ധര്‍മജന്‍ നായകനാവുകയാണ്; നിങ്ങള്‍ ഞെട്ടും: രമേഷ് പിഷാരടി
മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന രണ്ട് താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മജനും. ഇരുവരും ഒന്നിച്ചവതരിപ്പിക്കുന്ന പ്രോഗ്രാമുകള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുള്ളത്. ചാനല്‍ അവാര്‍ഡ് നിശകളില്‍ സ്ഥിര സാന്നിധ്യമാണ് ഇരുവരും. പതിനഞ്ച് വര്‍ഷത്തെ സൗഹൃദമാണ് തങ്ങളുടേതെന്ന് രമേഷ് പിഷാരടി പറഞ്ഞു.
ധര്‍മജനെ നായകനാക്കി ചിത്രമൊരുക്കുമ്പോള്‍ അവന്റെ ഇഷ്ടത്തിനായിരിക്കും കഥയുണ്ടാക്കുക. അവന്റെ ഡേറ്റ് കിട്ടണമെങ്കില്‍ അല്‍പം വിട്ടുവീഴ്ച്ച ചെയ്യേണ്ടിവരും. ധര്‍മജനെ നായകനാക്കി സിനിമ ഒരുക്കുന്നതായി എനിക്ക് അറിവ് കിട്ടിയിട്ടുണ്ട്. നടി ആരാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. അത് അനൗണ്‍സ് ചെയ്യാറായിട്ടില്ല. പുറത്ത് ആരോടും പറയരുതെന്ന് നിര്‍ദേശം ഉണ്ട്. നായിക ബോളിവുഡില്‍ നിന്നാണ്. ധര്‍മജന് ആരാണെന്ന് അറിയില്ല. രമേഷ് പിഷാരടി പറഞ്ഞു.
കരിയറിന്റെ തുടക്കകാലത്ത് ഏറെ ദു:ഖങ്ങള്‍ സഹിക്കേണ്ടി വന്നെന്നും ചില പരിപാടികള്‍ അവതരിപ്പിക്കാന്‍ പോയിട്ട് അപമാനിതനായി തിരിച്ചുവന്നിട്ടുണ്ടെന്നും പിഷാരടി അഭിമുഖത്തില്‍ പറഞ്ഞു.
പിഷാരടിയുടെ വാക്കുകള്‍:
ഞാന്‍ പെട്ടെന്ന് കരയുന്നയാളാണ്. കാണാന്‍ പോയ പരിപാടി കണ്ടാല്‍ തന്നെ സങ്കടം വരും. സിനിമയിലെ ദു:ഖകരമായ സീന്‍ കണ്ടാല്‍ വിഷമം വരും. അത് മറ്റൊരാളോട് പറയുമ്പോഴും അതേ വിഷമം ഉണ്ടാകും. പത്ത് വര്‍ഷത്തിന് മുന്‍പ് ആലപ്പുഴയില്‍ പരിപാടി അവതരിപ്പിക്കാന്‍ വിളിച്ചിരുന്നു. ഒരു ഹൗസ്‌ബോട്ടിലായിരുന്നു പരിപാടി. ഡോക്ടര്‍മാരും കുടുംബവും ചേര്‍ന്ന ഗെറ്റുഗദര്‍ പരിപാടിയായിരുന്നു. ഇടയ്ക്കായിരുന്നു എന്റെ പരിപാടി. പക്ഷേ ബോട്ട് രാവിലെ ഒന്‍പത് മണിക്ക് എടുക്കുന്നതുകൊണ്ട് അപ്പോള്‍ തന്നെ കയറേണ്ടി വന്നു. ഞാന്‍ ബോട്ട് ഓടിക്കുന്ന ആളിന്റെ കൂടെ പോയിരുന്നു. ഉച്ചകഴിഞ്ഞ് ഭക്ഷണം കഴിച്ചിട്ടും എന്നെ പരിപാടി അവതരിപ്പിക്കാന്‍ വിളിക്കുന്നില്ല. ഞാന്‍ വേറൊരാളോട് പറഞ്ഞു’ ഒരു പുള്ളിക്കാരന്‍ പറഞ്ഞിട്ടാണ് ഞാന്‍ വന്നത്’ എന്ന്.
എന്നെ വിളിച്ചയാള്‍ അടിച്ച് ഫിറ്റായി ഒരു ചെയറില്‍ ചുരുണ്ടുകൂടി കിടക്കുകയാണ്. ദേഹത്തൊക്കെ മീന്‍കറി വീണ് നല്ല ഉറക്കം. ഞാന്‍ പരിപാടിക്ക് വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ എന്റെ കൈപിടിച്ച് എല്ലാവരുടെയും മുന്നില്‍ നിര്‍ത്തി. ഇയാള്‍ പരിപാടി അവതരിപ്പിക്കാന്‍ പോകുകയാണ്. എല്ലാവരും ഇരിക്കൂ എന്ന് പറഞ്ഞു. മൈക്കിന് പകരം വാട്ടര്‍ബോട്ടിലാണ് തന്നത്. പിന്നീട് ബോട്ടില്‍ പാട്ടുവയ്ക്കുമ്പോള്‍ ഉപയോഗിക്കുന്ന ചെറിയ മൈക്ക് തന്നു. വലിയ സൗണ്ട് ഒന്നും അതിനുണ്ടായിരുന്നില്ല. ഞാന്‍ പരിപാടി അവതരിപ്പിച്ചു. ആദ്യത്തെ ഐറ്റം കഴിഞ്ഞപ്പോള്‍ തന്നെ ഒരു സ്ത്രീ പറഞ്ഞു’ ഓ… വളരെ ബോറാണ്, നമുക്ക് എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞിരിക്കാം. ഈ പരിപാടിക്ക് വേണ്ടി നമ്മുടെ സമയം വെറുതെ കളയണ്ട’ എന്ന്.
എനിക്ക് സങ്കടമായി. ഞാന്‍ ബോട്ട് ഓടിക്കുന്നയാളുടെ അടുത്ത് പോയിരുന്നു. ബോട്ടായത് കൊണ്ട് ഓടിരക്ഷപ്പെടാനും വയ്യ. കരച്ചില്‍ വന്നു. ബോട്ടുകാരനാണ് ചോറുണ്ടോ എന്ന് ചോദിച്ചത്. അയാളുടെ പക്കല്‍ ചോറുണ്ടായിരുന്നു. കഴിക്കാന്‍ വിളിച്ചെങ്കിലും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. കാശും ചോദിക്കാന്‍ പറ്റിയില്ല. പരിപാടി മുഴുവനാക്കിയില്ലല്ലോ… അവസാനം ആലപ്പുഴ കൈനഗിരി ഭാഗത്തുള്ള ഷാപ്പില്‍ ഇവര്‍ക്ക് വേണ്ടി ബോട്ട് നിര്‍ത്തിയപ്പോള്‍ ഞാന്‍ തോട്ടത്തിലൂടെ ഓടിരക്ഷപ്പെട്ടു. വൈകുന്നേരം വീടെത്തി. അതിനുശേഷം അവരെന്നെ വിളിച്ചിട്ടില്ല. മീന്‍ കഴിച്ച് ഫിറ്റായ ആളെ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. പേരുപറയുന്നില്ല…
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്