കോഴിയിറച്ചിക്ക് പിന്നാലെ, കോഴിമുട്ടയ്‌ക്കും വില വര്‍ധിക്കുന്നു
കോട്ടയം: കോഴിയിറച്ചിക്ക് പിന്നാലെ, കോഴിമുട്ടയ്‌ക്കും വില വര്‍ധിക്കുന്നു. 5.30 മുതല്‍ ആറ് വരെ ആയിരുന്ന മുട്ടവിലയാണ് പെട്ടന്ന് 7 രൂപയില്‍ എത്തിനില്‍ക്കുന്നത്.
നാടന്‍ കോഴി മുട്ടയുടെ വില 9 മുതല്‍ 10 വരെയായും ഉയര്‍ന്നു. ഇതോടെ മുട്ട കൊണ്ടുള്ള ആഹാര സാധനങ്ങള്‍ക്കും വില വര്‍ധിക്കുമെന്ന കാര്യം ഉറപ്പായി.
വിലവര്‍ധന തിരിച്ചടിയായെന്ന് ചെറുകിട വ്യാപാരികള്‍ പ്രതികരിച്ചു. തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് പ്രധാനമായും കോഴിമുട്ട എത്തിക്കുന്നത്. എന്നാല്‍ മുട്ടയുടെ വരവ് കുറഞ്ഞതാണ് വിലവര്‍ധനയ്‌ക്ക് കാരണം.
മലയാളികളുടെ പ്രിയ വിഭവമായ ഓംലെറ്റ്, ബുള്‍സൈ എന്നിവയുടെ വിലയും ഉയരും. അതേ സമയം വില വര്‍ധിച്ചതോടെ പ്രതീക്ഷയിലാണ് കോഴി കര്‍ഷകര്‍.
വില വര്‍ധിച്ചതോടെ, മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. വരവു കുറഞ്ഞതും ഡിമാന്റ് കൂടിയതും നാടന്‍ മുട്ടയുടെ കുറവും വില വര്‍ധനവിന് കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു.
ഹോട്ടലുകള്‍, തട്ടുകടക്കാര്‍ എന്നിവര്‍ക്കു പുറമേ ബേക്കറിക്കടക്കാരും വന്‍ തോതില്‍ മുട്ട വാങ്ങാറുണ്ട്. ഇവര്‍ക്കെല്ലാം വില വര്‍ധന തിരിച്ചടിയാകും. കോഴിവളര്‍ത്തല്‍ പ്രോത്സാഹന പദ്ധതികള്‍ പലതും മരവിച്ചു കിടക്കുന്നതിനാല്‍ നാടന്‍ കോഴിമുട്ടയ്‌ക്കു വിപണിയില്‍ ദൗര്‍ലഭ്യമുണ്ട് .
ചുരുക്കം കര്‍ഷകര്‍ മാത്രമാണ് ജില്ലയില്‍ വലിയ തോതില്‍ മുട്ടക്കോഴികളെ വളര്‍ത്തുന്നത്. വീടുകളില്‍ ചെറു കൂടുകളില്‍ വളര്‍ത്തുന്നവരാണ് ഏറെയും.
തീറ്റ വിലയിലെ വര്‍ധനയാണ് ഇവര്‍ക്കു തിരിച്ചടി. ഒരു കിലോ തീറ്റയുടെ വില 30 കടന്നതു മുതല്‍ നഷ്ടമാണെന്നു കര്‍ഷകര്‍ പറയുന്നു.
ഓരോ മാസവും കോഴിത്തീറ്റ വില വര്‍ധിക്കുകയാണ്. അടയിരിക്കുന്ന കോഴികളുടെ അഭാവവും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നാടന്‍ കോഴി മുട്ടയെന്ന പേരില്‍ തോടിനു നിറവ്യത്യാസമുള്ള മുട്ടകള്‍ വ്യാപകമായി വില കൂട്ടി വില്‍ക്കുന്നതും സാധാരണ കര്‍ഷകര്‍ക്കു തിരിച്ചടിയാണ്. സ്‌കൂളുകളിലും അങ്കണവാടികളിലും മുട്ട വിതരണമുള്ളത് ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായി. അതേസമയം, ഇറച്ചിക്കോഴി വിലയും കുതിക്കുകയാണ്. ;
ഒരു കിലോ ഇറച്ചിക്കോഴിയുടെ വില 150 രൂപ വരെയായി. രണ്ടു മാസം മുമ്ബ് 160 രൂപ വരെയെത്തിയെങ്കിലും പിന്നീട് 120 രൂപയിലേക്ക് താഴ്ന്നിരുന്നു.
വരവു കുറഞ്ഞതാണ് വില വര്‍ധനവിനു കാരണമായി വ്യാപാരികള്‍ പറയുന്നത്. ഇറച്ചിക്കോഴി വിലയിലെ വര്‍ധന ഹോട്ടലുകളെയും തട്ടുകടകളെയുമാണ് ഏറെ പ്രതിസന്ധിയിലാക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്