പട്ടാളത്തിലേക്ക് ഇതാ ഒരു പള്ളീലച്ചന്‍; ഫാദര്‍ ജിസ് ജോസ് ഇനി നായിബ് സുബേദാര്‍
കൊച്ചി: സൈനികര്‍ക്ക് ആധ്യാത്മികമായ സംശയങ്ങള്‍ ഉണ്ടായാല്‍ ഇനി തീര്‍പ്പാക്കാന്‍ ഈ അച്ചന്‍ ഓടിയെത്തും. ആധ്യാത്മികം മാത്രമല്ല, രോഗീപരിചരണത്തിനും തടവില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനും അച്ചന്‍ റെഡിയാണ്. ആ നിയോഗമാണ് 32 കാരനായ ഫാദര്‍ ജിസ് ജോസിനെ കരസേനയില്‍ എത്തിച്ചത്.
എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നായിരുന്നു അച്ചന്റെ ആഗ്രഹം. സേനയില്‍ മത അധ്യാപകരുടെ ഒഴിവുണ്ടെന്ന് കണ്ടപ്പോള്‍ പിന്നെ ഒട്ടും വൈകിയില്ല, ആപ്ലിക്കേഷന്‍ അയച്ചു. മെഡിക്കല്‍ പരിശോധനകളും പ്രവേഷന പരീക്ഷയും അഭിമുഖവുമെല്ലാം പിന്നിട്ട ശേഷം പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇന്റഗ്രേഷനില്‍ നിയമനവും ലഭിച്ചു.
കരസേന നിയമിച്ച 19 ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരില്‍ ഒരാളായി നിയമനം ലഭിച്ചതോടെ വരുന്ന 15 വര്‍ഷക്കാലം രാജ്യത്തെ വിവിധ സൈനിക യൂണിറ്റുകളില്‍ സേവനത്തിനായി ഫാദര്‍ ജിസും ഉണ്ടാകും. സൈനികരുടെ ആധ്യാത്മിക ജീവിതത്തിന് പിന്തുണ നല്‍കുന്നതിനൊപ്പം കൗണ്‍സിലിങ് നടത്താനും അച്ചന് ചുമതലയുണ്ട്.
കോതമംഗലം കല്ലൂര്‍ക്കാട് സ്വദേശിയായ ഫാദര്‍ ജിസ് ജോസ് ആലുവ സെന്റ് ജോസഫ്സ് പ്രൊവിന്‍സ് അംഗമാണ്. 2015ലാണ് വൈദിക പട്ടം സ്വീകരിച്ചത്. കലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദവും ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് ബിസിഎയും എംസിഎയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്