×

ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചയിലേക്കു മാറ്റി; ഫ്രാങ്കോയെ ജയിലില്‍ അടച്ചു

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലില്‍ അടച്ചു. ഫ്രാങ്കോ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേക്കു മാറ്റിയതോടെ ബിഷപ്പ് മൂന്നു ദിനം ജയിലില്‍ കഴിയേണ്ടിവരുമെന്ന് ഉറപ്പായി.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ഇനി പ്രസക്തി ഇല്ലെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

പൊലീസിന്റെ റിപ്പോര്‍ട്ട് കൂടി കിട്ടേണ്ടതുണ്ട്. അതിനാല്‍ റിപ്പോര്‍ട്ട് കിട്ടിയശേഷം ഹര്‍ജി പരിഗണിക്കാമെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷ മാറ്റിയത്. അതേസമയം ബിഷപ്പ് ഉന്നത സ്വാധീനം ഉള്ളയാളാണ്. സാക്ഷികളെ സ്വാധീനിച്ച മുന്‍ സംഭവങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ തെളിവ് ശേഖരണം പൂര്‍ത്തിയാകുന്നതുവരെ ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടു. സാക്ഷികള്‍ക്ക് കോച്ചിംഗ് ക്ലാസ് നല്‍കിയ കാര്യവും പൊലീസ് സൂചിപ്പിച്ചു.

തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്നും, താന്‍ നിരപരാധി ആണെന്നുമാണ് ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ വ്യക്തമാക്കിയത്. തെറ്റായ രാഷ്ട്രീയ തെളിവുകള്‍ സംഘടിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കസ്റ്റഡിയില്‍ വെച്ച്‌ തന്റെ വസ്ത്രങ്ങള്‍ അന്വേഷണ സംഘം ബലമായി ഊരിവാങ്ങി. ഇത് കൃത്രിമമായി തെളിവ് ശേഖരിക്കുന്നതിന് വേണ്ടിയാണ്. തനിക്ക് അതികഠിനമായ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപരമായ അവശതകളുണ്ട്. ഈ സാഹചര്യത്തില്‍ ജയിലില്‍ റിമാന്‍ഡ് ചെയ്യരുത്. ജയിലില്‍ അടച്ചാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

ജാമ്യാപേക്ഷ മാറ്റിയതോടെ ബിഷപ്പ് ഫ്രാങ്കോയെ ജയിലിലേക്ക് മാറ്റി. പാല സബ് ജയിലിലേക്കാണ് മാറ്റിയത്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ, പാല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഒക്ടോബര്‍ ആറുവരെയാണ് പാല മജിസ്‌ട്രേറ്റ് കോടതി ബിഷപ്പിനെ റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് ഫ്രാങ്കോയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. കസ്റ്റഡി കാലാവധി ഇന്ന് ഉച്ചയ്ക്ക് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബിഷപ്പിനെ പാല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top