139 കോടി ഇന്ത്യക്കാരുടെ സ്വപ്നം ; ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3, ചരിത്രം തിരുത്തി ഇന്ത്യ;
ഇന്ത്യാ… ഞാൻ ലക്ഷ്യസ്ഥാനത്തെത്തി, നിങ്ങളും’ ചന്ദ്രയാൻ മൂന്നിെൻറ സന്ദേശം പങ്കുവെച്ച് ഐ.എസ്.ആര്‍.ഒ ( ഇന്ത്യൻ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷൻ).
ചന്ദ്രയാൻ മൂന്ന് ചന്ദ്രെൻറ ദക്ഷിണ ധ്രുവത്തിലിറങ്ങി ബഹിരാകാശ പര്യവേഷണത്തില്‍ ചരിത്രം കുറിച്ച സാഹചര്യത്തില്‍ ട്വിറ്ററിലൂടെയാണ്(എക്‌സ്) ഐ.എസ്.ആര്‍.ഒ സന്ദേശം പങ്കുവെച്ചത്. ചന്ദ്രയാൻ മൂന്ന് വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തി. അഭിനന്ദനങ്ങള്‍, ഇന്ത്യ’ ഐ.എസ്.ആര്‍.ഒ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3, ചരിത്രം തിരുത്തി ഇന്ത്യ; അഭിമാനമായി ഐ.എസ്.ആര്‍.ഒ
ബംഗളൂരു: 139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രയാൻ മൂന്ന് പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്‍റെ മണ്ണില്‍ കാലുകുത്തി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീര്‍ണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. നിര്‍ണായകമായ അവസാനത്തെ 19 മിനിട്ടില്‍ റഫ് ബ്രേക്കിങ് ഫേസ്, ആള്‍ട്ടിട്ട്യൂഡ് ഹോള്‍ഡ് ഫേസ്, ഫൈൻ ബ്രേക്കിങ് ഫേസ്, ടെര്‍മിനല്‍ ഡിസെന്‍റ് ഫേസ് എന്നീ നാല് ഘട്ടങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചാണ് പേടകം സോഫ്റ്റ് ലാൻഡിങ് ചെയ്തത്. ബംഗളൂരു ബ്യാലലുവിലെ ഐ.എസ്.ആര്‍.ഒയുടെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‍വര്‍ക്ക് (ഐ.ഡി.എസ്.എൻ) ആണ് സോഫ്റ്റ് ലാൻഡിങ് പ്രക്രിയ നിരീക്ഷിച്ചത്.
40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആര്‍.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തില്‍ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനില്‍ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ. 2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയില്‍ നിന്നും എല്‍.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. ഭൂമിയില്‍ നിന്ന് 3,84,000 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനില്‍ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
40 ദിവസം കൊണ്ട് ആദ്യം ഭൂമിയുടെയും പിന്നീട് ചന്ദ്രന്‍റെയും ഭ്രമണപഥത്തില്‍ ചന്ദ്രയാൻ മൂന്ന് വലംവെച്ചു. ഭൂമിയെ 17 ദിവസം വലംവച്ച പേടകം ലാം എൻജിന്‍ ജ്വലിപ്പിച്ച് അഞ്ച് തവണ ഭ്രമണപഥം വലുതാക്കി. ഇതോടെ ഭൂമിക്ക് 226 കിലോമീറ്റര്‍ അടുത്തും 41,603 കിലോമീറ്റര്‍ അകലെയുമായി വലംവെച്ചിരുന്ന പേടകത്തെ 1,27,609 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു. ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം ഭേദിച്ച പേടകത്തെ ആഗസ്റ്റ് ഒന്നിന് ലിക്വുഡ് പ്രൊപ്പല്‍ഷൻ എൻജിൻ പ്രവര്‍ത്തിപ്പിച്ച് ട്രാൻസ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റി. തുടര്‍ന്നുള്ള നാലു ദിവസം ലൂണാര്‍ ട്രാൻഫര്‍ ട്രജക്ടറിയിലൂടെയായിരുന്നു പേടകത്തിന്‍റെ ചന്ദ്രനിലേക്കുള്ള യാത്ര. ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ ആഗസ്റ്റ് അഞ്ചിനാണ് ചന്ദ്രയാൻ മൂന്ന് പ്രവേശിച്ചത്. തുടര്‍ന്ന് 164 കിലോമീറ്റര്‍ അടുത്തും 18074 കിലോമീറ്റര്‍ അകലെയുമുള്ള ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പേടകം വലംവെക്കാൻ തുടങ്ങി. ഇതിനിടെ ചന്ദ്രന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പേടകത്തിലെ കാമറ പകര്‍ത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഘട്ടംഘട്ടമായി പേടകത്തിന്‍റെ ഭ്രമണപഥം താഴ്ത്തി. ഇതോടെ 17 ദിവസം ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ വലംവെച്ച ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്‍റെ 153 കിലോമീറ്റര്‍ അടുത്തെത്തി.
33 ദിവസങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് 17ന് പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് ലാൻഡര്‍ മൊഡ്യൂള്‍ വേര്‍പെട്ടു. തുടര്‍ന്ന് പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍ ഒറ്റക്ക് ചന്ദ്രനെ വലംവെക്കുന്നത് തുടരുകയും ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ശ്രമവും തുടങ്ങി. ചന്ദ്രനില്‍ ഇറങ്ങുന്നതിനായി ലാൻഡറിന്‍റെ വേഗത കുറക്കുന്ന ഡീ ബൂസ്റ്റിങ് പ്രക്രിയ ആഗസ്റ്റ് 18നും 20നും നടന്നു. ഇതോടെ ലാൻഡര്‍ 25 കിലോമീറ്റര്‍ അടുത്തും 134 കിലോമീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലെത്തി. ആഗസ്റ്റ് 23ന് ഭ്രമണപഥത്തില്‍ ചന്ദ്രന് ഏറ്റവും അടുത്തെത്തിയതോടെ ചന്ദ്രന് തിരശ്ചീനമായി സഞ്ചരിച്ച ലാൻഡര്‍ മൊഡ്യൂളിനെ ത്രസ്റ്റര്‍ എൻജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് ലംബമാക്കി മാറ്റി. തുടര്‍ന്ന് മൊഡ്യൂളിലെ ത്രസ്റ്റര്‍ എൻജിനുകള്‍ എതിര്‍ ദിശയില്‍ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ച് ലാൻഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാൻഡിങ് (മൃദു ഇറക്കം) നടത്തി. ഭൂമിയിലെ 14 ദിവസത്തിന് സമാനമാണ് ഒരു ചാന്ദ്രദിനം. സൗരോര്‍ജത്തില്‍ 738 വാട്ട്സിലും 50 വാട്ട്സിലും പ്രവര്‍ത്തിക്കുന്ന ലാൻഡറിന്‍റെയും റോവറിന്‍റെയും ആയുസ് ഒരു ചാന്ദ്രദിനം മാത്രമാണ്. ഈ 14 ദിവസമാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ലാൻഡറും റോവറും പരീക്ഷണം നടത്തുക.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്