×

റോഡ് ഏറ്റെടുക്കല്‍ ; 38 ലക്ഷം രൂപ നല്‍കിയില്ല ; ഉത്തരവ് നടപ്പാക്കാന്‍ ആമീന്‍ വന്നപ്പോള്‍ കളക്ടറുടെ 5 വാഹനങ്ങള്‍ ഇല്ല

ത്തനംതിട്ട: ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പത്തനംതിട്ട സബ് കോടതിയുടെ ജപ്തി നടപടിയില്‍ നിന്ന് ഒഴിവാകാന്‍ ജില്ലാ കളക്ടറുടെ പേരിലുള്ള അഞ്ച് വാഹനങ്ങള്‍ ഒളിപ്പിച്ചു.

ജില്ലാ കളക്ടര്‍ എന്ന ബോര്‍ഡില്ലാതെയാണ് കളക്ടറുടെ യാത്ര. ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. ജില്ലാമജിസ്‌ടേറ്റിന്റെ ചുമതലയുള്ള കളക്ടര്‍ തന്നെ നീതിന്യായ പീഠത്തിന്റെ ഉത്തരവിനെ കബളിപ്പിക്കുന്നത് ചര്‍ച്ചയാകുന്നു.
കളക്ടറുടെ അടക്കം അഞ്ച് ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ കഴിഞ്ഞദിവസം രണ്ട് പ്രാവശ്യം കോടതിയുടെ ആമീന്‍ കളക്ടറേറ്റിലെത്തിയപ്പോള്‍ വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പത്തനംതിട്ട റിംഗ് റോഡിനു വേണ്ടി 2008ല്‍ ഏറ്റെടുത്ത മൂന്ന് സെന്റ് സ്ഥലത്തിന്റെ നഷ്ടപരിഹാരമായി പലിശ ഉള്‍പ്പെടെ 38 ലക്ഷം ഭൂ ഉടമക്ക് നല്‍കാന്‍ വൈകിയതാണ് ജപ്തിയിലേക്ക് നീണ്ടത്. ഹൈക്കോടതി ഉത്തരവ് പ്രകാരം അടുത്ത മാസം 23ന് മുമ്ബ് ഉടമയ്ക്ക് പൊതുമരാമത്ത് വകുപ്പും ജില്ലാ ഭരണകൂടവും പണം കൈമാറണം. ഭൂമിയേറ്റെടുത്തതിനു നഷ്ടപരിഹാരം നല്‍കേണ്ടത് മരാമത്ത് വകുപ്പാണ്. കളക്ടറേറ്റില്‍നിന്ന് പണം ആവശ്യപ്പെട്ടു. പൊതുമരാമത്ത് സെക്രട്ടറിക്കു കത്തയച്ചെങ്കിലും പണം ലഭിച്ചിട്ടില്ല. പണംകൈമാറാതെ വന്നതോടെ മേല്‍ കോടതി ഉത്തരവ് നടപ്പാക്കാന്‍ പത്തനംതിട്ട സബ്‌കോടതി ജഡ്ജി എസ്.ഷാനവാസ് ജപ്തി നിര്‍ദ്ദേശംനല്‍കി. വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ആമീന്‍ അനീഷ് കഴിഞ്ഞദിവസം കളക്ടേറ്റില്‍ എത്തിയതോടെയാണ് വാഹനങ്ങള്‍ കടത്തിയതായി അറിഞ്ഞത്.

കളക്ടര്‍ ദിവ്യ.എസ്.അയ്യര്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനമായ കെ.എല്‍ 03 ഡബ്ള്യൂ. 3636 ഇന്നോവ, എ.ഡി.എം രാധാകൃഷ്ണന്‍ ഉപയോഗിക്കുന്ന കെ.എല്‍. 03 വി.5135 ഇന്നോവ, ഹുസൂര്‍ ശിരസ്തദാറിന്റെ കെ.എല്‍.03ആര്‍ 8001 ബൊലേറോ, ഭൂമി ഏറ്റെടുക്കല്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.എല്‍.03 ഡബ്ള്യൂ.9999, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ സിഫ്റ്റ് ഡിസയര്‍ കെ.എല്‍.03റ്റി 8400 എന്നീ വാഹനങ്ങള്‍ ജപ്തിചെയ്യാനാണ് എത്തിയത്. വാഹനങ്ങളെല്ലാം ഡ്രൈവര്‍മാരുടെ വീടുകളിലേക്ക് മാറ്റിയതായാണ് അറിയുന്നത്. തിരുവല്ല സബ്ബ്കളക്ടര്‍ ഉപയോഗിച്ച കാറില്‍ നെയിം ബോര്‍ഡ് ഇല്ലാതെയാണ് കളക്ടറുടെ യാത്ര.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top