കാര്‍ഷിക മേളയുടെ ഫ്‌ളക്‌സ് കൊണ്ട് കുടിവെള്ള പ്രശ്‌നം പരിഹരിക്കാമോ ? ജോസഫിനെതിരെ രൂക്ഷമായി പ്രതികരിച്ച് കെ കെ ശിവരാമന്‍
തൊടുപുഴ : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണ ബോര്‍ഡുകള്‍ക്കെതിരെ യു.ഡി.എഫ് നേതൃത്വം നടത്തിയ പ്രസ്താവന അപക്വവും അപഹാസ്യവുമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.കെ ശിവരാമന്‍ പറഞ്ഞു. രണ്ട് ബോര്‍ഡിന്‍റെ പണമുണ്ടായിരുന്നെങ്കില്‍ കര്‍ഷക ആത്മഹത്യ തടയാമായിരുന്നുവെന്ന പി.ജെ ജോസഫിന്‍റെ കണ്ടെത്തല്‍ വിചിത്രവും വിരോധാഭാസവുമാണ്. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന കാര്‍ഷിക സാമ്പത്തിക നയങ്ങളുടെയും അന്താരാഷ്ട്ര കരാറുകളുടെയും ഫലമായി കാര്‍ഷിക മേഖലയില്‍ രൂപപ്പെട്ടു വന്ന പ്രതിസന്ധി പ്രചരണ ബോര്‍ഡ് ഒഴിവാക്കിയാല്‍ പരിഹരിക്കാന്‍ കഴിയുമെന്ന വിലയിരുത്തല്‍ മറുപടി അര്‍ഹിക്കുന്നില്ലാത്തതാണ്. രണ്ട് ബോര്‍ഡിന്‍റെ ചിലവ് 7000 രൂപയാണ്. അതുകൊണ്ട് കര്‍ഷക ആത്മഹത്യ തടയാമെന്ന് പരിണിതപ്രജ്ഞനായ ഒരു നേതാവ് പറയുന്നത് കൗതുകകരമാണ്. മറ്റാര്‍ക്കോ വേണ്ടി പി.ജെ ജോസഫ് ഇത്തരം വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് അഭികാമ്യമാണോയെന്ന് സ്വയം വിലയിരുത്തണം.
ഗാന്ധിജി സ്റ്റഡി സെന്‍ററിന്‍റെ പേരില്‍ 25 വര്‍ഷംകൊണ്ട് പി.ജെ ജോസഫ് വച്ച ഫ്ളക്സ് ബോര്‍ഡിന്‍റെ പണമുണ്ടായിരുന്നെങ്കില്‍ തൊടുപുഴ മണ്ഡലത്തിലെ മലയോര മേഖലയിലെ കുടിവെള്ള പ്രശ്നം മുഴുവന്‍ പരിഹരിക്കാന്‍ കഴിഞ്ഞേനെ എന്ന യാഥാര്‍ത്ഥ്യം ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും എല്‍.ഡി. എഫ് കണ്‍വീനര്‍ പറഞ്ഞു. വികസനത്തിന്‍റെ കുത്തക അവകാശപ്പെട്ടിരുന്ന ചില പൊള്ളയായ വിഗ്രഹങ്ങള്‍ തകര്‍ന്നു വീണതിന്‍റെ അസ്വസ്ഥതയാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തു വരുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെയും ജനപ്രതിനിധികളുടെയും വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പ്രചരണ രീതികള്‍ അവലംബിക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിരുന്നു.
നിലവിലുള്ള ബോര്‍ഡുകള്‍ പരസ്യ രംഗത്ത് തൊഴില്‍ ചെയ്യുന്ന സംഘടനകളുടെ സ്വന്തമാണ്. വളരെ നേരിയ വാടക നിരക്കില്‍ അവരില്‍നിന്നും താല്‍ക്കാലികമായി എടുത്തിട്ടുള്ള ബോര്‍ഡുകളിലെ ക്ലോത്ത് മാത്രമാണ് എല്‍.ഡി.എഫിന്‍റേത് എന്നിരിക്കെ പരസ്യകലാരംഗത്ത് തൊഴിലെടുക്കുന്ന ചെറുപ്പക്കാരെപ്പോലും അപമാനിക്കുന്നതാണ് യു.ഡി.എഫിന്‍റെ പ്രസ്താവനയെന്നും കണ്‍വീനര്‍ പറഞ്ഞു.
മണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത വികസന മുന്നേറ്റമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്
. കേരളത്തിലെ ഏറ്റവും വലിയ ദേശീയപാത വികസന പദ്ധതി, മൂന്നാര്‍-പൂപ്പാറ-ബോഡിമെട്ട് പാത നിര്‍മ്മാണം ആര്‍ക്കും പോയി നേരില്‍ കാണാവുന്നതാണ്. മുണ്ടക്കയം-കുമളി, അടിമാലി-കുമളി, കോതമംഗലം-മൂന്നാര്‍ പാതകളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് സംഘം സന്ദര്‍ശിച്ച് ബോധ്യപ്പെടണം. കഴിയുമെങ്കില്‍ പി.ജെ ജോസഫ് വാഗമണ്‍ സന്ദര്‍ശിച്ച് ടൂറിസം പദ്ധതി പൂര്‍ത്തീകരിച്ചത് കാണണം.
പോകുന്ന വഴിക്ക് കട്ടപ്പന പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലും കയറാവുന്നതാണ്. യു.ഡി.എഫ് കാര്‍ മാത്രമല്ല ഇടുക്കിക്കാര്‍ ഒന്നാകെ സി.ആര്‍.എഫ് റോഡിനെക്കുറിച്ച് അറിഞ്ഞത് ഇപ്പോള്‍ മാത്രമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വികസനം ചര്‍ച്ച ചെയ്യുന്നു എന്നതാണ് യു.ഡി.എഫിനെ അലോസരപ്പെടുത്തുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാതെ വിശ്രമിക്കില്ലെന്ന് പ്രഖ്യാപിക്കുന്നവര്‍ ഒരുപാട് കാലം വിശ്രമം ഒഴിവാക്കി കഠിനാധ്വാനം ചെയ്ത് കാത്തിരിക്കേണ്ടി വരുമെന്നും പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ഇത്തരം വെല്ലുവിളികളില്‍നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.കെ ശിവരാമന്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്