വീടുകളില്‍ തുടരേണ്ടവര്‍ ഇറങ്ങി നടന്നാല്‍ ക്രിമിനല്‍ കേസെടുക്കും- ഡിജിപി ബഹ്‌റ
തിരുവനന്തപുരം•കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് കൈക്കൊളേളണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളില്‍ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നപക്ഷം അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കേരള പോലീസ് ആക്റ്റിന്‍റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി എടുക്കുക.
ഹൃദയ സംബന്ധമായ അസുഖമുളളവര്‍, രക്താര്‍ബുദം ബാധിച്ചവര്‍ എന്നിവര്‍ നിരീക്ഷണത്തിലുണ്ടെങ്കില്‍ ആവശ്യമുളളപക്ഷം അവരെ ജില്ലാതലങ്ങളിലുളള ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കും. ആരുടെയും സഹായമില്ലാതെ വീട്ടില്‍ തനിയെ നിരീക്ഷണത്തില്‍ കഴിയുന്നവരെയും കൂടുതല്‍ അംഗങ്ങളുളള വീടുകളില്‍ കഴിയുന്നവരെയും ആവശ്യമെങ്കില്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇങ്ങനെ മാറാന്‍ സ്വയം താല്‍പര്യം കാണിക്കുന്നവര്‍ക്കും ഈ സൗകര്യം ലഭ്യമാണ്.
അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിന് ജനങ്ങള്‍ തിടുക്കം കാണിക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തും. കടകളില്‍ ഇത്തരം തിരക്കുണ്ടായാല്‍ ഉടമസ്ഥര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണം. പാര്‍ക്കുകള്‍, ബീച്ചുകള്‍, മാളുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കാര്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനായി പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കടകളുടെ മുന്നിലും പൊതുഗതാഗത വാഹനങ്ങളിലും സാമൂഹിക അകലം പാലിക്കാന്‍ പോലീസ് പട്രോളിംഗ് സംഘങ്ങള്‍ ജനങ്ങളെ പ്രേരിപ്പിക്കും. ഉത്സവങ്ങളോടനുബന്ധിച്ച് വന്‍ ജനക്കൂട്ടം രൂപപ്പെടുന്നത് തടയാന്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്