ചെന്നൈയില്‍ ജനജീവിതം സ്തംഭിച്ചു; 118 ട്രെയിനുകളാണ് കനത്ത മഴയെത്തുടര്‍ന്ന് റദ്ദാക്കി
ചെന്നൈ: മിഷോംഗ് ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോട് ചേര്‍ന്ന് നീങ്ങുന്നതിനെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ചെന്നൈ ഇസിആര്‍ റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. ചെന്നൈയില്‍ നിന്നുളള 20 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 23 വിമാനങ്ങള്‍ വൈകിയെത്തും. ചില വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.
മഴയെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിഛേദിച്ചു. ഇന്ന് വൈകുന്നേരം വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.വടക്കൻ തമിഴ്നാട്ടിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അതിശക്ത മഴയെത്തുടര്‍ന്ന് ചെന്നൈ അടക്കമുളള ആറ് ജില്ലകളില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു.
സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പൊതു അവധി ബാധകമായിരിക്കും. പകരം തൊഴിലാളികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവര്‍ത്തിക്കും.
ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. ചെന്നൈയുള്‍പ്പടെയുളള മിക്ക സ്ഥലങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുൻകരുതല്‍ നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവില്‍ വടക്കൻ തമിഴ്‌നാട് ലക്ഷ്യമാക്കിയാണു നീങ്ങുന്നത്. നാളെ പുലര്‍ച്ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മച്ലിപട്ടണത്തിനും ഇടയില്‍ കര തൊടുമെന്നാണു നിലവിലെ നിഗമനം. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി.
ചെങ്കല്‍പേട്ട്, കാഞ്ചീപുരം, ചെന്നൈ, തിരുവള്ളൂര്‍ തുടങ്ങിയ ജില്ലകളില്‍ മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. വില്ലുപുരം കൂഡല്ലൂര്‍ എന്നിവിടങ്ങളിലും കാറ്റ് ശക്തമാകും. ഗുരുനാനാക്ക് കോളേജിനു സമീപം കെട്ടിടം തകര്‍ന്ന് വീണ് പത്ത് ജീവനക്കാര്‍ കുടുങ്ങി.
കേരളത്തിലേക്ക് അടക്കമുള്ള 118 ട്രെയിനുകളാണ് കനത്ത മഴയെത്തുടര്‍ന്ന് റദ്ദാക്കിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്