1 ലക്ഷം രൂപ മാസ വരുമാനം ; ലൈവ് സ്റ്റോക് പണി രാജി വച്ച് ഭര്‍ത്താവും ഭാര്യയും
മലപ്പുറം : മേലുദ്യോഗസ്ഥരില്‍നിന്നുള്ള പീഡനവും നീതിനിഷേധവും മൂലം സര്‍ക്കാര്‍ ജോലി രാജിവെച്ച് ദമ്ബതിമാര്‍.
തിരുനാവായ മൃഗാസ്പത്രിയിലെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എ.ജെ. ജെയ്‌സണും ഭാര്യ തവനൂര്‍ സര്‍ക്കാര്‍ വയോജന മന്ദിരത്തിലെ മേട്രന്‍ പി.എസ്. അനിതാ മേരിയുമാണ് ജോലി രാജിവെച്ചത്. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ ഇവര്‍ രണ്ടുപേര്‍ക്കുംകൂടി ഒരു ലക്ഷം രൂപയിലേറെ രൂപ വേതനം കിട്ടുന്നജോലിയാണ് ഉപേക്ഷിച്ചത്.
ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് ജോലി ചെയ്യാനുള്ള സാഹചര്യം വകുപ്പില്‍ ഇല്ലെന്നും, അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന മുറയ്‌ക്ക് രാജി സ്വീകരിക്കണമെന്നുമാണ് ജെയ്‌സണിന്റെ കത്തിലെ ഉള്ളടക്കം. ആത്മാഭിമാനത്തോടെ ജോലിയില്‍ തുടരാന്‍ കഴിയുന്നില്ലെന്നും തനിക്ക് സംരക്ഷണം നല്‍കുന്നതുമൂലം ഭര്‍ത്താവ് വേട്ടയാടപ്പെടുന്നൂവെന്നും അനിതാ മേരിയുടെ രാജിക്കത്തില്‍ പറയുന്നു.
ജെയ്‌സണ്‍ 2005-ലും അനിത 2020 -ലുമാണ് ജോലിയില്‍ പ്രവേശിച്ചത്. മേലുദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് അനിത 2020-ല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മറ്റു ജീവനക്കാരെ ഉപയോഗിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചതായി ഇവര്‍ ആരോപിക്കുന്നു. പണം മോഷ്ടിച്ചുവെന്ന് പരാതിയുണ്ടാക്കി ഏഴുമാസത്തോളം സസ്‌പെന്‍ഡ് ചെയ്തു. മാധ്യമങ്ങള്‍ ഇടപെട്ടതോടെ മേലുദ്യോഗസ്ഥനെ സ്ഥലംമാറ്റിയെങ്കിലും തന്റെ പരാതി പോലീസ് തള്ളിയതായും അനിത പറഞ്ഞു.
ഭാര്യയുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടതിനാല്‍ സംഘടനകളെ ഉപയോഗിച്ച് വകുപ്പില്‍ തന്നെയും പീഡിപ്പിച്ചതായി ജെയ്‌സണ്‍ ആരോപിക്കുന്നു. വ്യാജ ചികിത്സ നടത്തിയെന്നാരോപിച്ച് ജനുവരിയില്‍ സസ്‌പെന്‍ഡ് ചെയ്തു. അതിനുപിന്നാലെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് വനിതാ വെറ്ററിനറി സര്‍ജന്‍ തിരൂര്‍ പോലീസില്‍ പരാതിയും നല്‍കി. ഫെബ്രുവരി 13-ന് അറസ്റ്റുചെയ്ത് ഏഴുദിവസം ജയിലിലടച്ചു. സസ്പെന്‍ഷന്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥ പീഡനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍ തുടങ്ങി പലരേയും സമീപിച്ചു. ആരും സഹായിച്ചില്ല . കുറ്റിപ്പുറത്തെ വീടും സ്ഥലവും വിറ്റ് ആറുവയസ്സുള്ള മകനെയുംകൂട്ടി ഉടന്‍ നാട്ടിലേക്ക് മടങ്ങുമെന്ന് ജെയ്‌സണ്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്