×

‘പ്രളയ ജല പ്രവാഹം’ അഞ്ചും തുറക്കേണ്ടി വന്നത്‌ കെഎസ്‌ഇബിയുടെ ധനമോഹം തന്നെ; ട്രയല്‍ റണ്‍ 7 ദിവസം മുമ്പ്‌ നടത്തേണ്ടതായിരുന്നു-

 

സാധരണക്കാരുടെ ജീവന് വില കല്‍പ്പിക്കാതെ, കൃത്യമായ മാര്‍ഗനിര്‍ദേശവും ഒരുക്കത്തിന് ആവശ്യത്തിനു സമയവും നല്‍കാതെ കെഎസ്ഇബി അവസാനനിമിഷത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. അണക്കെട്ട് തുറക്കേണ്ടതില്ലെന്നും ഷട്ടര്‍ ഉയര്‍ത്തി വെള്ളം പാഴാക്കിയാല്‍ ബോര്‍ഡിനു കനത്ത നഷ്ടമുണ്ടാകുമെന്നും ആയിരുന്നു കെഎസ്ഇബിയിലെ ജനറേഷന്‍ വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ അണക്കെട്ടിന്റെയും ജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി, ജലനിരപ്പ് 2398 അടിയിലെത്തുമ്പോള്‍ ഷട്ടര്‍ ഉയര്‍ത്തണമെന്നും ട്രയല്‍ റണ്‍ നടത്തണമെന്നും ഡാം സുരക്ഷാ വിഭാഗവും ജില്ലാ ഭരണകൂടവും നിര്‍ദേശിച്ചു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണെന്നും അതുവരെ ജലം സംഭരിക്കാമെന്നും, അതിനുശേഷം മാത്രം ഷട്ടര്‍ ഉയര്‍ത്തിയാല്‍ മതിയെന്നും ജനറേഷന്‍ വിഭാഗം മന്ത്രിയോടു പറഞ്ഞെങ്കിലും ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഷട്ടര്‍ ഉയര്‍ത്തണമെന്ന നിലപാടാണ് മന്ത്രി എം.എം.മണി എടുത്തത്. ഇതും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ‘അതിമോഹ’ത്തിന് തിരിച്ചടിയായി.

ഒരാഴ്ച മുന്‍പ് ജലനിരപ്പ് 2395 അടിയിലെത്തിയപ്പോള്‍ രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ഷട്ടര്‍ തുറക്കുമ്പോള്‍ പെരിയാര്‍ തീരത്തുനിന്ന് ഒഴിപ്പിക്കേണ്ടവരുടെ പട്ടികയും തയാറാക്കി. ജലനിരപ്പ് 2398 അടിയിലെത്തുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച്, 24 മണിക്കൂറിനുശേഷം ട്രയല്‍ റണ്‍ നടത്താമെന്നു ജില്ലാ ഭരണകൂടം കെഎസ്ഇബിയെ അറിയിച്ചുവെങ്കിലും ജനറേഷന്‍ വിഭാഗം യോജിച്ചില്ല. ഇതിനിടെ, രണ്ടു ദിവസം മഴ മാറിനിന്നതോടെ ജലനിരപ്പ് നേരിയ തോതില്‍ താഴാന്‍ തുടങ്ങി. ഇതോടെ ട്രയല്‍ റണ്‍ നടത്തേണ്ടതില്ലെന്നും പരമാവധി വെള്ളം സംഭരിക്കാമെന്നും ജനറേഷന്‍ വിഭാഗം തീരുമാനിച്ചു.

എന്നാല്‍, കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞത് വ്യാഴാഴ്ച്ച രാത്രിയാണ്. ഇടുക്കി അണക്കെട്ടില്‍നിന്നു തുറന്നുവിടുന്നതില്‍ കൂടുതല്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തിയതോടെ കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍ തെറ്റി. സ്ഥിതി ഗുരുതരമാണെന്ന് ബോധ്യപ്പെട്ടത് അപ്പോഴായിരുന്നു. തുടര്‍ന്നാണ് മന്ത്രിസഭാ യോഗത്തിലും വിഷയമെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ട്രയല്‍ റണ്‍ നടത്താന്‍ അടിയന്തരമായി തീരുമാനിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top