മീഡിയവണ്‍ ചാനലിന് നിരോധനം ഏർപ്പെടുത്തിയ നടപടി അപലപനീയം: കോം ഇന്ത്യ
തിരുവനന്തപുരം: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി അപലപനീയമാണെന്ന് കോൺ ഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) പ്രസിഡണ്ട് വിൻസെൻറ് കുന്നേലും ജനറൽ സെക്രട്ടറി അബ്ദുൾ മുജീബും പ്രസ്താവനയിൽ പറഞ്ഞു.
ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമ മേഖലയ്ക്ക് സ്വതന്ത്രമായും നിർഭയമായും നിഷ്പക്ഷമായും പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നത് സർക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമായി മാത്രമേ പൊടുന്നനെയുള്ള ഇത്തരം വിലക്കുകളെ കാണാൻ കഴിയുകയുള്ളു.
മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വതന്ത്രവും ഭരണഘടനയുടെ കെട്ടുറപ്പിനെ ശക്തിപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ ജനാധിപത്യം ലോക ശ്രദ്ധ ആകർഷിക്കുന്നത് തന്നെ ഇത്തരം ആവിഷ്ക്കാര സ്വാതന്ത്ര്യം മുറുകെപ്പിടിക്കുന്നത് കൊണ്ടാണ്.
മീഡിയ വണ്ണിന്റെ പ്രവര്‍ത്തനം മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ തടസ്സപ്പെടുത്തുന്ന നടപടി ശരിയായ രീതിയല്ല. ഭരണഘടനാനുസൃതമായ രീതിയിൽ വേണം മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ടത്. നിരവധി മാധ്യമ പ്രവർത്തകർ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിലക്കേർപ്പെടുത്തുന്നത് ജനാധിപത്യ ബോധത്തിന് നിരക്കുന്നതല്ല. വിശദീകരണം പോലും ചോദിക്കാതെ മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് ജനാധിപത്യത്തിന് ദോഷകരമാണെന്നും കോം ഇന്ത്യാ ഭാരവാഹികൾ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്