×

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പുറത്തേക്ക്; മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വിതുമ്ബി കരഞ്ഞു കൊണ്ട് രാജി പ്രഖ്യാപനം;

ബെംഗളുരു:കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബി എസ് യെദിയൂരപ്പ രാജിവെച്ചു. അവസാനനിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തി ബിജെപി കേന്ദ്രനേതൃത്വം രണ്ടാം വര്‍ഷം പിന്നിട്ടതോടെ യെദിയൂരപ്പയോട് രാജി ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഇടയിലാണ് രാജി പ്രഖ്യാപനം ഉണ്ടായത്. മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വിതുമ്ബി കരഞ്ഞു കൊണ്ടാണ് യെദ്യൂരപ്പ രാജിതീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. വൈകുന്നേരം നാല് മണിക്ക് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് തന്റെ രാജികാര്യത്തെ കുറിച്ച്‌ യെദ്യൂരപ്പ തന്നെ ആദ്യം സൂചന നല്‍കിയത്. അധികാരത്തിലേറി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറയുന്നത് എന്താണെങ്കിലും താന്‍ അനുസരിക്കുമെന്ന് നേരത്തെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്ര മന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ രാജിവെക്കുന്നതിന് പകരമായി അദ്ദേഹം ചില ഉപാധികള്‍ മുന്നോട്ടുവച്ചതായി സൂചനയുണ്ടായിരുന്നു.

നേരത്തെ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരെ ലിംഗായത്ത് മഠങ്ങള്‍ രംഗത്തുവന്നിരുന്നു. യദ്യൂരപ്പയ്ക്ക് കാവലായി ലിംഗായത്ത് സമുദായവും മഠങ്ങളും നീങ്ങുമ്ബോള്‍ ബിജെപിയുടെ നേതൃമാറ്റ നീക്കം പാളുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. കര്‍ണാടകയില്‍ നേതൃമാറ്റത്തിന് ബിജെപി നേതൃത്വം പച്ചക്കൊടി വീശിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു മുതിര്‍ന്ന നേതാക്കളുമായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച്ച നടത്തി മടങ്ങുമ്ബോള്‍ കര്‍ണാടകയില്‍ ഈ മാസം തന്നെ പുതിയ മുഖ്യമന്ത്രി പ്രഖ്യാപിക്കപ്പെടുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു.

ലിംഗായത്ത് വിഭാഗത്തിലെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ബിഎസ് യെദ്യൂരപ്പ എന്ന രാഷ്ട്രീയ ചാണക്ക്യനെ പെട്ടെന്ന് മറികടക്കാനാകുമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ അമ്ബേ പരാജയപ്പെടുത്തിയത് സന്ന്യാസി മഠങ്ങളാണ്. മറുവശത്ത് വിമത എംഎല്‍എമാര്‍ നീക്കങ്ങള്‍ ശക്തമാക്കിയാല്‍ ബിജെപി കര്‍ണാടക നേതൃത്വത്തിന് തലവേദനയാകും.

ഭരണത്തിലിരിക്കെ ബിജെപിക്കകത്തെ അധികാര വടംവലിയാണ് യെദിയൂരപ്പക്ക് ഏറെ തലവേദന സൃഷ്ടിച്ചത്. ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ അടക്കമുള്ള നേതാക്കള്‍ നിരന്തരം വിമര്‍ശനമുന്നയിച്ചു. മകന്‍ ബി.വൈ. വിജയേന്ദ്രയുടെ ഭരണതലത്തിലെ ഇടപെടല്‍ ഭരണകക്ഷിയിലും പ്രതിപക്ഷത്തിലും ചര്‍ച്ചയായി. 2019ലെ പ്രളയത്തില്‍ വന്‍ നാശനഷ്ടം നേരിട്ട കര്‍ണാടകക്ക് ആവശ്യപ്പെട്ട ഫണ്ട് പോലും കേന്ദ്രം അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി പറയേണ്ട ഗതികേടും യെദിയൂരപ്പക്കുണ്ടായി.

കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ കോടികളുടെ അഴിമതി വിവരം കോണ്‍ഗ്രസ് പുറത്തു കൊണ്ടുവന്നു. അനധികൃത ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രി വിചാരണ നേരിടണമെന്ന് കര്‍ണാടക ഹൈക്കോടതിക്ക് പറയേണ്ട സാഹചര്യവുമുണ്ടായി. ഒടുവില്‍ രണ്ടു വര്‍ഷം തികക്കുന്നതോടെ മുഖ്യമന്ത്രി പദത്തില്‍നിന്നിറക്കാന്‍ പാര്‍ട്ടിയില്‍ ചരടുവലി സജീവമായി. ബിജെപി നേതാക്കളായ കെ.എസ്. ഈശ്വരപ്പ, നളിന്‍കുമാര്‍ കട്ടീല്‍ തുടങ്ങിയവര്‍ ഒളിഞ്ഞും യത്‌നാല്‍, എ.എച്ച്‌. വിശ്വനാഥ്, അരവിന്ദ് ബല്ലാഡ്, സി.പി. യോഗേശ്വര്‍ തുടങ്ങിയവര്‍ തെളിഞ്ഞും യെദിയൂരപ്പക്കെതിരെ പട നയിച്ചു.

2019 ജൂലൈ 26നായിരുന്നു കര്‍ണാടകയുടെ 25ാം മുഖ്യമന്ത്രിയായി യെദിയൂരപ്പ അധികാരമേറ്റത്. തുടക്കം മുതല്‍ വിവാദങ്ങളുടെ അകമ്ബടിയോടെയായിരുന്നു ഭരണം. സഖ്യ സര്‍ക്കാറിന്റെ അട്ടിമറിയില്‍ തുടങ്ങി വിമത നേതാക്കളെ ബിജെപിയില്‍ ഉള്‍പ്പെടുത്തി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കലും മന്ത്രിസ്ഥാനം നല്‍കലുമെല്ലാം പാര്‍ട്ടിയില്‍ ഒറ്റക്കുനിന്നാണ് യെദിയൂരപ്പ നേടിയെടുത്തത്.

ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി-എസും തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കി അധികാരത്തിലേറിയതും ഒരു വര്‍ഷം തികഞ്ഞപ്പോള്‍ 17 എംഎ‍ല്‍എമാരെ ഭരണപക്ഷത്തു നിന്ന് വരുതിയിലാക്കി യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാറിനെ അട്ടിമറിച്ചതും ചരിത്രം. കുതിരക്കച്ചവടത്തിന്റെയും ഓപറേഷന്‍ താമരയുടെയും കരിനിഴലില്‍ സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ കര്‍ണാടക രാഷ്ട്രീയത്തില്‍ കുതന്ത്രങ്ങളുടെ ചാണക്യനാണെന്ന് തെളിയിച്ച നാളുകളായിരുന്നു അത്.

കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി-എസില്‍ നിന്നും രാജിവെച്ച എംഎ‍ല്‍എമാര്‍ ബിജെപിയുടെ തണലില്‍ സുരക്ഷിതമായി മുംബൈയിലെ ഹോട്ടലില്‍ കഴിയുമ്ബോഴായിരുന്നു ബംഗളൂരുവിലെ രാജ്ഭവനില്‍ യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ. എംഎ‍ല്‍എമാര്‍ക്കായി യെദിയൂരപ്പ വിലപേശുന്ന ശബ്ദസന്ദേശമടക്കം പുറത്തായിട്ടും അന്വേഷണമൊന്നും എവിടെയുമെത്തിയില്ല.

75 വയസ്സ് കഴിഞ്ഞവരെ മുഖ്യമന്ത്രിയടക്കമുള്ള പ്രധാന ചുമതലകള്‍ ഏല്‍പിക്കേണ്ടതില്ലെന്ന ബിജെപി നയം മാറ്റിവച്ചാണ് കര്‍ണാടകയിലെ സവിശേഷ സാഹചര്യം പരിഗണിച്ച്‌ 78കാരനായ യെദിയൂരപ്പയെ പാര്‍ട്ടി മുഖ്യമന്ത്രിയാക്കിയത്. ലിംഗായത്ത് നേതാവായ യെദിയൂരപ്പക്ക് പിന്തുണയുമായി ലിംഗായത്ത് മഠാധിപതികളടക്കം പരസ്യമായി രംഗത്തിറങ്ങിയ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചിട്ടുള്ളത്.

അധികാരത്തില്‍ അല്‍പായുസ്സ് മാത്രമാണ് യെദിയൂരപ്പക്ക് ഇതുവരെയുള്ള അനുഭവം. 2008ലും ഓപറേഷന്‍ താമരയിലൂടെ അധികാരത്തിലെത്തിയ യെദിയൂരപ്പക്ക് പിന്നീട് ഓര്‍ക്കാന്‍ അത്ര നല്ലതല്ലാത്ത അനുഭവങ്ങളാണ് ഭരണത്തില്‍ പിന്നീടുണ്ടായത്. അഴിമതിക്കേസില്‍പെട്ട് ജയിലിലെത്തിയ അദ്ദേഹം 2012ല്‍ പാര്‍ട്ടിയോട് പിണങ്ങി കര്‍ണാടക ജനത പക്ഷ (കെ.ജെ.പി) എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി. പിന്നീട് ബിജെപിയില്‍ തിരിച്ചെത്തി ലോക്‌സഭാംഗമായി. 2018 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി മാറ്റി.

കോണ്‍ഗ്രസ്-ജെ.ഡി-എസ് സഖ്യത്തെ മറികടന്ന് ഗവര്‍ണറുടെ പ്രത്യേക താല്‍പര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരിച്ച്‌ സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ ഭൂരിപക്ഷം തെളിയിക്കാനാവാതെ മൂന്നു ദിവസത്തിനുള്ളില്‍ രാജിവെച്ചു. പിന്നീട് സഖ്യ സര്‍ക്കാര്‍ ഭരണത്തിലേറിയതും ഒരു വര്‍ഷത്തിനു ശേഷം സഖ്യത്തെ അട്ടിമറിച്ച്‌ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി ഭരണം പിടിച്ചതും കര്‍ണാടക രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ഏടുകളാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top