‘ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല,’ സി.ഐ നവാസും ഡി.സി.പി സുരേഷും മട്ടാഞ്ചേരിയില്‍ ചുമതലയേല്‍ക്കും
കൊച്ചി: മേലുദ്യോഗസ്ഥന്‍ ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങിയ മുന്‍ എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ്. നവാസ് ഇന്ന് മട്ടാഞ്ചേരി സി.ഐയായി ചുമതലയേല്‍ക്കും. സംഭവത്തില്‍ ആരോപണ വിധേയനായ പി.എസ്.സുരേഷ് മട്ടാഞ്ചേരി ഡി.സി.പിയായും ഇന്ന് തന്നെ ചുമതലയേല്‍ക്കും. ഇരുവരും കമ്മിഷണര്‍ ഓഫീസിലെത്തി വിജയ് സാഖറെയുമായി കൂടിക്കാഴ്‌ച നടത്തി. താനും നവാസും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സുരേഷ് പറഞ്ഞു. കമ്മിഷണറുടെ ഓഫീസില്‍ നിന്നും പരസ്പരം കൈകോര്‍ത്ത് കൊണ്ടാണ് ഇരുവരും പുറത്തിറങ്ങിയത്. ഇരുവര്‍ക്കും ഒരുമിച്ച് ജോലി ചെയ്യാന്‍ കഴിയില്ലെങ്കില്‍ വീണ്ടും സ്ഥലംമാറ്റം നല്‍കാമെന്ന് സാഖറെ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇരുവരും നിലപാടെടുത്തതോടെ സാഖറെ ഇരുവരെയും മട്ടാഞ്ചേരിയില്‍ തന്നെ നിയമിക്കുകയായിരുന്നു. തിരോധനം സംബന്ധിച്ച് ഡി.സി.പി ജി.പൂങ്കുഴലി നടത്തുന്ന അന്വേഷണം കൂടി പരിഗണിച്ച ശേഷമാണ് തീരുമാനം.
അസി.പൊലീസ് കമ്മിഷണര്‍ പി.എസ് സുരേഷുമായി വയര്‍ലെസ് സെറ്റിലൂടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് നവാസിനെ കാണാതായത്. തമിഴ്‌നാട്ടിലെ കരൂരില്‍ നവാസിനെ കണ്ടെത്തി ശനിയാഴ്ച തിരിച്ചെത്തിച്ചു. മനഃസമാധാനം തേടിയാണ് താന്‍ നാട്ടില്‍ നിന്ന് മാറിനിന്നതെന്നാണ് തിരിച്ചെത്തിയ ശേഷം നവാസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഏകാന്തത ആവശ്യമാണെന്ന് തോന്നിയതിനാലാണ് മാറി നിന്നത്. എന്റെ ആത്മാവിന് കുറച്ച് ഭക്ഷണം വേണമായിരുന്നു. മദ്യത്തിലും മയക്കുമരുന്നിലും ആശ്രയം കണ്ടെത്താനാകില്ല. വീട്ടില്‍ നിന്നിറങ്ങി അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ സ്വയം ഇല്ലാതാവില്ലെന്ന തീരുമാനം എടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്