ഏത് ബില്‍ പാസാക്കിയാലും താന്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമമാകൂ ; ബില്ലിന്റെ ‘ഭാവി പ്രവചിച്ച്’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്
തിരുവനന്തപുരം: സര്‍വകലാശാല വി.സി നിയമനത്തില്‍ ചാന്‍സലറുടെ അധികാരം നിയന്ത്രിക്കാനും സര്‍ക്കാറിന് നിയന്ത്രണം കൊണ്ടുവരാനും ലക്ഷ്യമിടുന്ന ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെ ബില്ലിന്റെ ഭാവി ‘പ്രവചിച്ച്’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്.
ഏത് ബില്‍ പാസാക്കിയാലും താന്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമമാകൂ എന്ന ഗവര്‍ണറുടെ നിലപാട് സര്‍വകലാശാല നിയമഭേദഗതി ബില്ലിന്റെ ഭാവി എന്തായിരിക്കുമെന്നതിന്റെ സൂചനയാണ്.
വി.സി നിയമനം സംബന്ധിച്ച് യു.ജി.സി റെഗുലേഷനും സുപ്രീംകോടതി വിധികളും ഉദ്ധരിച്ചാണ് ബില്ലിന്റെ സാധുതയെ ഗവര്‍ണര്‍ ചോദ്യം ചെയ്യുന്നത്. ഇതോടെ നിയമസഭ ബില്‍ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് ഏറക്കുറെ ഉറപ്പായി. സര്‍ക്കാറുമായുള്ള പോര് കടുക്കുന്നതിനിടെ ഗവര്‍ണര്‍ ബുധനാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ നിയമനം നല്കാന് നടത്തിയ നീക്കത്തില്‍ തുടര്‍നടപടികള്‍ ഗവര്‍ണര്‍ തിരിച്ചെത്തുന്നതോടെയുണ്ടാകും. വൈസ്ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
സര്‍വകലാശാലകളിലെ വഴിവിട്ട നിയമനങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കുന്നതിലും തീരുമാനമുണ്ടാകും. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ നടപടി വേണമെന്ന നിലപാടിലാണ് രാജ്ഭവന്. അടിസ്ഥാന യോഗ്യതയില്ലാത്തയാള്‍ക്ക് സര്‍വകലാശാലയില്‍ നിയമനം നല്കാന് ഒന്നാം റാങ്ക് നല്കിയ സെലക്ഷന് കമ്മിറ്റിയുടെ ചെയര്മാന് വൈസ്ചാന്‍സലറായിരുന്നു. ഗവര്‍ണറുടെ അനുമതിയില്ലാതെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതും ചട്ടവിരുദ്ധമായി സ്വാശ്രയ കോളജിന് അഫിലിയേഷന് നല്കിയതും വി.സിക്കെതിരെ നടപടി അനിവാര്യമാക്കാനുള്ള കാരണങ്ങളായി രാജ്ഭവന് മുന്നോട്ടുവെക്കുന്നു.
2019ല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് വേദിയിലുണ്ടായ സംഭവങ്ങളും തുടര്‍നടപടികളില്‍ വീഴ്ച വരുത്തിയതും വി.സിക്കെതിരെയുള്ള കുറ്റമായി ഗവര്‍ണര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണറുടെ സര്‍വകലാശാലയിലെ അധികാരം കവരുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന ദിവസം തന്നെയാണ് അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തുന്നതെന്നതും പ്രത്യേകതയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്