×

ബെഞ്ച് ഹണ്ടിംഗിനെതിരെ ഋഷികേശ്, ജസ്റ്റിസ് ആന്റണി ഡൊമിനികിന്റെ നടപടി റദ്ദാക്കി

കൊച്ചി: കേസ് കേള്‍ക്കാന്‍ അഭിഭാഷകര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ജഡ്ജിയെ തിരഞ്ഞെടുക്കുന്ന ബഞ്ച് ഹണ്ടിംഗ് എന്നറിയപ്പെടുന്ന പ്രവണതക്കെതിരെ പുതുതായി ചുമതലയേറ്റ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഋഷികേശ് റോയി. കേസ് കേള്‍ക്കേണ്ട ജഡ്ജിയെ തീരുമാനിക്കേണ്ടത് അഭിഭാഷകരല്ലെന്നും ഇത്തരമൊരവസ്ഥ ആശാസ്യമല്ലെന്നും ഋഷികേശ് റോയി നിരീക്ഷിച്ചു. അഭിഭാഷകര്‍ കേസ് കേള്‍ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന രീതി അനുവദിക്കാനാകില്ലെന്നും അഭിഭാഷകരുടെ ആവശ്യ പ്രകാരം ബെഞ്ച് മാറ്റി നല്‍കിയ മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനികിന്റെ നടപടി റദ്ദാക്കിക്കൊണ്ട് ആക്ടിങ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചില്‍ നിന്നും കേസ് മാറ്റി നല്‍കണമെന്ന നാല് അഭിഭാഷകരുടെ ആവശ്യം ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായിരിക്കെ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗീകരിച്ചിരുന്നു. ഈ നടപടിയാണ് പുതുതായി ചുമതലയേറ്റ ആക്ടിങ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി റദ്ദാക്കിയത്.
പാലക്കാട്ടെ ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസാണ് ഇത്തരമൊരു അസാധാരണ നടപടിയിലേക്ക് നയിച്ചത്. ജസ്റ്റിസ് വി.ചിദംബരേഷ് പരിഗണിച്ചിരുന്ന കേസിലെ ഫയല്‍ കാണാതായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സഹായത്തോടെ അഭിഭാഷകനോ ഗുമസ്തനോ ആവാം ഫയല്‍ മാറ്റിയതെന്ന് ഇക്കാര്യം അന്വേഷിച്ച ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ചിദംബരേഷില്‍ നിന്നും അഭിഭാഷകര്‍ക്ക് എതിരെ ചില പരാമര്‍ശങ്ങളുണ്ടായി. ഇതേത്തുടര്‍ന്ന്, ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചില്‍ നിന്ന് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ആന്റണി ഡൊമിനിക്കിനെ സമീപിച്ചു.
അഭിഭാഷകരുടെ ആവശ്യം ആന്റണി ഡൊമിനിക്ക് അധ്യക്ഷനായ അഡ്മിസ്‌ട്രേറ്റീവ് കമ്മിറ്റി കഴിഞ്ഞ മാസം 28ന് ചേര്‍ന്ന യോഗത്തില്‍ അംഗീകരിച്ചിരുന്നു. ജസ്റ്റിസുമാരുടെ ബെഞ്ചില്‍ നിന്ന് കേസുകള്‍ മാറ്റുന്നത് സംബന്ധിച്ച്‌ മുന്‍ ചീഫ് ജസ്റ്റിസിനെതിരെ വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ രംഗത്തു വന്നത് അടുത്തിടെ വിവാദമായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top