റോക്കറ്റ് വേഗത്തില്‍ കുതിക്കുകയാണ് ഇഞ്ചി മൊത്തവില 190 രൂപയായി ; കര്‍ഷകരില്‍ 90 ശതമാനവും മലയാളി
കൊച്ചി: കര്‍ണാടകയില്‍ വിളവെടുപ്പ് കഴിഞ്ഞതോടെ റോക്കറ്റ് വേഗത്തില്‍ കുതിക്കുകയാണ് ഇഞ്ചി വില. അടുത്ത മാസം കിലോയ്ക്ക് 450-500 രൂപയായേക്കും.
കൊച്ചിയിലെ മൊത്തവില 180രൂപയാണ്. കര്‍ണാടകയില്‍ മൊത്തവില ഇന്നലെ കിലോയ്ക്ക് സര്‍വകാല റെക്കാഡായ 190 രൂപയായി. ഇത് കര്‍ഷകരേക്കാള്‍ നേട്ടമാകുക കച്ചവടക്കാര്‍ക്കാണ്.
60 രൂപയായിരുന്ന ഇഞ്ചിവില കൊവിഡിന് ശേഷം 30 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഇതോടെ കൃഷി കുറച്ചതാണ് ഡിമാന്‍ഡ് വര്‍ദ്ധിക്കാനും അപ്രതീക്ഷിത വിലക്കയറ്റത്തിനും കാരണം. ഒരു വര്‍ഷത്തേക്കെങ്കിലും വില ഉയര്‍ന്നു നില്‍ക്കുമെന്നാണ് പ്രതീക്ഷ.
കര്‍ണാടകയിലെ സ്ഥിതിയാണ് ഇന്ത്യയില്‍ വില നിശ്ചയിക്കുന്നത്. അവിടെ കര്‍ഷകരില്‍ 90 ശതമാനവും മലയാളികളാണ്. ലാഭമാണ് ആകര്‍ഷണം. മൈസൂരു, ചാമരാജ്‌നഗര്‍, ഹുബ്ലി,ഷിമോഗ,മാണ്ഡ്യ,ഹാവേരി,കൂര്‍ഗ്,ഹാസന്‍ എന്നിവിടങ്ങളിലായി പതിനായിരത്തോളം മലയാളി കര്‍ഷകരുണ്ട്. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ നട്ട് ഡിസംബര്‍- ജനുവരിയില്‍ വിളവെടുക്കുന്നതാണ് രീതി.
വടക്കേ ഇന്ത്യക്കാര്‍ ഇഞ്ചി പ്രിയരായതുകൊണ്ട് വ്യാപാരം അവിടം കേന്ദ്രീകരിച്ചാണ്. കേരളത്തില്‍ വയനാട്ടിലും ഇടുക്കിയിലും മാത്രമാണ് പേരിനെങ്കിലും കൃഷിയുള്ളത്.
ഏക്കറിന് ആറ് ലക്ഷം
18 മാസത്തേക്ക് ഏക്കറിന് 75,000-1.5 ലക്ഷം രൂപയ്ക്കാണ് കര്‍ണാടകയില്‍ ഭൂമി പാട്ടത്തിനെടുക്കുക. ഒരിക്കല്‍ കൃഷിചെയ്താല്‍ 6-7 വര്‍ഷം കഴിഞ്ഞേ വീണ്ടും ഇഞ്ചി നടാനാകൂ. പാകമാകും മുമ്ബേ അടുത്തസ്ഥലം ഏറ്റെടുക്കണം. ഏക്കറിന് ആറ് ലക്ഷമാണ് കൃഷിച്ചെലവ്. 15-18 ടണ്‍ വിളവുണ്ടാകും. കിലോയ്ക്ക് 50-60 രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ നഷ്ടം. വായ്പയെടുത്ത് കൃഷി ചെയ്ത ആയിരങ്ങളാണ് കൊവിഡിനുശേഷം രംഗം വിട്ടത്. വിലയേറിയതോടെ കൃഷിക്കായി മലയാളികളുടെ തിരക്കാണ്.
ഛത്തീസ്ഗഢിലേക്ക്
മലയാളി കൃഷിക്കാരുടെ പുതിയ മേഖല ഛത്തീസ്ഗഢാണ്. കുറഞ്ഞ പാട്ടത്തുകയും നിസാരകൂലിയുമാണ് ആകര്‍ഷണം. നക്സല്‍ ഗ്രൂപ്പുകള്‍ക്ക് നോക്കുകൂലി നല്കണം. നല്‍കിയാല്‍ സംരക്ഷണവും കിട്ടും. ഏക്കറിന് 5000 രൂപയ്ക്കുവരെ പാട്ടത്തിന് ഭൂമി. പണിക്കാര്‍ക്ക് ദിവസക്കൂലി 80-100 രൂപ മാത്രം. കര്‍ണാടകയില്‍ 300 -350 രൂപയാണ് കൂലി.
കര്‍ണാടകയില്‍ വര്‍ഷങ്ങളായി ഇഞ്ചി നഷ്ടക്കൃഷിയായിരുന്നു. വിലയേറുന്നത് വീണ്ടും കര്‍ഷകരെ ആകര്‍ഷിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്