പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല, ഒന്നുമില്ല സഖാവേ, നത്തിങ്! പരിഹാസവുമായി ജയശങ്കര്‍
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ സിപിഎം സ്വീകരിച്ച സമീപനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല, ഒന്നുമില്ല സഖാവേ, നത്തിങ്. തകരയിലെ ചെല്ലപ്പനാശാരിയെ പോലെ പച്ച ഷര്‍ട്ടും നീല ഷര്‍ട്ടും ചൊമല ഷര്‍ട്ടും മാറിയിടുന്ന ഒരു നിഷ്‌കളങ്കനാണ് സഖാവ് പി.കെ.ശശി എംഎല്‍എ. അദ്ദേഹം ഒരു പന്നത്തരവും ചെയ്യില്ല. പരാതി ഉണ്ടാവാനും ഇടയില്ലെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു.
പി.കെ.ശശിക്കെതിരായ പരാതിയില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ കേരള ഘടകത്തോട് നിര്‍ദേശിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പിബി വ്യക്തമാക്കിയിരുന്നു. കേരള ഘടകത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പിബി വിശദീകരണ കുറിപ്പ് ഇറക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടയിലാണ് മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഒരു കള്ളം കൂടി പൊളിഞ്ഞുവെന്ന് പറഞ്ഞ് കളിയാക്കിയുള്ള ജയശങ്കറിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഒരു കളളം കൂടി പൊളിഞ്ഞു.
കേരളത്തില്‍ നിന്ന് ഒരു നിയമസഭാംഗത്തിനും എതിരെ ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് സിപിഎം ദേശീയ നേതൃത്വം പത്രക്കുറിപ്പ് പുറത്തിറക്കി. ഇത്തരം പരാതികള്‍ കേന്ദ്ര ഓഫീസില്‍ സ്വീകരിക്കുന്ന പതിവില്ല, അതൊക്കെ അതാത് സംസ്ഥാന നേതൃത്വം പരിഗണിക്കേണ്ട വിഷയമാണെന്നും വ്യക്തമാക്കി.
ഷൊര്‍ണൂര്‍ എംഎല്‍എ സഖാവ് പികെ ശശിയെ കുറിച്ചും പാവങ്ങളുടെ പാര്‍ട്ടിയെ പറ്റിയും നട്ടാല്‍ കുരുക്കാത്ത എന്തൊക്കെ നുണകളാണ് ഇവിടെ മനോരമാദി മാധ്യമങ്ങള്‍ അടിച്ചുവിട്ടത്! സഖാവിനെതിരെ ഒരു യുവ വനിതാ വിപ്ലവകാരി പീഡനാരോപണം ഉന്നയിച്ചു, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അത് അവഗണിച്ചു, സീതാറാം യെച്ചൂരി ഇടപെട്ട് അന്വേഷണത്തിനു ഉത്തരവിട്ടു, രണ്ടംഗ അന്വേഷണ സമിതിയില്‍ ഒരു മെമ്ബര്‍ വനിതാ സഖാവായിരിക്കണമെന്ന് ശഠിച്ചു… ഇങ്ങനെ പോയി അസംബന്ധ പ്രചരണം.
ഏതായാലും കേന്ദ്ര നേതൃത്വത്തിന്റെ പ്രസ് റിലീസോടെ എല്ലാ നുണയും പൊളിഞ്ഞു. പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല. ഒന്നുമില്ല സഖാവേ, നത്തിങ്!
‘തകര’യിലെ ചെല്ലപ്പനാശാരിയെ പോലെ പച്ച ഷര്‍ട്ടും നീല ഷര്‍ട്ടും ചൊമല ഷര്‍ട്ടും മാറി മാറിയിടുന്ന ഒരു നിഷ്‌കളങ്കനാണ് സഖാവ് പികെ ശശി എംഎല്‍എ. അദ്ദേഹം ഒരു പന്നത്തരവും ചെയ്യില്ല, പരാതി ഉണ്ടാവാനും ഇടയില്ല.
മുമ്ബ് ഗോപി കോട്ടമുറിയെയും പി ശശിയെയും അപകീര്‍ത്തിപ്പെടുത്തിയ അതേ കുബുദ്ധികളാണ് ഇപ്പോള്‍ പികെ ശശിക്കെതിരെയും പീഡനാരോപണം ഉന്നയിക്കുന്നത്. അതും കേരളം പ്രളയക്കെടുതി നേരിടുമ്ബോള്‍, മുഖ്യമന്ത്രി ചികിത്സയ്ക്ക് വിദേശത്തു പോയ അവസരത്തില്‍.
മാധ്യമ സിന്‍ഡിക്കേറ്റുകാരേ നിങ്ങള്‍ക്ക് ഹാ, കഷ്ടം!
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്