ബോധവത്കരണ പരിപാടിക്കിടെ ഡിജിപി ബെഹ്‌റയെ ഞെട്ടിച്ച് പോക്‌സോ കേസ് പ്രതി
തൃശൂര്‍: കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള പോക്‌സോ നിയമ ബോധവല്‍ക്കരണ പരിപാടിക്കിടെ മൈക്കിലൂടെ പരസ്യവിമര്‍ശനം നടത്തി പോക്‌സോ കേസിലെ പ്രതി. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ളവര്‍ സദസ്സിലിരിക്കെയാണ് അപ്രതീക്ഷിത സംഭവം. 62 ദിവസം ജയില്‍വാസം അനുഭവിച്ച കോതമംഗലം പുതുക്കുടിയില്‍ ജോമറ്റ് ജോസഫാണ് നാടകീയമായി വേദിക്കരികിലെത്തി വിമര്‍ശനമുന്നയിച്ചത്.
പരിപാടിയുടെ അവതാരക സദസ്യരുടെ പ്രതികരണം തേടുന്നതിനിടെ ജോമറ്റ് സദസ്സിന്റെ പിന്‍ഭാഗത്ത് നിന്നു നടന്നെത്തി മൈക്ക് ചോദിച്ചുവാങ്ങി. ‘എനിക്കു നിങ്ങളോട് ചിലതെല്ലാം പറയാനുണ്ട്. ഇതൊന്നും നടക്കാന്‍ പോകുന്ന കാര്യമല്ല. 62 ദിവസം ജയിലില്‍ കിടന്നശേഷം എത്തിയതാണ് ഞാന്‍. ഇങ്ങനെയൊരു പരിപാടി നടക്കുന്ന വിവരം ഫെയ്‌സ്ബുക്കിലൂടെയാണ് അറിഞ്ഞത്..’ മൈക്കിലൂടെ ജോമറ്റ് പറഞ്ഞത് കേട്ട് ഡിജിപിയും ഡിഐജിയും അടക്കമുള്ളവര്‍ അമ്ബരന്ന് മുഖാമുഖം നോക്കി.
ഉടന്‍ കമ്മിഷണര്‍ യതീഷ് ചന്ദ്ര ജോമറ്റിനരികിലെത്തി മൈക്ക് വാങ്ങി. ‘ ചിലതു പറയാനുണ്ടെന്ന്’ ജോമറ്റ് ആവര്‍ത്തിച്ചപ്പോള്‍ ‘എല്ലാറ്റിനും പരിഹാരമുണ്ടാക്കാം’ എന്ന മറുപടിയോടെ കമ്മിഷണര്‍ തന്നെ ഇയാളെ സദസ്സില്‍ നിന്നു പുറത്തേക്കു കൊണ്ടുപോയി. മറ്റ് പൊലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി. താന്‍ നിരപരാധിയാണെന്നും നീതി തേടി ഡിജിപിയെ കാണാനെത്തിയതാണെന്നും പോക്‌സോ കേസില്‍ നിന്നു തന്നെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും പൊലീസിനോട് ജോമറ്റ് പറഞ്ഞു. എന്നാല്‍, കുറ്റവിമുക്തനാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പൊലീസില്‍ നിന്നു ലഭിക്കുന്ന വിവരം
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്