×

ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണം = ആരോഗ്യവകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.
സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവർ – എച്ച്‌ഐവി, കാൻസർ ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവർ, ദീർഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവർ എന്നിവർക്കു രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചിക്കൻ പോക്സ് രോഗിയുമായി സമ്ബർക്കത്തില്‍ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും ആരോഗ്യമന്ത്രി അഭ്യർഥിച്ചു.

എന്താണ് ചിക്കൻ പോക്സ്?

വേരിസെല്ലാ സോസ്റ്റർ (Varicella Zoster) എന്ന വൈറസ് മൂലമുളള പകർച്ചവ്യാധിയാണു ചിക്കൻ പോക്സ്. ഇതുവരെ ചിക്കൻ പോക്സ് വരാത്തവർക്കോ, വാക്സിൻ എടുക്കാത്തവർക്കോ ഈ രോഗം വരാൻ സാധ്യതയുണ്ട്.

രോഗപ്പകർച്ച

ചിക്കൻ പോക്സ്, ഹെർപ്പിസ് സോസ്റ്റർ രോഗമുളളവരുമായി അടുത്ത സമ്ബർക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കൻ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണു രോഗലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച്‌ പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

നാലു ദിവസത്തില്‍ കൂടുതലുള്ള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയക്കുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്തുവേദന, അടിക്കടിയുളള ഛർദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കൻ പോക്സിന്‍റെ സങ്കീർണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായുസഞ്ചാരമുളള മുറിയില്‍ പരിപൂർണമായി വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുക. പഴവർഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്ബർക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച്‌ അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിൻ ലോഷൻ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക. ചൊറിച്ചില്‍ കുറയ്ക്കുന്നതിനും ആശ്വാസത്തിനും സാധാരണ വെള്ളത്തിലെ കുളി സഹായിക്കും. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുമിളയില്‍ ചൊറിഞ്ഞാല്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകുക. ചിക്കൻ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിർത്തരുത്.

ചിക്കൻ പോക്സ് വന്നിട്ടില്ലാത്തവർക്ക് ചിക്കൻ പോക്സ്/ ഹെർപിസ് സോസ്റ്റർ രോഗികളുമായി സമ്ബർക്കം വന്ന് 72 മണിക്കൂറിനുള്ളില്‍ വാക്സിൻ എടുത്താല്‍ രോഗത്തെ പ്രതിരോധിക്കാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top