“തനിക്കും ഒരു കുടുംബമുണ്ട്. – എന്റെ വീട്ടില്‍ ഒരു തരി സ്വര്‍ണ്ണം ഇല്ല- മകള്‍ക്ക് വിവാഹസമയത്ത് നല്‍കിയത് ആറായിരം രൂപയുടെ മുത്തുമാലയാണ്.” – എല്ലാം പറഞ്ഞ് മന്ത്രി ജലീല്‍

തിരുവനന്തപുരം: കാര്യങ്ങള്‍ വിസ്തരിച്ച് പറയേണ്ടതുണ്ട്. ഏതെങ്കിലും പീടികക്കോലായയില്‍ കയറിനിന്ന് പറയേണ്ട കാര്യമല്ല ഇത്. താനും ഒരു മനുഷ്യനാണ്. തനിക്കും ഒരു കുടുംബമുണ്ട്. തന്റെ ഉപ്പ ആകെ അസ്വസ്ഥനാണ്. മക്കള്‍ അസ്വസ്ഥരാണ്. രാഷ്ട്രീയത്തിലേക്ക് കടന്നുവരുമ്ബോള്‍ ഉപ്പ തന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. നീ അന്യന്റെ ഒരു മുതലും അപഹരിക്കരുത്. അന്യായമായി യാതൊന്നും സമ്ബാദിക്കരുത്. ഇക്കാര്യത്തില്‍ പിതാവിന് കൊടുത്ത ഉറപ്പ് ഇപ്പോഴും പാലിക്കാനായിട്ടുണ്ടെന്നും ജലീല്‍ വ്യക്തമാക്കി.
വീട്ടില്‍ ആരും സ്വര്‍ണം ഉപയോഗിക്കാറില്ല. ഭാര്യ ഉപയോഗിക്കാറില്ല. ഭാര്യക്ക് മുപ്പത് പവന്റെ സ്വര്‍ണമുണ്ടായിരുന്നു. അതെല്ലാം വീടുവച്ചപ്പോള്‍ അതിനായി വില്‍ക്കേണ്ടി വന്നു. പിന്നീട് വീട്ടില്‍ ഒരു തരി സ്വര്‍ണംപോലുമില്ല. രണ്ടു പെണ്‍മക്കളും സ്വര്‍ണം ഉപയോഗിക്കാറില്ല. മകള്‍ക്ക് വിവാഹ സമയത്ത് ആകെ നല്‍കിയത് ആറായിരം രൂപയുടെ മുത്തുമാലയാണ്. അവള്‍ക്ക് മഹറായി കിട്ടിയത് പരിശുദ്ധ ഖുര്‍ആനാണ്.
മുസ്‌ലിം ലീഗിന്റെ നേതൃനിരയിലിരിക്കുന്ന എത്രയോ പേര്‍ ഗള്‍ഫ് മലയാളികളെ പറ്റിച്ചിട്ടുണ്ട്. എം.സി കമറുദ്ദീന്‍ ഇതിന്റെ ഏറ്റവും അവസാനത്തെയാളാണ്. മാദ്ധ്യമപ്രവര്‍ത്തകരെ പേടിച്ച് എവിടേക്കും പോയിട്ടില്ല. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വിവരശേഖരണം മാത്രമാണ് നടത്തിയത്. തനിക്കെതിരെ കെട്ടുകഥകളുടെ പ്രവാഹമാണ് നടക്കുന്നത്. തനിക്കെതിരെ പടപ്പുറപ്പാടുമായി നടക്കുന്ന ലീഗ് സാമ്ബത്തിക തട്ടിപ്പിലും അഴിമതിയിലും മുങ്ങിയിരിക്കുകയാണ്. തെറ്റ് ചെയ്‌തതിന്റെ പേരില്‍ ആരും ഇതുവരെയും ലീഗില്‍ പുറത്താക്കപ്പെട്ടിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.
ചെറിയൊരു വീഴ്‌ചയെങ്കിലും തനിക്കുണ്ടായെന്ന് മുസ്ലിംലീഗ് അദ്ധ്യക്ഷനായ പാണക്കാട് തങ്ങള്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ കഴിയുമെങ്കില്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കാമെന്ന് മന്ത്രി കെ.ടി. ജലീല്‍. താന്‍ അഴിമതിക്കാരനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ തൊട്ട് പാണക്കാട് തങ്ങള്‍ പറയാന്‍ തയ്യാറാണെങ്കില്‍ തങ്ങള്‍ പറയുന്നത് എന്തും ചെയ്യാന്‍ തയ്യാറാണെന്നും മന്ത്രി വ‍്യക്തമാക്കി.
തങ്ങളോടൊപ്പം പ്രവര്‍ത്തിച്ച കാലത്ത് ഒരു നയാപൈസ അവിഹിതമായി നേടിയെന്നോ തട്ടിപ്പു നടത്തിയെന്നോ അദ്ദേഹം പറയുമോ? മുസ്‌ലിം ലീഗില്‍ എല്ലാത്തിനും അനുവാദമുണ്ടായിരുന്ന കാലത്തായിരുന്നു താന്‍ പ്രവര്‍ത്തിച്ചത്. അന്നു ചെയ്തിട്ടില്ലാത്ത എന്തു തെറ്റാണിപ്പോള്‍ ചെയ്തുവെന്ന് അവര്‍ പറയുന്നത്. 2006ല്‍ കുറ്റിപ്പുറത്തു നിന്ന് മുസ്‌ലിം ലീഗിന്റെ സീറ്റ് താന്‍ പിടിച്ചെടുത്തു. അന്നു തുടങ്ങിയ പകയാണവര്‍ക്ക്. തുടര്‍ന്ന് രണ്ടു തവണ തവനൂരില്‍ നിന്ന് വിജയിച്ചു. ഇപ്പോള്‍ മന്ത്രിയായി. ഇതൊന്നും സഹിക്കാത്തവരാണ് തനിക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും ജലീല്‍ വ്യക്തമാക്കി.
യു.എ.ഇ സര്‍ക്കാര്‍ നല്‍കിയ ഖുര്‍ആന്‍ വിതരണം ചെയ്തത് തെറ്റായെന്ന് ലീഗ് നേതാക്കള്‍ പറയുകയാണെങ്കില്‍ അതുപോലെ മടക്കിനല്‍കാന്‍ താന്‍ തയ്യാറാണ്. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്ബാകെ ഹാജരായത് ഒരാളോടും താന്‍ പറഞ്ഞിട്ടില്ല. ഇത്തരം വിവരങ്ങള്‍ കോണ്‍ഫിഡന്‍ഷ്യലായി സൂക്ഷിക്കണമെന്ന് ഡയറക്ടറേറ്റ് പറഞ്ഞതുകൊണ്ടാണ് ആരോടും ഒന്നും പറയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്