ചൈല്‍ഡ് ലൈന്റെ ‘ബാഡ് ടച്ച് ഗുഡ് ടച്ച് ‘കൗണ്‍സിലിംഗ് തെറ്റിദ്ധരിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനികള്‍
തലശേരി: ഏഴാം ക്ലാസില്‍ പഠിക്കുന്ന 29 വിദ്യാര്‍ഥിനികളെ “ബാഡ് ടച്ച് ‘ നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന യുപി സ്കൂള്‍ അധ്യാപകന് ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തെറ്റായ നിലയില്‍ ക്ലാസെടുത്തതാണ് നിരപരാധിയായ അധ്യാപകന് ജയിലിലടക്കപ്പെടാന്‍ ഇടയാക്കിയിട്ടുളളതെന്ന് ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
അധ്യാപകര്‍ കുട്ടികളെ സ്പര്‍ശിക്കുന്നത് ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്താല്‍ അത് സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ജാമ്യ ഹര്‍ജിയില്‍ പറഞ്ഞു. ഇതിനിടയില്‍ അധ്യാപകനെതിരെ ചൈല്‍ഡ് ലൈനിന് മൊഴി നല്കിയ വിദ്യാര്‍ഥിനികളെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കി.
ദുരുദ്ദേശത്തോടെ അധ്യാപകന് തങ്ങളുടെ ദേഹത്ത് തൊട്ടിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തെറ്റിദ്ധരിച്ചതാണെന്നും വ്യക്തമാക്കി കൊണ്ട് വിദ്യാര്‍ത്ഥികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗത്തിനെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിനിടയിലാണ് സംഭവങ്ങളുടെ തുടക്കം.”ബാഡ് ടച്ച് ഗുഡ് ടച്ച് ” എന്നതായിരുന്നു വിഷയം.
കയ്യുള്‍പ്പെടെ ദേഹത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ തൊട്ടാല്‍ ബാഡ് ടച്ച് ആകും എന്ന് കൗണ്‍സിലിങ്ങ് നടത്തുന്നവര്‍ വിശദീകരിച്ചപ്പോഴാണ് 29 വിദ്യാര്‍ത്ഥിനികള്‍ ബാഡ് ടച്ച് സംബന്ധിച്ച് അധ്യാപകനെതിരെ മൊഴി നല്‍കിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്