതിട്ടയ്ക്കായി ശക്തമായ നീക്കമാണ് നടത്തുന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും പത്തനംതിട്ടയിലാണ് താത്പര്യം. കഴിഞ്ഞ തവണ മത്സരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും ഈ സീറ്റില്‍ താതപര്യം പ്രകടിപ്പിച്ചു രംഗത്തുണ്ട്.
പത്തനംതിട്ട ശ്രീധരന്‍ പിള്ളയ്ക്കു നല്‍കി സുരേന്ദ്രനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കാനുള്ള നിര്‍ദേശം ചര്‍ച്ചകളില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സുരേന്ദ്രന്‍ ഇതിനോടു താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. നേരത്തെ ശോഭാ സുരേന്ദ്രനും പികെ കൃഷ്ണദാസും കൈയൊഴിഞ്ഞ മണ്ഡലമാണ് ആറ്റിങ്ങല്‍. പാലക്കാടാണ് ശോഭയ്ക്കു താത്പര്യം. എന്നാല്‍ ഇവിടെ നഗരസഭാ കൗണ്‍സിലര്‍ ആയ കൃഷ്ണകുമാറിന്റെ പേരാണ് ഒന്നാമതായി പരിഗണിക്കുന്നത്.
സുരേന്ദ്രന്‍ പട്ടികയില്‍ ഇല്ലാത്ത പക്ഷം സംസ്ഥാനമൊട്ടുക്കും പ്രതിഷേധ പ്രകടനം നടത്താന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ട്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന് സിപിഎം സീറ്റു നിഷേധിച്ചപ്പോള്‍ ഉണ്ടായ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങളാണ് ഇവര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനമെമ്ബാടും ഡല്‍ഹിയിലും പ്രകടനങ്ങള്‍ നടത്തി നേതൃത്വത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരികയാണ് ഉന്നം. വി മുരളീധരനോട് ആഭിമുഖം പുലര്‍ത്തുന്ന വിഭാഗവും ഗ്രൂപ്പു വ്യത്യാസമില്ലാതെ യുവമോര്‍ച്ചക്കാരുമാണ് ഈ നീക്കത്തിനു പിന്നിലുള്ളത്.
സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ സജീവമായി ഉയരുന്നുണ്ട്. പാര്‍ട്ടിയുടെയും ഭാരവാഹികളുടെയും ഔദ്യോഗിക പേജുകളില്‍ ഈ ആവശ്യം ഉന്നയിച്ച് വലിയ പ്രതിഷേധമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിവിട്ടിട്ടുള്ളത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്