ശര്‍ക്കരയും പപ്പടവും ഒഴിവാക്കി – മാസ കിറ്റില്‍ ഇവയൊഴിവാക്കാന്‍ തീരുമാനം ; വിവാദമുണ്ടാകാതിരിക്കാന്‍ ജാഗ്രതയോടെ സപ്ലൈക്കോ മാനേജര്‍മാര്‍
ഈ മാസം മുതല്‍ ഡിസംബര്‍ വരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കിറ്റില്‍ കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ, മുളകുപൊടി, ഉപ്പ്, ചെറുപയര്‍, സാമ്ബാര്‍ പരിപ്പ് തുടങ്ങിയ ഉത്പനങ്ങളാണുണ്ടാവുക. ഓണക്കിറ്റില്‍ വലിയ വിവാദമായ ശര്‍ക്കരയും പപ്പടവും ഇനിയുണ്ടാകില്ല. സംസ്ഥാനത്തെ 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് ലഭിക്കുക.
തിരുവനന്തപുരം: എല്ലാം സൗജന്യമായി നല്‍കുന്ന സര്‍ക്കാരുകളെപ്പറ്റി നമ്മള്‍ കേട്ടിട്ടും വായിച്ചിട്ടുമൊക്കെയുള്ളത് തമിഴ്‌നാട് ഉള്‍പ്പടെയുള്ള അന്യ സംസ്ഥാനങ്ങളിലാണ്. കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റ് എത്തിച്ച് സംസ്ഥാന സര്‍ക്കാര്‍ മാതൃകയായെങ്കിലും മഹാമാരിയുടെ കാലത്ത് ആ ഒരു കിറ്റില്‍ കാര്യങ്ങള്‍ അവസാനിക്കുമെന്നാണ് മലയാളികള്‍ കരുതിയത്. എന്നാല്‍ സര്‍ക്കാരിന്റെ കരുതല്‍ ഓണക്കാലത്തും പൊതുജനങ്ങളെ തേടിയെത്തി.
കേരളം അതിഗുരുതരമായ സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും പായസക്കിറ്റ് അടക്കം നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ മലയാളികളുടെ വയറും മനസും നിറച്ചത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമായിരുന്നു. കാണം വിറ്റും ഓണം ഉണ്ണണമെന്ന് കാട്ടി തന്ന സര്‍ക്കാര്‍ ഇനിയുള്ള മാസങ്ങളിലും റേഷന്‍കടകള്‍ വഴി ഭക്ഷ്യകിറ്റുകള്‍ എത്തിക്കും.
സാധനങ്ങളുടെ ഗുണനിലവാരം അടക്കമുള്ളവ ചോദ്യം ചെയ്യപ്പെടുന്ന പശ്‌ചാതലത്തില്‍ കൂടുതല്‍ കരുതലോടെയാണ് സര്‍ക്കാര്‍ നടപടി. ഡിസംബര്‍ വരെ നല്‍കുന്ന ഭക്ഷ്യകിറ്റിന്റെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്താന്‍ സപ്ലൈക്കോ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഭക്ഷ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശത്തോടെയാണ് സപ്ലൈക്കോ കടുത്ത നടപടിയ്‌ക്ക് ഒരുങ്ങുന്നത്.
കിറ്റിലേക്ക് വാങ്ങുന്ന സാധനങ്ങളും കിറ്റുകളുടെ പായ്ക്കിംഗ് പുരോഗതിയും ഓരോദിവസവും ഭക്ഷ്യവകുപ്പിനെ അറിയിക്കണം. ഓരോ ഡിപ്പോയിലും സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറെ ചുമതലപ്പെടുത്തണം. ഓരോ പായ്ക്കിംഗ് യൂണിറ്റിലും ദിവസേന പായ്ക്ക് ചെയ്യുന്ന കിറ്റുകളുടെ എണ്ണം, പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണം, അവര്‍ നിറച്ച കിറ്റുകളുടെ എണ്ണം എന്നിവ രജിസ്‌റ്ററില്‍ രേഖപ്പെടുത്തണം. കിറ്റിന്റെ ചെലവുകള്‍ കൃത്യമായി സര്‍ക്കാരില്‍ അറിയിക്കുകയും വേണം. ഇതിന്റ അടിസ്ഥാനത്തില്‍ ഗുണനിലവാര പരിശോധന കര്‍ശനമാക്കാനാണ് സപ്ലൈക്കോ തീരുമാനിച്ചിരിക്കുന്നത്.
ഡിപ്പോകളിലെത്തുന്ന ഉത്‌പനങ്ങളുടെ ഗുണനിലവാരം ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണോയെന്ന് ഡിപ്പോ മാനേജര്‍ കൃത്യമായി പരിശോധിക്കണമെന്ന് സപ്ലൈക്കോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്‌പനം വാങ്ങണമോ തള്ളിക്കളയണമോ എന്നതില്‍ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. കമ്മിറ്റിയുടെ യോഗങ്ങളുടെ മിനിറ്റ്‌സ്, ഉത്പനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച കണ്ടെത്തലുകള്‍ എന്നിവയും ഗുണമേന്മ രജിസ്റ്ററില്‍ രേഖപ്പെടുത്തണം.ലാബുകളില്‍ പരിശോധിപ്പിക്കേണ്ടതായ ഉത്‌പന സാംപിളുകള്‍ എന്‍.എ.ബി.എല്‍ അംഗീകാരമുള്ള ലാബുകളില്‍ ഏറ്റവും വേഗത്തില്‍ പരിശോധിപ്പിക്കാനുള്ള സംവിധാനം കമ്മിറ്റി ഒരുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്