‘ബിജെപി കാട്ടിയത് കൊടുംചതി’; ഗോവയില്‍ ബിജെപി സര്‍ക്കാറിനുള്ള പിന്തുണ ജിഎഫ്പി പിന്‍വലിച്ചു
പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോണ്‍ഗ്രസിനെ പിന്തള്ളി പ്രാദേശിക കക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ സര്‍ക്കാര്‍രൂപീകരിച്ചത് ബിജെപിയായിരുന്നു. 13 സീറ്റുകളില്‍ വിജയിച്ച ബിജെപി കേന്ദ്രമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. മനോഹര്‍ പരീക്കറിന്‍റെ മരണത്തിന് തൊട്ടുപിന്നാലെ ഗോവയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ രൂപപ്പെട്ടപ്പോള്‍ മറ്റു പാര്‍ട്ടികളിലെ അംഗങ്ങളെ അടര്‍ത്തിമാറ്റിക്കൊണ്ടായിരുന്നു ബിജെപി അതിന് പ്രതിവിധി കണ്ടത്. സഖ്യകക്ഷികളില്‍ വെല്ലുവിളി ഉയര്‍ത്തിയ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാരെ അടര്‍ത്തി സ്വന്തം പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയായിരുന്നു ബിജെപി സഖ്യകക്ഷിക്ക് ആദ്യ അടി നല്‍കിയത്. മനോഹര്‍ പരീക്കറിന്റെ സീറ്റായിരുന്ന പനാജിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ച രണ്ട് സീറ്റുകളിലടക്കം മൂന്ന് സീറ്റുകളില്‍ വിജയിച്ച് ബിജെപി അംഗസഖ്യ 17 ആയി ഉയര്‍ത്തി.
ഇവിടെ നിന്നാണ് 10 കോണ്‍ഗ്രസ് എംഎല്‍എമാരെ ഒറ്റയടിക്ക് പാര്‍ട്ടിയില്‍ എത്തിച്ച് ബിജെപി അംഗനില 27 ആയി ഉയര്‍ത്തി. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചതോടെ ബിജെപി സ്വന്തം നിലയ്ക്ക് മന്ത്രിസഭ വികസിപ്പിക്കുകയും ചെയ്തു. ഇതോടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി(ജിഎഫ്പി) കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ആ അതൃപ്തി ഇപ്പോള്‍ ജിഎഫ്പിയുടെ മുന്നണി വിടലിലാണ് കലാശിച്ചിരിക്കുന്നത്. വിശദാശങ്ങള്‍ ഇങ്ങനെ..
മന്ത്രിസഭ വികസനം
കോണ്‍ഗ്രസ‌് വിട്ട‌് ബിജെപി പാളയത്തിലെത്തിയ മൂന്ന‌് എംഎല്‍എമാരടക്കം നാലുപേരെ ഉള്‍പ്പെടുത്തിയാണ് ബിജെപി ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കവലേക്കര്‍ ബിജെപി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിട്ടാണ് ചുമതലയേറ്റത്. കവലേക്കറിനെ കൂടാതെ ജനിഫര്‍ മൊണ്‍സെരാറ്റ, ഫിലിപ‌് റോഡ്രിഗസ‌് എന്നിവരാണ‌് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ‌്ത മുന്‍ കോണ്‍ഗ്രസ‌് എംഎല്‍എമാര്‍. ഡെപ്യൂട്ടി സ‌്പീക്കര്‍ മൈക്കേല്‍ ലോബോയും മന്ത്രിയായി സത്യപ്രതിജ്ഞചെയ‌്തു.
പിന്തുണ പിന്‍വലിച്ചു
ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ‌് പാര്‍ടിയിലെ മന്ത്രിമാരായ വിജയ‌് സര്‍ദേശായി, വിനോദ‌് പാലിയേന്‍കര്‍, ജയേഷ‌് സാല്‍ഗോകര്‍ എന്നിവരെയും സ്വതന്ത്രനായ മന്ത്രി രോഹന്‍ ഖോണ്ഡെയെയും രാജിവയ‌്പിച്ചിട്ടാണ‌് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത‌്. ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കൊണ്ട് ഗോവ ഫേര്‍വേഡ് പാര്‍ട്ടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ആവശ്യഘട്ടത്തില്‍ പിന്തുണച്ചവരെ തഴയുന്ന ബിജെപിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജിഎഫ്പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് വിജയ് സര്‍ദേശായ് വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്