×

പ്രളയത്തെ അണക്കെട്ടിയ ഇടുക്കി കളക്ടര്‍ ജീവനും ഏഴാം മാസം പടിയിറങ്ങി; വിങ്ങലോടെ മലയോര ജില്ല

നാടിനെ അറിയുന്ന നാട്ടുകാരെ അറിയുന്ന തൊടുപുഴക്കാരന്‍ കളക്ടര്‍ ഏഴാം മാസം തന്റെ ജില്ലയിലെ കളക്ടര്‍ ദൗത്യം പൂര്‍ത്തീകരിച്ചു.

ഇനി തിരുവനന്തപുരത്തേക്ക് വിദ്യാര്‍ത്ഥികളുടെ മിത്രമായി മാറും. പൊതുവിദ്യാഭ്യാസ ഡയറക്ടറായിട്ടാണ് ഇനി അടുത്ത ദൗത്യം
ഇടുക്കി ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ഇടുക്കിയില്‍ നിന്നും 39 -മത് കലക്ടര്‍ക്ക് വഴിമാറി കൊടുക്കുമ്പോള്‍, ഇടുക്കിയുടെ സ്വന്തം കളക്ടര്‍ യാത്രയാവുന്ന വിഷമത്തിലാണ് മലയോര ജില്ല.

മുപ്പത്തിഎട്ടാമത് കളക്ടറായി 2018 ജൂലായ് 11നാണ് ജീവന്‍ ബാബു ചുമതലയേല്‍ക്കുന്നത് .ഇടുക്കിയിലേക്ക് എത്തുന്ന കളക്ടര്‍മാര്‍ സാധാരണയായി നേരിടുന്ന പ്രശ്‌നങ്ങളായ കയ്യേറ്റം കുടിയേറ്റം എന്നിവയൊന്നും ജീവന്‍ ബാബുവിന് തലവേദനയായിരുന്നില്ല.

ഇടുക്കിയില്‍ കളക്ടറായി ചാര്‍ജ് എടുത്തത് മുതല്‍ വിശ്രമത്തിന് ഇടയില്ലാത്ത മാരത്തോണ്‍ സേവനത്തിന് അദ്ദേഹം നിര്‍ബന്ധിതനായി. കാരണം, സംസ്ഥാനം കണ്ട ഏറ്റവും വലിയ മഹാപ്രളയത്തിനും ,രണ്ടര പതിറ്റാണ്ടിന് ശേഷം ഇടുക്കി ഡാം തുറക്കുന്നതിനും, പ്രളയ ദുരിതത്തിനും പുനരധിവാസത്തിനുമൊക്കെയായി നിലംതൊടാതെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ജീവന്‍ ബാബുവിനെ കാത്തിരുന്നത് .

ജൂലൈ അവസാനത്തോടെ ഇടുക്കിയില്‍ ശക്തമായ മഴ ആരംഭിക്കുന്നു. ജലസംഭരണികളെല്ലാം നിറഞ്ഞതിനൊപ്പം ഇടുക്കി ഡാമിലേക്ക് നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചു. മുല്ലപെരിയാര്‍ ഭീതിയുടെ നിഴലിലായി. ഈ സമയത്ത് പെരിയാര്‍ തീരത്ത് മുന്നൊരുക്കങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

മഴ നിന്നില്ല ! ജില്ലയിലാകമാനം ഓടിനടന്ന് കളക്ടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വിവിധയിടങ്ങളില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍, വിവരങ്ങള്‍ ജനങ്ങളിലേക്ക് അപ്പപ്പോള്‍ എത്തിക്കുന്നതിനായി ഇടുക്കി കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിനും അറിയിപ്പുകള്‍ കൃത്യതയോടെ എത്തിക്കുവാന്‍ പി ആര്‍ ഡി യുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്നു .

ഓഗസ്റ്റ് 9-ന് ഇടുക്കി അണക്കെട്ട് തുറന്നു. ജില്ലയിലാകമാനം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനക്ഷമമായി. ഒട്ടുമിക്ക ക്യാമ്പുകളിലെല്ലാം കളക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി ജനങ്ങള്‍ക്കൊപ്പം നിലകൊണ്ടു.

ഇതിനിടയില്‍ തീവ്ര രൂപം കൊണ്ട പേമാരി ജില്ലയെ അടപടലം പിടിച്ചുലച്ചു. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടി, നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി, ജലസംഭരണികളിലെ ജലം നിയന്ത്രിക്കാനാകുന്നതിനുമപ്പുറത്തേക്ക് കവിഞ്ഞു. ഗതാഗതം താറുമാറായി, വൈദ്യുതിബന്ധം തകര്‍ന്നു, വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ നിന്നും ജില്ലഒറ്റപ്പെട്ടു……

ഈ സമയങ്ങളിലെല്ലാം ജനങ്ങള്‍ക്കൊപ്പം നിന്ന് ധൈര്യം പകരുവാനും, കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പം നിന്ന് പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുവാന്‍ അദ്ദേഹത്തിനായി. പ്രളയശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായിരുന്നു പിന്നീടുള്ള ശ്രദ്ധ. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ് .

പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിട്ടാണ് ജീവന്‍ ബാബു ഇടുക്കിയില്‍ നിന്നും പോകുന്നത്.

തൊടുപുഴ മണക്കാട് നെല്ലിക്കാവ് ജീവജ്യോതിയില്‍ പി.കുട്ടപ്പന്റെയും കെ.ജി.ശ്യാമളയുടെയും മകനാണ്. ഭാര്യ: അഭി ജാനറ്റ്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top