തോമസ് ഐസക്ക് എന്തെടുക്കുന്നു ? സ്വര്‍ണ്ണ വിപണിയില്‍ ടാക്‌സ് തട്ടിപ്പ് വ്യാപകം – വി ഡി സതീശന്‍
നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡിസതീശന്‍ എംഎല്‍എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലാണ് ഈ വെളിപ്പെടുത്തല്‍. കേരളത്തില്‍ സമാന്തര ഗോള്‍ഡ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. ധനവകുപ്പിനെയും മന്ത്രി തോമസ് ഐസക്കിന്റെ പ്രവര്‍ത്തനരീതിയെയും വി.ഡി.സതീശന്‍ നിശിതമായി വിമര്‍ശിച്ചു.
2017 ല്‍ സംസ്ഥാനത്തെ നിലവിലിരുന്ന മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്ന് സ്വര്‍ണ്ണത്തിന്മേല്‍ ലഭിച്ച നികുതി 750 കോടി രൂപയായിരുന്നു. അന്ന് കോമ്ബൗണ്ടിങ് സമ്ബ്രദായം വഴി സ്വര്‍ണ്ണത്തിന്റെ നികുതി 1:25 ശതമാനമായിരുന്നു. പിന്നീട് ചരക്കുസേവന നികുതി നിയമം വന്നപ്പോള്‍ സ്വര്‍ണ്ണത്തിന്റെ നികുതി 3 ശതമാനമായി. അതനുസരിച്ച് പിറ്റേ വര്‍ഷം സ്വര്‍ണ്ണത്തില്‍ നിന്ന് കിട്ടേണ്ട നികുതി 1800 കോടി രൂപയിലധികമായിരുന്നു. എന്നാല്‍ കിട്ടിയതാകട്ടെ 200 കോടി മാത്രം. 2016 ലെ സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 2650 രൂപയായിരുന്നത് ഇപ്പോള്‍ 3900 രൂപയായി ഉയര്‍ന്നു. സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നതും, നികുതി വരുമാനത്തില്‍ പ്രതിഫലിക്കണമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ജി.എസ്.ടി നിരക്കിലുള്ള പ്രതിവര്‍ഷം 10 ശതമാനം വര്‍ദ്ധനവ് കൂടി കൂട്ടുമ്ബോള്‍ ഈ വര്‍ഷം കിട്ടേണ്ടിയിരുന്നത് 3000 കോടി രൂപയായിരുന്നു. കിട്ടിയത് 300 കോടി മാത്രം.
ഇതിന് കാരണം സംസ്ഥാനത്ത് സമാന്തരമായി വളരുന്ന സ്വര്‍ണ്ണവിപണന ശൃംഖലയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വില്‍ക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിലെ ഭൂരിഭാഗം സ്വര്‍ണ്ണവും വില്‍ക്കുന്നത് കേരളത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വിപണി കേരളമാണെന്ന് പറയാം.
വിദേശത്ത് നിന്ന് തങ്കക്കട്ടികള്‍ കൊണ്ടുവന്ന് ആഭരണങ്ങളാക്കി വില്‍ക്കുന്ന വലിയ ലോബി പ്രവര്‍ത്തിക്കുന്നു. അവര്‍ വീട് വാടകക്ക് എടുത്ത് യന്ത്രമുപയോഗിച്ച് ആഭരണമുണ്ടാക്കി നികുതി വെട്ടിച്ച് ഏജന്റുമാരെ വച്ച് അത് വില്‍ക്കുന്നു. കസ്റ്റംസും, റവന്യു ഇന്റലിജന്‍സും, കേന്ദ്ര ജി.എസ്.ടി ഇന്റലിജന്‍സും വലിയ സ്വര്‍ണ്ണ വേട്ടകള്‍ നടത്തിയെങ്കിലും ഇതെല്ലാം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. രണ്ടുലക്ഷം കോടി രൂപയുടെ സമാന്തര ഗോള്‍ഡ് മാര്‍ക്കറ്റ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.
കേരളത്തിലെ ചരക്ക് സേവനനികുതി വകുപ്പില്‍ അരാജകത്വമാണ്. അവര്‍ നിഷ്‌ക്രിയരാണ്. നിയമത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റെയ്ഡ് ചെയ്യാനും, സ്വര്‍ണം പിടിച്ചെടുക്കാനും, അറസ്റ്റ് ചെയ്യാനും അധികാരമുണ്ട്. നിയമപരമായ ഈ പിന്‍ബലം സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ല. കാസര്‍കോഡുള്ള ഒരു ഉദ്യോഗസ്ഥന് റെയിഡ് നടത്താന്‍ തിരുവനന്തപുരത്ത് വന്ന് ജോയിന്റ് കമ്മീഷണറുടെ അനുമതി വാങ്ങണം. അപ്പോഴേക്കും റെയ്ഡ് വാര്‍ത്ത ചോര്‍ത്തപ്പെടും. കേരള മാത്രമാണ് കാലാനുസൃതമായി നികുതി വകുപ്പ് പുനഃസംഘടിപ്പിക്കാത്ത ഏക സംസ്ഥാനം നികുതി വകുപ്പിന്റെ അലംഭാവവും, നിഷ്‌ക്രിയത്വവും വന്‍തോതിലുള്ള നികുതി ചോര്‍ച്ചക്കും, അധോലോകത്തിന്റെ വളര്‍ച്ചക്കും ഇടയാക്കുന്നുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്