ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം. സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ടി വി രാജേഷ് എം എല്‍ എയ്ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. തലശ്ശേരി കോടതിയിലാണ് സി ബി ഐ കുറ്റപത്രം നല്‍കിയിരിക്കുന്നത്. പി ജയരാജനും ടി വി രാജേഷ് എം എല്‍ എ യും സഞ്ചരിച്ച കാര്‍ തടഞ്ഞ വൈരാഗ്യത്തിന് ജയരാജന്റെ നിര്‍ദ്ദേശപ്രകാരം സി പി എം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ പിന്തുടര്‍ന്ന്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
കണ്ണൂരിലെ തളിപ്പറമ്ബ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്‍റെ പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (24) എന്ന യുവാവിനെ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ചാണ് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തിരുന്നു. പി. ജയരാജന്‍ നല്‍കിയ ജാമ്യാപേക്ഷയും ടി.വി. രാജേഷ് എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ടി.വി. രാജേഷ് എംഎല്‍എ പിന്നീട് കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. 25,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും എന്ന ഉപാധിയില്‍ പി. ജയരാജന് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്