×

മാണി വലത്തേക്ക് ചാഞ്ഞതിനാല്‍ ബാര്‍ കോഴ കേസ് ഇനിയും തലപ്പൊക്കും

കെ.എം. മാണി യുഡിഎഫ് പാളയത്തില്‍ തിരിച്ചെത്തിയതോടെ ഒരിക്കല്‍ അദ്ദേഹത്തെ വരിഞ്ഞ് മുറുക്കിയ ബാര്‍ക്കോഴയുടെ കുരുക്ക് വീണ്ടും മുറുകുമെന്ന് ഏതാണ്ട് ഉറപ്പായി .  കെ.എം. മാണി ഇടത്തേയ്‌ക്കോ വലത്തേയ്‌ക്കോ എന്ന് ആശയക്കുഴപ്പത്തില്‍ നിന്നപ്പോഴാണ് ബാര്‍ക്കോഴ കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന നിലപാട് വിജിലന്‍സ് കോടതിയില്‍ സ്വീകരിച്ചത്. മാണിയെ കുറ്റവിമുക്തനാക്കിയത് തടയണമെന്ന് ആവശ്യപ്പെട്ട് ഏഴു തടസ്സ ഹര്‍ജികളാണ് ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാല്‍ വിജിലന്‍സ് ഈ തടസ്സ ഹര്‍ജികളെ എതിര്‍ക്കാന്‍ സാധ്യതയില്ല. തന്നെയുമല്ല, ഒരു പുനരന്വേഷണം എന്നത് എളുപ്പത്തില്‍ നേടിയെടുക്കാവുന്ന ഒന്നാണ്.

അങ്ങനെയൊരു പുനരന്വേഷണം സാധ്യമായാല്‍ വിജിലന്‍സ് തള്ളിക്കളഞ്ഞ പല തെളിവുകളും പൊടിതട്ടി എടുത്ത് മാണിയെ കുടുക്കാം. ബിജു രമേശ്, നോബിള്‍ മാത്യു, വി.എസ്. സുനില്‍കുമാര്‍ എന്നിവരുടേത് ഉള്‍പ്പെടെ ഏഴ് തടസ്സഹര്‍ജികള്‍ ജൂലൈ ഏഴിനാണ് കോടതി പരിഗണിക്കുന്നത്. വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കള്‍ ഉടന്‍ തടസ്സഹര്‍ജി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ 60 ശതമാനം തെളിവുകള്‍ അവഗണിച്ചുകൊണ്ടാണ് മാണിക്ക് എതിരെ തെളിവില്ലെന്ന നിലപാട് വിജിലന്‍സ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന കെ.പി. സതീശന്‍ മുന്നോട്ടുവെയ്ക്കുന്ന വാദം. ബിജു രമേശിന്റെ 30 പേജോളമുള്ള മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ സമര്‍പ്പിച്ച മൊഴി, മാണി പണം വാങ്ങുന്നത് കണ്ടെന്നുള്ള 15 ഓളം സാക്ഷി മൊഴികള്‍, ഡിജിറ്റല്‍ തെളിവുകള്‍ ഇവയെല്ലാം മാണിയുടെ തലയ്ക്ക് മുകളില്‍ തന്നെ നില്‍ക്കുന്നുണ്ട്. ഇനിയൊരു പുനരന്വേഷണം ഉണ്ടായാല്‍ ഇതൊക്കെ റിപ്പോര്‍ട്ടില്‍ ഇടംപിടിക്കുകയും മാണി കടുത്ത പ്രതിസന്ധിയില്‍ ആകുകയും ചെയ്യും.

ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന കണ്ടെത്തലിന്റെ ബലത്തിലാണ് കേരളാ കോണ്‍ഗ്രസ് എം വലിയ വിലപേശലുകള്‍ നടത്തി യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറിയിരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മാണിയെ കൂടെകൂട്ടാനുള്ള ശ്രമങ്ങള്‍ സിപിഎം കാര്യമായി നടത്തിയിരുന്നു. സിപിഐയുടെ എതിര്‍പ്പ് വിഎസ് അച്യുതാനന്ദന്റെ നിലപാട് എന്നിവയായിരുന്നു മാണയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് വിലങ്ങ് തടിയായത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top