മലപ്പുറത്തെ സാനുവിന്- 32 വയസ് – ദിവാകരന്‍ സീനിയര്‍ – 76 വയസ്

തിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടിയെന്ന അതികായനെ വെല്ലാന്‍ എല്‍.ഡി.എഫ് ഇക്കുറി മലപ്പുറത്ത് പരീക്ഷിക്കുന്ന വി.പി. സാനുവാണ് കേരളത്തില്‍ നിന്നുള്ള മുന്നണി സ്ഥാനാര്‍ത്ഥികളില്‍ ‘ബേബി’- 30 വയസ്സ്. കുഞ്ഞാലിക്കുട്ടിയുമായുള്ള വി.പി. സാനുവിന്റെ പോരാട്ടത്തിന് ഒരു കുടുംബചരിത്രം കൂടിയുണ്ട്. 1991-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയെ എതിരിട്ട വി.പി. സഖറിയയുടെ മകനാണ് വി.പി. സാനു. അന്നു രണ്ടാം സ്ഥാനത്തെത്തിയ സഖറിയയ്‌ക്കു കിട്ടിത് 30.9 ശതമാനം വോട്ട്.
പ്രായക്കണക്കു നോക്കിയാല്‍ കോണ്‍ഗ്രസിലാണ് ഇക്കുറി ‘കുട്ടിസ്ഥാനാര്‍ത്ഥി’കള്‍ അധികം. ആലത്തൂരില്‍ ഡോ. പി.കെ. ബിജുവിന്റെ ഹാട്രിക് ശ്രമത്തിന് തടയിടാന്‍ കോണ്‍ഗ്രസ് കളത്തിലിറക്കുന്ന രമ്യ ഹരിദാസിന് 32 വയസ്സേയുള്ളൂ. മുപ്പതുകാരന്‍ വി.പി. സാനു എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആണെങ്കില്‍ രമ്യ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍.ആലത്തൂരില്‍ ബിജുവിന്റെ ആദ്യമത്സരം 35-ാം വയസ്സിലായിരുന്നു.
സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ പൊട്ടിത്തെറിക്കുകയും, ചെയ്യാന്‍ ഒരുപാട് ബാക്കിയുണ്ടെന്ന് ആകുലചിത്തനാവുകയും ചെയ്‌ത കുമ്ബളങ്ങി ഫെയിം തോമസ് മാഷിന് (പ്രൊഫ. കെ.വി. തോമസ്) വയസ്സ് 73 ആയി. മാഷെ വെട്ടി സ്ഥാനാര്‍ത്ഥിത്വം പിടിച്ച ഹൈബി ഈഡന് 36 വയസ്സ്. വയനാട് മണ്ഡലത്തില്‍ അവസാന നിമിഷം വരെ ആകാംക്ഷ ബാക്കിവച്ച ടി.സിദ്ദിഖിന് 44 വയസ്സുണ്ട്. വയനാടിനു വേണ്ടി സിദ്ദിഖിനോട് എതിരിട്ടു നിന്ന ഷാനിമോള്‍ ഉസ്‌മാന് 52 വയസ്സായി.
കോണ്‍ഗ്രസിന്റെ രാജ്യാന്തര മുഖവും ഗ്ളാമര്‍ താരവുമായ ശശി തരൂരും, മത്സരങ്ങളില്‍ തോറ്റ ചരിത്രം ഇന്നോളം കേട്ടിട്ടില്ലാത്ത സി.പി.ഐയിലെ സി. ദിവാകരനും, ബി.ജെ.പിയുടെ പ്രതീക്ഷാമണ്ഡലമായ തലസ്ഥാനത്തു മത്സരിക്കാന്‍ ഗവര്‍ണര്‍ പദവി രാജിവച്ചുവന്ന കുമ്മനം രാജശേഖരനും പോര്‍ക്കളത്തിലുള്ള തിരുവനന്തപുരം ആണ് അക്ഷാരാര്‍ത്ഥത്തില്‍ ഇത്തവണത്തെ വയസ്സന്‍ ക്ളബ്. സംസ്ഥാനത്തു തന്നെ മുന്നണി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായക്കൂടുതല്‍ സി. ദിവാകരന് ആണ്- വയസ്സ് 76. കുമ്മനമാണ് സെക്കന്‍ഡ്. 66 വയസ്സ്. ഗ്ളാമറൊന്നും പോയിട്ടില്ലെങ്കിലും തരൂരിന് 63 വയസ്സായി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ യുവനിരയുടെ കൂട്ടത്തില്‍ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടുത്തിയ തൃശൂരിലെ സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന് ഷഷ്‌ടിപൂര്‍ത്തിയെത്താന്‍ മാസങ്ങളേയുള്ളൂ! കണ്ണൂരാണ് സീനിയേഴ്സ് മത്സരിക്കുന്ന വേറൊരു മണ്ഡലം. എഴുപത് വയസ്സായ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് വേണമെങ്കില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് എം.പി. പി.കെ. ശ്രീമതിയെ അനുജത്തിയെന്നു വിളിക്കാം- ടീച്ചര്‍ക്ക് 69 തികഞ്ഞിട്ടേയുള്ളൂ.
ചരിത്രം കുറിച്ച
ചെറുപ്പം
ലോക്‌സഭയിലേക്കുള്ള മത്സരത്തിന് കുറഞ്ഞ പ്രായപരിധി 25 വയസ്സാണ്. ആ പ്രായത്തില്‍ എം.പിയായി എക്കാലത്തെയും ചരിത്രമെഴുതിയ മിടുക്കന്‍ ഹരിയാനയിലാണ്- ദുഷ്യന്ത് ചൗട്ടാല. ഓം പ്രകാശ് ചൗട്ടാലയുടെ പൗത്രനും, സാക്ഷാല്‍ ദേവിലാലിന്റെ പ്രപൗത്രനും. കോളേജ് പഠനം കഴിഞ്ഞ് 2014-ലെ തിരഞ്ഞെടുപ്പില്‍ ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ ദുഷ്യന്ത് ചൗട്ടാല ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ടാലും 30 വയസ്സേയുള്ളൂ. നമ്മുടെ വി.പി.സാനുവിന്റെ പ്രായം.
കേരളത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ എം.പിയായ വീരകഥ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടേതാണ്. 1971-ല്‍ ഇരുപത്തിയാറാം വയസ്സില്‍ കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാമചന്ദ്രന്‍ തോല്‍പ്പിച്ചത് ചിലറക്കാരനെയല്ല- ഇ.കെ. നയാനാരെ! അങ്ങനെ കടന്നപ്പള്ളിക്ക് ‘ജയന്റ് കില്ലര്‍’ എന്ന് വിളിപ്പേരും വീണു. ഇതേ തിരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴില്‍ നിന്ന് മത്സരിക്കുമ്ബോള്‍ വയലാര്‍ രവിക്ക് 34 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്