ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത് ശുചിമുറിയില്‍ കയറിയപ്പോള്‍ ഗ്രീഷ്മ കുടിച്ചത് ലൈസോള്‍; ആരോഗ്യനിലയില്‍ ഗുരുതര പ്രശ്‌നങ്ങളില്ല;
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത് ലൈസോള്‍ കുടിച്ചതിനെ തുടര്‍ന്നെന്ന് സ്ഥിരീകരണം. പൊലീസ് കസ്റ്റഡിയില്‍ ഛര്‍ദിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടുത്തെ ഡോക്ടറോടാണ് ലൈസോള്‍ കുടിച്ച കാര്യം പറഞ്ഞത്. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപതിയിലേക്ക് മാറ്റി.
ശുചിമുറിയില്‍ പോയി വന്ന ശേഷമായിരുന്നു ദേഹാസ്വാസ്ഥ്യം. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ചു എന്ന് സംശയം ഉണ്ടായി. ഇതേ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡിവൈഎസ്‌പി ഓഫീസില്‍ എത്തിച്ചത്. ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ എന്ന് സ്ഥിരീകരണം. മെഡിക്കല്‍ ഐസിയുവിലേക്ക് മാറ്റി. ഗുരുതര സ്ഥിതി അല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയില്ലെന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇതോടെ ഇന്ന് തെളിവെടുപ്പ് നടക്കില്ലെന്ന് ഉറപ്പായി. മജിസ്ട്രേട്ട് ആശുപത്രിയില്‍ എത്തി ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്യാനാണ് സാധ്യത.
പഠിക്കാന്‍ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമായ ഗ്രീഷ്മ തമിഴ്‌നാട്ടിലെ എംഎസ് സര്‍വകലാശാലയില്‍നിന്നു ബിഎ ഇംഗ്ലിഷ് സാഹിത്യത്തില്‍ 4ാം റാങ്ക് നേടിയിരുന്നു. ഹൊറര്‍ സിനിമയുടെ ആരാധികയായിരുന്നു. പൊലീസ് അന്വേഷണത്തെ നേരിട്ടതും ചങ്കുറപ്പോടെയാണ് തുടക്കത്തില്‍. രണ്ടു തവണ മൊഴിയെടുത്തപ്പോഴും പൊലീസിനു സംശയം തോന്നിയില്ല. എന്നാല്‍ ജില്ലാ റൂറല്‍ പൊലീസിന് കീഴിലെ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തതോടെ സത്യം കണ്ടെത്തി. 29ന് വൈകിട്ട് ഷാരോണിന്റെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചു.
ഷാരോണ്‍ ഛര്‍ദിച്ചതു നീലയും പച്ചയും കലര്‍ന്ന നിറത്തിലായിരുന്നു എന്നതു വിലയിരുത്തി. കീടനാശിനി എന്ന സംശയത്തിലേക്ക് ഇതു വഴിതെളിച്ചു. തുടര്‍ന്ന് ഗ്രീഷ്മയെയും മാതാപിതാക്കളെയും ചോദ്യംചെയ്യാന്‍ ഇന്നലെ വിളിപ്പിച്ചു. അവര്‍ക്കൊപ്പവും തനിച്ചുമുള്ള ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഗ്രീഷ്മ പതറി, പിന്നെ എല്ലാം ഏറ്റുപറഞ്ഞു. അതിന് ശേഷം ഗ്രീഷ്മയെ സുരക്ഷിതമാക്കാനായി നെടുമങ്ങാട്ടേക്ക് പൊലീസ് മാറ്റുകയായിരുന്നു. ഇതിനിടെയാണ് ശുചിമുറിയില്‍ കയറി ലൈസോള്‍ കുടിച്ചത്. ഇതോടെ വിഷക്കുപ്പി കണ്ടെത്താനുള്ള പൊലീസ് നീക്കവും പ്രതിസന്ധിയിലാകുകയാണ്.
കൊല്ലണമെന്ന ഉദേശത്തോടെയാണ് ഷാരോണ്‍ രാജിനെ പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മ. കഷായത്തില്‍ കാപിക് എന്ന കളനാശിനി ചേര്‍ത്തുകൊടുത്താണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. കൊലപാതകത്തില്‍ മാതാപിതാക്കള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ്. ഇതിനിടെയാണ് ഗ്രീഷ്മ വിഷം കുടിക്കാന്‍ ശ്രമിക്കുന്നത്.
ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. തുടര്‍ന്നാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. എന്നാല്‍ ഷാരോണ്‍ നിവീണ്ടും ബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. കുപ്പിയിലെ കഷായമല്ല ഷാരോണിന് നല്‍കിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മ വീട്ടില്‍ തന്നെ ഉണ്ടാക്കിയ കഷായമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. സമുശൂ എന്ന കീടനാശിനിയാണ് കഷായത്തില്‍ കലര്‍ത്തിയത്. ഈ കീടനാശിനിയില്‍ കോപ്പര്‍സര്‍ഫെറ്റ് സാന്നിധ്യമില്ലെന്നും എഡിജിപി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്