ശബരിമല : ഒരു തവണത്തേക്ക് 20 ലക്ഷമാണ് ഫീസ് – എല്ലാം പറഞ്ഞ് മനു അഭിഷേക് സിംഗ്
തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനക്കേസില്‍ ഹാജരായതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു പൈസ പോലും തന്നിട്ടില്ലെന്ന് സുപ്രിംകോടതി അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വി. ശബരിമലക്കേസില്‍ ബോര്‍ഡിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായതിന് ഇതുവരെ പ്രതിഫലം തരാതെ ഒഴിവ് കഴിവ് പറയുകയാണ്. ശബരിമലക്കേസില്‍ ഹാജരായതിന് ചോദിച്ച പ്രതിഫലവുമായി ബന്ധപ്പെട്ട് ബോര്‍ഡ് കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും സിംഗ്‌വി പറഞ്ഞു.
ശബരിമല കേസില്‍ 2018 ജൂലൈ 18, ജൂലൈ 19, ജൂലൈ 24 തീയതികളില്‍ താന്‍ വാദത്തിനായി കോടതിയില്‍ ഹാജരായി. കൂടാതെ ആറു തവണ കോണ്‍ഫറന്‍സിലും പങ്കെടുത്തു. കോടതിയില്‍ ഒരു തവണ ഹാജരാകുന്നതിന് 20 ലക്ഷവും കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നതിന് 5.5 ലക്ഷവുമാണ് ഫീസ് ഈടാക്കുന്നത്. ഇതനുസരിച്ച് 93 ലക്ഷം രൂപയാണ് ദേവസ്വം ബോര്‍ഡ് തനിക്ക് പ്രതിഫലം തരേണ്ടത്.
എന്നാല്‍ ഇത്രയും രൂപ പ്രതിഫലം തരാന്‍ സാമ്ബത്തികശേഷി ഇല്ലെന്ന ബോര്‍ഡിന്റെ അഭ്യര്‍ത്ഥന മാനിച്ച് തന്റെ പ്രതിഫലം 62 ലക്ഷമാക്കി ചുരുക്കി. കോടതിയില്‍ ഹാജരായതിന്റെ ഫീസ് 15 ലക്ഷവും കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിന് 3.5 ലക്ഷവുമായി കുറച്ചു. എന്നാല്‍ നാളിതുവരെയായി ഒരു ചില്ലിക്കാശ് പോലും ബോര്‍ഡ് നല്‍കിയിട്ടില്ല.
പലതവണ പ്രതിഫലക്കാര്യം ഓര്‍മ്മിപ്പിച്ചെങ്കിലും ബോര്‍ഡ് പണം നല്‍കാന്‍ കൂട്ടാക്കിയിട്ടില്ല. മാത്രമല്ല ഇക്കാര്യത്തില്‍ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ ബോര്‍ഡ് പ്രചരിപ്പിക്കുകയുമാണ്. താന്‍ അതിഭീമമായ ഫീസ് ചോദിക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ച്, പ്രതിഫലം തരുന്നത് തടയാനാണ് ശ്രമിക്കുന്നതെന്നും സിംഗ്‌വി പറഞ്ഞു.
ശബരില വിഷയത്തില്‍ പ്രൊഫഷണലായ സമീപനമല്ല ബോര്‍ഡ് കൈക്കൊണ്ടത്, മറിച്ച് രാഷ്ട്രീയമായ രീതിയാണ് കൈക്കൊണ്ടത്. വിഷയത്തില്‍ ബോര്‍ഡിന്റെ ഇരട്ടത്താപ്പ് പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കപ്പെട്ടു.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ കള്ളപ്രചാരണം നടത്തുന്നത് അപലപനീയമാണ്. തന്റെ 93 ലക്ഷം രൂപ ഫീസ് 62 ലക്ഷമാക്കി ചുരുക്കിയിട്ടും, വക്കീല്‍ ഫീസ് ഇനത്തില്‍ താന്‍ ചില്ലിക്കാശ് പോലും കുറച്ചില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രചാരണം തെറ്റാണെന്നും മനു അഭിഷേക് സിംഗ്‌വി പറഞ്ഞു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്