×

മന്ത്രിമാരായ പി.രാജീവ്, ആര്‍.ബിന്ദു, വി.എന്‍.വാസവന്‍, ജെ.ചിഞ്ചുറാണി എന്നിവരുമായി ഗവര്‍ണ്ണര്‍ കൂടിക്കാഴ്ച നടത്തും ; രാത്രി 9 ന് അത്താഴ വിരുന്നും

തിരുവനന്തപുരം:ഗവര്‍ണര്‍ ഒപ്പിടാതെ തടഞ്ഞുവച്ചിരിക്കുന്ന ബില്ലുകള്‍ സംബന്ധിച്ച്‌ മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കും.

ഇന്ന് വൈകിട്ട് ഏഴരയോടെ മന്ത്രിമാരായ പി.രാജീവ്, ആര്‍.ബിന്ദു, വി.എന്‍.വാസവന്‍, ജെ.ചിഞ്ചുറാണി എന്നിവര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനു ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വൈകിട്ട് 7നാണ് രാജ്ഭവനിലെത്തുന്നത്. മന്ത്രിമാര്‍ക്കായി രാജ്ഭവനില്‍ അത്താഴ വിരുന്നുമുണ്ട്.

ഗവര്‍ണര്‍ ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്ന സുപ്രധാന ബില്ലുകള്‍ സംബന്ധിച്ച്‌ മന്ത്രിമാര്‍ ഇന്ന് ഗവര്‍ണറുമായി പ്രത്യേകം ആശയവിനിമയം നടത്തും. യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍, വിസി നിയമന സെര്‍ച് കമ്മിറ്റിയില്‍ സര്‍ക്കാരിന്റെ മേല്‍കൈ ഉറപ്പിക്കുന്ന ബില്‍ എന്നിവയില്‍ മന്ത്രി ആര്‍.ബിന്ദു ഗവര്‍ണറോടു വിശദീകരിക്കും. ലോകായുക്തയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്ന ബില്ലിനെക്കുറിച്ച്‌ നിയമമന്ത്രി പി.രാജീവും വിശദീകരിക്കും. കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രിമാര്‍ക്ക് രാജ്‌ഭവനില്‍ അത്താഴവിരുന്നിനും ക്ഷണമുണ്ട്.

അതേസമയം, സാങ്കേതിക സര്‍വകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ. സിസാ തോമസിനെ നീക്കി പകരം വി.സിയെ നിയമിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനല്‍ തള്ളി, സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ ഗവര്‍ണര്‍ ഒരുങ്ങുകയാണ്.താത്കാലിക വി.സി നിയമനത്തില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കാനുള്ള അധികാരം ഹൈക്കോടതി അംഗീകരിച്ചതോടെയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് പാനല്‍ നല്‍കിയത്.സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ടി.പി ബൈജു ബായി, സാങ്കേതിക യൂണി. മുന്‍ അക്കാഡമിക് ഡീന്‍ ഡോ.വൃന്ദ വി നായര്‍, കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലും സിന്‍ഡിക്കേറ്റംഗവുമായ ഡോ.സി.സതീഷ് കുമാര്‍ എന്നിവരാണ് പാനലില്‍ ഉള്ളത്. മൂന്നുപേരും ഇക്കൊല്ലം വിരമിക്കുന്നവരാണ്.

എന്നാല്‍ വി.സി നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നാണ് മുന്‍ വി.സി ഡോ.എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവെന്നും അതോടെ സാങ്കേതിക വാഴ്സിറ്റി നിയമത്തിലെ വ്യവസ്ഥകള്‍ അപ്രസക്തമായെന്നുമാണ് ഗവര്‍ണറുടെ നിലപാട്. സര്‍ക്കാരിന് പാനല്‍ നല്‍കാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഉത്തരവിന് എതിരാണെന്ന് കാട്ടി അപ്പീല്‍ നല്‍കാമെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം.

സിസാ തോമസിന് വി.സിയാവാന്‍ യോഗ്യതയില്ലെന്നും അവരെ നീക്കണമെന്നുമുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ക്വോ-വാറണ്ടോ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സിസാതോമസിന്റെ നിയമനം ശരിവയ്ക്കുകയും വി.സിയാവാന്‍ യോഗ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദസര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ സുഗമമാക്കാന്‍ സിസാ തോമസിനായി. സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിയാണ് സിസാതോമസിനെ ഗവര്‍ണര്‍ വി.സിയായി നിയമിച്ചത്. ഗവര്‍ണറുടെ അടുത്ത ഉത്തരവു വരെ തുടരാമെന്നാണ് സിസയുടെ നിയമന ഉത്തരവിലുള്ളത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top