×

പെരുമാറ്റച്ചട്ടം : മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചു ; അപേക്ഷിച്ചത് ചട്ടംപാലിക്കാതെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് പരിപാടിയുടെ ഉദ്ഘാടന പരിപാടിക്കാണ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് വൈകീട്ട് നാലുമണിക്കായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങളെ സ്വാധീനിക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയില്‍ സഹകരണവകുപ്പ് മന്ത്രി അധ്യക്ഷനാകും എന്നായിരുന്നു നിശ്ചയിച്ചിരുന്നത്.

പരിപാടിക്ക് അനുമതി തേടി കണ്‍സ്യൂമര്‍ഫെഡ് എംഡി സംസ്ഥാനത്തെ വോട്ടെടുപ്പിന് പിന്നാലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കുകയായിരുന്നു. ഇതിന് രേഖമൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയത്. ചട്ടപ്രകാരമല്ല അപേക്ഷയെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചീഫ് സെക്രട്ടറി വഴിയാണ് അപേക്ഷ നല്‍കേണ്ടതെന്നാണ് കമ്മീഷന്‍ വിശദമാക്കിയിട്ടുള്ളത്.

കണ്‍സ്യൂമര്‍ഫെഡിന്റെ പദ്ധതിയുടെ ഉദ്ഘാടനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കുന്നതിനെയാണ് വിലക്കിയിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പദ്ധതി നടക്കട്ടെ എന്ന് സര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നത് പരിഗണിച്ച്‌ സംസ്ഥാനത്ത് 600 കുട്ടികളുടെ മാര്‍ക്കറ്റ് ആരംഭിക്കുന്നതാണ് പദ്ധതി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top