പാര്‍ലമെന്റില്‍ ഇരുന്നുറങ്ങാന്‍ ഞാനില്ല, ഇനി മത്സരിക്കാന്‍ ഇല്ലെന്ന് ഇന്നസെന്റ്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കുവാനില്ലെന്ന് ചാലക്കുടി എംപി ഇന്നസെന്റ്. വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ എല്‍ഡിഎഫ് എന്നെ മത്സരിപ്പിക്കും. മത്സരിക്കണം എന്നാണ് സിപിഎം നേതാക്കള്‍ എന്നോട് പറഞ്ഞത്. എന്നാല്‍ അതിന് താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് ഇന്നസെന്റ്.
ശാരീരിക ബുദ്ധിമുട്ടുകളില്‍ ഊന്നിയാണ് വീണ്ടും മത്സരിക്കുവാനില്ലെന്ന് ഇന്നസെന്റ് പറയുന്നത്. മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ഇന്നസെന്റിന്റെ പ്രതികരണം. വീണ്ടും മത്സരിക്കാന്‍ ആദ്യം അനുവദിക്കേണ്ടത് എന്റെ ശരീരമാണ്. അതിന് ചില്ലറ ക്ഷീണം തോന്നുന്നുണ്ട്. പാര്‍ലമെന്റില്‍ പലരേയും താങ്ങിപ്പിടിച്ച് കൊണ്ടുവന്നാണ് സീറ്റിലിരുത്തുന്നത്. ഇതു കാണുമ്ബോള്‍ ഞാന്‍ ചോദിക്കാറുണ്ട്, സുഖമായി വീട്ടിലിരുന്നു കൂടേയെന്ന്. അവിടെ ഇരുന്നുറങ്ങുന്നതാണ് അവര്‍ക്ക് സുഖമെന്നും ഇന്നസെന്റ് പറയുന്നു.
പലരും പറയുന്നത് യുവ തലമുറയ്ക്ക് വേണ്ടി വഴിമാറും. എന്നാണ്. എന്നാല്‍ വഴിയില്‍ കുറുകെ നിന്നിട്ട് വഴിമാറും എന്ന് പറഞ്ഞിട്ട് എന്തു കാര്യം. ആഗ്രഹങ്ങള്‍ക്ക് അറുതി വേണം എന്നാണ് എന്റെ അപ്പന്‍ പഠിപ്പിച്ചിട്ടുള്ളത്. അവസാനം വരെ ഇതുപോലെ ജീവിക്കണം എന്നതും അസുഖമാണ്. എനിക്ക് ആ അസുഖം തുടങ്ങിയിട്ടുണ്ടോ എന്ന് സംശയം തോന്നിയത് കൊണ്ടാണ് സ്വയം ചികിത്സിച്ച് മാറാന്‍ തീരുമാനിച്ചത്.
തോല്‍ക്കാന്‍ എനിക്കൊരു ഭയവും ഇല്ല. ജീവിതത്തില്‍ പകുതിയിലേറെ തോറ്റു തുന്നം പാടിയ ആളാണ് ഞാന്‍. ജനങ്ങള്‍ പ്രതീക്ഷയോടെ നമ്മളെ നോക്കുന്നത് കാണുമ്ബോള്‍ പേടിയാണ്, ഇതെല്ലാം നടത്തിക്കൊടുക്കുവാന്‍ സാധിക്കുമോ എന്നോര്‍ത്ത്. എടാ, നിന്റെ അപ്പാപ്പന്‍ വിചാരിച്ചിട്ട് വരെ ഈ പാലം നന്നായില്ല എന്ന് എന്റെ പേരക്കുട്ടിയോട് ജനം പറഞ്ഞാല്‍, അന്നവന്‍ മനസില്‍ വിചാരിക്കും, ഈ അപ്പാപ്പന് വേറെ പണി ഉണ്ടായിരുന്നില്ലേ എന്ന്, പടമായി ചുമരില്‍ ഇരുന്നിട്ടും പാരയാണല്ലോ എന്ന്. അതിന് ഇടം നല്‍കേണ്ടല്ലോയെന്നും ഇന്നസെന്റ് പറയുന്നു.
പിണറായി വിജയന്‍ ധര്‍മടത്തു മല്‍സരിക്കുമ്ബോള്‍ എന്നെ അവിടെ പ്രചാരണത്തിനു കൊണ്ടുപോയി. പ്രചാരണം കഴിഞ്ഞു രാത്രി ട്രെയിനില്‍ കയറിയപ്പോള്‍ ഒരാള്‍ എനിക്കൊരു ഭക്ഷണപ്പൊതി കൊണ്ടുവന്നുതന്നു. പിണറായി വിജയന്‍ കൊടുത്തയച്ചതാണെന്നും പറഞ്ഞു. അതൊരു കരുതലാണ്. രോഗിയായ ഞാന്‍ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കേണ്ട എന്ന കരുതല്‍. ഇതുതന്നെയാണ് അപ്പന്‍ പഠിപ്പിച്ച കമ്യൂണിസം. രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞ് വീടിന്റെ പിറകുവശത്തുകൂടി രഹസ്യമായി ഞാന്‍ അകത്തു കടക്കുമ്ബോഴും അപ്പന്‍ ചോദിക്കും, കൊണ്ടുവിട്ടവന് വീട്ടില്‍ പോയാല്‍ വല്ലതും അടച്ചുവച്ചു കാണുമോടാ എന്ന്. ഏതെങ്കിലും കസേര ആവശ്യത്തില്‍ കൂടുതല്‍ മോഹിച്ചാല്‍ നഷ്ടമാകുന്നത് ഈ കരുതലാണ്. അതാണ് നേരത്തേ പറഞ്ഞ രോഗം. അതുകൊണ്ടാണ് രോഗിയാകുന്നതിനു മുന്‍പു ഞാന്‍ മാറാന്‍ തീരുമാനിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്