ജോസ് കെ മാണിക്ക് മന്ത്രി സ്ഥാനം ലഭിക്കുന്നത് പ്രധാന വകുപ്പില്‍ തന്നെ
സര്‍വ്വെ ഫലങ്ങളില്‍ ഇടത് ക്യാമ്പില്‍ ഉന്മേഷവും യുഡിഎഫില്‍ ആലസ്യവും ! തെക്കിനും വടക്കിനും പുറമെ ജോസ് കെ മാണി ഇഫക്ടില്‍ മധ്യകേരളത്തിലും വേരുറപ്പിക്കാമെന്ന ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫ് ! മധ്യകേരളം പിടിച്ചാല്‍ ജോസ് കെ മാണിക്ക് 2 മന്ത്രിസ്ഥാനങ്ങളും ധനകാര്യം, വ്യവസായം വകുപ്പുകളിലേതെങ്കിലുമൊന്നും പാരിതോഷികം ! പ്രചരണം അന്തിമ ഘട്ടത്തിലെത്തുമ്പോള്‍…
കൊച്ചി: ഇലക്ഷന്‍ സര്‍വ്വെകളുടെ ഉന്മേഷം ഇടതുപക്ഷത്തും ആലസ്യം യുഡിഎഫിലും സൃഷ്ടിച്ച പ്രതികരണങ്ങളാണ് ഈ ദിവസങ്ങളിലെ തെരഞ്ഞെടുപ്പ് രംഗത്തെ പ്രത്യേകത. ഇടതു ക്യാമ്പുകള്‍ ആത്മവിശ്വാസത്തോടെ മുന്നേറുമ്പോള്‍ വലതുപക്ഷം സര്‍വ്വേകള്‍ക്കെതിരെ ആഞ്ഞടിച്ചും ഒപ്പം അണികളോട് കാര്യങ്ങള്‍ വിശദീകരിച്ചും മുന്നോട്ടുപോകുന്നു.
ഭരണമാറ്റം ഉണ്ടാകില്ലെന്ന തുടര്‍ച്ചയായ സര്‍വ്വേ ഫലങ്ങള്‍ യുഡിഎഫിന്‍റെ പ്രചരണ മുന്നേറ്റത്തെപ്പോലും പ്രതികൂലമായി ബാധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിനെപ്പോലും ഇത് ബാധിച്ചിട്ടുണ്ട്.
വടക്കും തെക്കും ഇടതുപക്ഷത്തിന് കാര്യമായ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന സര്‍വ്വേ ഫലങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെങ്കില്‍ യുഡിഎഫിന്‍റെ കുത്തകയായിരുന്ന മധ്യകേരളത്തിലും യുഡിഎഫും ഇടതുപക്ഷവും ഒപ്പത്തിനൊപ്പം മുന്നേറുകയാണെന്ന വിലയിരുത്തല്‍ ഐക്യമുന്നണിയില്‍ സൃഷ്ടിച്ചിരിക്കുന്ന ആഘാതം ചെറുതല്ല.
കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ജോസ് കെ മാണി ഇഫക്ട് വലിയതോതില്‍ ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍. ചില സര്‍വ്വേകളില്‍ ഇടുക്കിയില്‍ യുഡിഎഫ് മുന്നേറ്റം പ്രവചിക്കുന്നുണ്ടെങ്കിലും അവിടെ 3 സീറ്റുകള്‍ നേടിയേക്കാമെന്നും രണ്ടെണ്ണം ഉറപ്പാണെന്നുമാണ് ഇടതിന്‍റെ വിലയിരുത്തല്‍.
കോട്ടയത്ത് നേരത്തേ രണ്ടെണ്ണമായിരുന്ന ഇടതു സീറ്റുകള്‍ ഇത്തവണ 6 -ല്‍ കുറയില്ലെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. മാത്രമല്ല, കോട്ടയത്ത് രണ്ട് മണ്ഡലങ്ങളിലെങ്കിലും യുഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടാമെന്നും കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ തവണ യുഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച കടുത്തുരുത്തി പോലും ഇത്തവണ അനായാസ വിജയം നേടുമെന്നാണ് കണക്കുകൂട്ടല്‍. ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, വൈക്കം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലെല്ലാം ഇടതിന് ശുഭ പ്രതീക്ഷയുണ്ട്.
ഇടതുപക്ഷത്തെ സംബന്ധിച്ച് ഒരു കാലത്തും സ്വപ്നം കാണാന്‍ കഴിയാതിരുന്ന ഈ മണ്ഡലങ്ങളില്‍ ജോസ് കെ മാണി ഇഫക്ടില്‍ വിജയം കുറിക്കാനായാല്‍ അത് മുന്നണിയില്‍ ജോസ് കെ മാണിയെ കൂടുതല്‍ കരുത്തനാക്കും. ജ്വലിക്കുന്ന വിജയത്തിന് പാരിതോഷികമായി രണ്ട് മന്ത്രി സ്ഥാനങ്ങളും ധനകാര്യം, വ്യവസായം എന്നീ സുപ്രധാന വകുപ്പുകളിലൊന്നും ജോസ് കെ മാണിക്ക് ഉറപ്പാണെന്ന് പറയപ്പെടുന്നു.
ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന് അനുവദിച്ച ഏക മണ്ഡലമായ റാന്നിയിലും ഇടതുപക്ഷത്തിന്‍റെ നില ഭദ്രമാണെന്നാണ് റിപ്പോര്‍ട്ട്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളും സിറ്റിംങ്ങ് സീറ്റുകളാണെങ്കിലും കേരള കോണ്‍ഗ്രസ് ബലത്തില്‍ ഇവിടങ്ങളിലെല്ലാം മികച്ച മുന്നേറ്റം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
എറണാകുളം ജില്ലയിലും കേരള കോണ്‍ഗ്രസ് പിന്തുണ വലിയതോതില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഇടതുപക്ഷത്തിനുണ്ട്.
അതേസമയം സര്‍വ്വേ ഫലങ്ങളിലെ അപാകതകള്‍ എണ്ണിപറഞ്ഞ് ഈ വിലയിരുത്തലുകള്‍ തള്ളിക്കളയുന്ന യുഡിഎഫിന് അവരുടെ സ്ഥാനാര്‍ഥികളിലാണ് ഏറ്റവും പ്രതീക്ഷ. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ചരിത്രത്തിലാദ്യമാണ് കോണ്‍ഗ്രസ് ഇത്രയും പ്രാധാന്യം നല്‍കുന്നത്. ഒപ്പം കെ മുരളീധരന്‍ പോലുള്ള പോരാളികളുടെ സാന്നിധ്യവും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന അധോലോക ആരോപണങ്ങളും ശബരിമല നിലപാടും യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമായി മാറുമെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ച് കേരളത്തിലെ വിജയം ദേശീയ തലത്തില്‍ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്