×

സര്‍വകലാശാലാ ചാന്‍സലര്‍: ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സ് രാജ്ഭവനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തി.

ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് രണ്ടു ദിവസത്തിനു ശേഷമാണ്, അംഗീകാരത്തിനായി ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരിക്കുന്നത്.

പതിനാലു സര്‍വകലാശാലകളിലെയും ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് തയാറാക്കിയിട്ടുള്ളത്. പകരം അക്കാദമിക് രംഗത്ത് മികവു തെളിയിച്ചവരെ ചാന്‍സലര്‍ ആയി നിയമിക്കുമെന്നാണ് വ്യവസ്ഥ.

ചാന്‍സലര്‍ പദവിയില്‍നിന്നു തന്നെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കു റഫര്‍ ചെയ്യുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിട്ടുള്ളത്. അങ്ങനെയെങ്കില്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമാക്കാന്‍ കാലതാമസമെടുത്തേക്കും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓര്‍ഡനന്‍സില്‍നിന്നു പിന്നാക്കം പോയേക്കും എന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബില്‍ കൊണ്ടുവരാന്‍ തടസ്സമില്ല

ഓര്‍ഡിനന്‍സ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയില്‍ ഇരിക്കുമ്ബോള്‍ ഇതേ വിഷയത്തില്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവരാന്‍ തടസ്സമില്ലെന്ന് നിയമ മന്ത്രി പി രാജീവ്. ബില്‍ കൊണ്ടുവരുന്നത് നിയമസഭയുടെ അവകാശമാണെന്ന് പി രാജീവ് പറഞ്ഞു.

ബില്‍ പരിഗണിച്ചുകൊണ്ടിരിക്കെ അതേ വിഷയത്തില്‍ ഓര്‍ഡിന്‍സ് ഇറക്കാന്‍ മാത്രമാണ് ഭരണഘടന പ്രകാരം തടസ്സമുള്ളത്, മറിച്ചല്ല. സര്‍വകലാശാലാ ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന്, അതു കാണാതെ ഗവര്‍ണര്‍ പറയുമെന്നു കരുതുന്നില്ല. പറഞ്ഞെങ്കില്‍ അതു മുന്‍വിധിയാണെന്നും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പാടില്ലാത്തതാണെന്നും രാജീവ് പറഞ്ഞു.

നയപ്രഖ്യാപനം ഒഴിവാക്കാന്‍ നിയമസഭാ സമ്മേളനം നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. തുടങ്ങാന്‍ തീരുമാനിച്ചാലല്ലേ നീട്ടാനാവൂ എന്ന്, ചോദ്യത്തിനു മറുപടിയായി പി രാജീവ് പറഞ്ഞു.

ഓര്‍ഡിനന്‍സ് ആലോചിച്ചു കൊണ്ടുവന്നത്

നിയമസഭാ സമ്മേളനം നീട്ടുന്ന കാര്യം ആലോചിക്കേണ്ട വിഷയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. അതു പാര്‍ട്ടി തീരുമാനിക്കേണ്ടതല്ല. നയപ്രഖ്യാപനത്തിന്റെ കാര്യത്തിലും സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.

സര്‍വകലാശാലാ ഓര്‍ഡിനന്‍സ് ആലോചിച്ചെടുത്ത തീരുമാനമാണ്. അതില്‍ മാറ്റമൊന്നുമില്ലെന്നും എവി ഗോവിന്ദന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top