×

വമ്പന്‍ പദ്ധതികളുടെ പ്രോഗ്രസ് കാര്‍ഡുമായി ജോസ് കെ മാണി

പാലായില്‍ അന്തര്‍ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ വമ്പന്‍ പദ്ധതികളുടെ പ്രോഗ്രസ് കാര്‍ഡുമായി ജോസ് കെ മാണി. മനോരമ സര്‍വ്വേയില്‍ കേരളത്തിലെ 20 -ല്‍ ഒന്നാമത്തെ വികസന നായകനായ എംപിയായതിന്‍റെ മികവും ! 456 കോടിയുടെ വികസനമെന്ന് കാപ്പനും. 4 വെയിറ്റിംങ്ങ് ഷെഡുകളും 6 ഹൈമാസ്റ്റ് ലൈറ്റുകളുമല്ലാതെ വെറെന്തെങ്കിലും ചൂണ്ടിക്കാണിക്കാമോ എന്ന് കാപ്പനോട് ജോസ് പക്ഷം ! പോരാട്ടത്തിനും മുമ്പേ പോര് തുടങ്ങിയ പാലായില്‍ പോരിനുമുണ്ടൊരു പാലാ ടച്ച് !

കോട്ടയം: 2021 പോരാട്ടത്തിനും ഇത്തവണ ഒരു പാലാ ടച്ചുണ്ട് ! കാരണം പോരാട്ടത്തിനു മുമ്പേ സീറ്റ് പോര് തുടങ്ങിയ മണ്ഡലമാണ് പാലാ.

കഴിഞ്ഞ തവണ അപ്പുറത്ത് മത്സരിച്ചവര്‍ ഇപ്പുറത്തും കഴിഞ്ഞ പ്രാവശ്യം വരെ ഇപ്പുറത്ത് മത്സരിച്ചവര്‍ അപ്പുറത്തും പോരടിക്കുമ്പോള്‍ ഫലം എന്തെന്നറിയാന്‍ കൗതുകം തോന്നുക സ്വാഭാവികം.

പാലായിലാകുമ്പോള്‍ വികസനം തന്നെയാണ് വിഷയം. പ്രത്യേകിച്ചും അതിലൊരു സ്ഥാനാര്‍ഥി ജോസ് കെ മാണിയാകുമ്പോള്‍. പക്ഷേ വികസനം ചര്‍ച്ചയാക്കാതെ വിവാദം ചര്‍ച്ചയാക്കാനാണ് മറുഭാഗത്തിന് താല്‍പര്യം. ഞാനാ… ഭാഗത്തേയ്ക്കില്ലെന്ന നിലപാടുകാരനാണ് വിവാദങ്ങളില്‍ ജോസ് കെ മാണി.

അഹങ്കാരിയാണ്, ധിക്കാരിയാണെന്നൊക്കെ വേറൊന്നും പറയാനില്ലാത്തവര്‍ ‘പിആര്‍’ പബ്ലിസിറ്റി നടത്തുമ്പോള്‍ അതൊക്കെ ജനം തീരുമാനിക്കട്ടെ, എനിക്ക് ചൂണ്ടിക്കാണിക്കാന്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ അനവധി ഉണ്ടെന്ന നിലപാടുകാരനാണ് ജോമോന്‍ എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന ജോസ് കെ മാണി.

രാജ്യത്തെ നാലാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ പാലാ ഐഐഐടിയാണ് ജോസിന്‍റെ വികസന നേട്ടങ്ങള്‍ക്ക് പ്രധാന മാതൃക. ആദ്യ 5 വര്‍ഷത്തെ പാര്‍ലമെന്‍റ് കാലാവധി പൂര്‍ത്തിയാക്കുന്നതിന് 3 മാസം മുമ്പാണ് ഈ പദ്ധതിക്ക് നിര്‍മ്മാണോത്ഘാടനം നിര്‍വ്വഹിച്ച് ആരംഭം കുറിച്ചത്. 200 കോടിയുടെ പദ്ധതി 55 ഏക്കര്‍ വിസ്തൃതിയില്‍ ആദ്യഘട്ടം പ്രവര്‍ത്തനം തുടങ്ങിയ ഐഐഐടി (ട്രിപ്പിള്‍ ഐടി) കേരളത്തിലെ ഭാവി തലമുറയ്ക്ക് അഭിമാനമാണ്.

അതേക്കുറിച്ചാണ് ‘പട്ടിക്ക് മുഴിവന്‍ തേങ്ങ കിട്ടിയതുപോലാണെന്ന്’ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ മറ്റൊരു അനുയായി പറഞ്ഞത് ഐഐഐടി റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്നും. സിനിമാ പോലുള്ള ചില പ്രത്യേക മേഖലകളും അതിന്‍റെ പിന്നാമ്പുറങ്ങളുമായി വിഹരിക്കുന്നവര്‍ക്ക് അന്തര്‍ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നൊക്കെ പറഞ്ഞാലെന്താകാന്‍ ?

എന്തായാലും പാര്‍ലമെന്‍റംഗമെന്ന നിലയില്‍ ആദ്യ ടേം പൂര്‍ത്തിയാക്കും മുമ്പ് കോട്ടയത്തെ ‘വിദ്യാഭ്യാസ ഹബ്ബ്’ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജോസ് കെ മാണി കൊണ്ടുവന്ന ദേശീയ നിലവാരമുള്ള മറ്റ് സ്ഥാപനങ്ങളാണ് സയന്‍സ് സിറ്റി, ഹോട്ടല്‍ മാനേജ്മെന്‍റ്, മാസ് കമ്മ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയൊക്കെ. ഇതെല്ലാം ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് മാത്രമല്ല, കേരളത്തിലെ ഏക സ്ഥാപനങ്ങളുമാണ്. ട്രിപ്പിള്‍ ഐടിപോലെ സയന്‍സ് സിറ്റിയും ദക്ഷിണേന്ത്യയിലെ ആദ്യ സ്ഥാപനമാണ്. ഒരു ജില്ലയില്‍ ആദ്യമായി രണ്ട് കേന്ദ്രീയ വിദ്യാലയങ്ങള്‍ നേടിയതിന്‍റെ ക്രഡിറ്റും ജോസിനുതന്നെ.

കേരളത്തിലെ ചരിത്രത്തിലാദ്യമായി ഒരു റെയില്‍വേ സ്റ്റേഷന്‍ നിലവിലിരുന്ന സ്ഥലത്തുനിന്നും പറിച്ചുമാറ്റി മറ്റൊരിടത്തേയ്ക്ക് മാറ്റി സ്ഥാപിച്ചതും ജോസിന്‍റെ നേട്ടമാണ്. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനാണ് ആ ചരിത്രം ! കേരളത്തിന്‍റെ ഇന്നുച്ച വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും അധികം കേന്ദ്ര റോഡ് ഫണ്ട് മണ്ഡലത്തില്‍ കൊണ്ടുവന്ന എംപിയും ജോസായിരുന്നു. അതായത് ചൂണ്ടിക്കാണിക്കാന്‍ പൂര്‍ത്തിയായി പ്രവ‍ര്‍ത്തനം തുടങ്ങിയ പദ്ധതികള്‍ അനവധിയുണ്ട് ജോസ് കെ മാണിക്കു മുമ്പില്‍.

ജോസ് കെ മാണിയെ പാലായില്‍ തളച്ചിടാനാണ് മാണി സി കാപ്പന്‍ എന്ന യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വരവ്. ജനകീയതയാണ് മാണിച്ചന്‍റെ ആയുധം. നാട്ടിലുണ്ടെങ്കില്‍ ആര്‍ക്കും ഏത് സമയത്തും കാപ്പനെ കാണാം. ജോസ് കെ മാണിയുടെ കാര്യവും അതുതന്നെ. പരിചയപ്പെടുത്താന്‍ ആരെയും കൂട്ടാതെ നേരേ ചെന്ന് കാര്യം പറയുന്നതാണ് ജോസിനിഷ്ടം.

456 കോടിയുടെ വികസനം ഒന്നേമുക്കാല്‍ വര്‍ഷം കൊണ്ട് പാലായിലെത്തിച്ചു എന്നതാണ് കാപ്പന്‍റെ അവകാശവാദം. അര ഡസന്‍ വെയിറ്റിംങ്ങ് ഷെഡുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അത്രത്തോളം ഹൈമാസ്റ്റ് ലൈറ്റുകളും പൂര്‍ത്തിയായിട്ടുണ്ട്. 17 വെയിറ്റിംങ്ങ് ഷെഡുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണെന്നാണ് മാണിച്ചന്‍റെ ഒരനുയായി കഴിഞ്ഞ ദിവസം ചാനലില്‍ പറഞ്ഞത്.

ഒരു ദിവസം 3 -ഉം 4 -ഉം വെയിറ്റിംങ്ങ് ഷെഡുകള്‍ സ്ഥാപിച്ചു പോകുന്നിടത്താണ് 17 എണ്ണം നിര്‍മ്മാണ ഘട്ടത്തിലത്രെ ! 456 കോടിയില്‍ ബാക്കിയൊക്കെ എന്താണെന്ന് ചോദിച്ചാല്‍ സ്വാഭാവികമായും നാട്ടില്‍ നടക്കാറുള്ള ചില റോഡ് ടാറിങ്ങും മറ്റും അതിലുള്‍പ്പെടുമത്രെ ! പിന്നെ എഴുതി കൊടുത്തതും, ഫണ്ട് അനുവദിച്ചതായി കത്ത് കൊടുത്തതും സര്‍ക്കാരിന് ഫണ്ട് വേണമെന്നാവശ്യപ്പെട്ട് അപേക്ഷ കൊടുത്തതുമെല്ലാം നേട്ടങ്ങളുടെ ഭാഗമല്ലാതായി മാറുന്നില്ല.

അതില്‍ ചിലതാണ് കിഴപറയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ ഒപി ബ്ലോക്ക് പണിയാന്‍ 85 ലക്ഷം, പൂവരണി ഗവണ്‍മെന്‍റ് ആശുപത്രിക്ക് 1 കോടി, മീനച്ചില്‍ പഞ്ചായത്ത് കെട്ടിടത്തിന് 35 ലക്ഷം… ഇങ്ങനെ നിരവധി. ഇതില്‍ ഒരു പദ്ധതിക്കും ഭരണാനുമതിയോ സാങ്കേതികാനുമതിയോ ഇല്ല. ഇതൊന്നുമാകാതെ ടെന്‍ഡറും എഗ്രിമെന്‍റും ഇല്ലാതെ നിര്‍മ്മാണോദ്ഘാടനവും എംഎല്‍എ നിര്‍വ്വഹിച്ചു. അതാണ് ഭരണ പരിചയം.

ഏറ്റവും ചെറിയൊരു ഉദാഹരണമാണ് പാലാ ബൈപ്പാസിന്‍റെ 50 അടിയോളം മാത്രം വരുന്ന 3 ഭാഗങ്ങള്‍ കുപ്പിക്കഴുത്തുപോലുള്ളത് വീതി കൂട്ടുന്ന നടപടി. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 3 മാസം കൊണ്ട് അതുവഴി വണ്ടി ഓടിക്കും എന്നായിരുന്നു കാപ്പന്‍റെ വാഗ്ദാനം. അത് നടന്നില്ല. പിന്നെ സെപ്തംബര്‍ 30 നകം വണ്ടി ഓടിയിരിക്കും എന്ന് പറഞ്ഞു. ‘പണി ഉടന്‍ തുടങ്ങും’ എന്ന് ഏതോ എന്‍ജിനീയര്‍ ഉറപ്പു നല്‍കിയപ്പോള്‍ ‘ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും’ എന്ന ക്യാപ്ഷനില്‍ എംഎല്‍എയുടെ മുഴുനീള ചിത്രം വച്ച് ഫ്ലക്സും വച്ചു. ആ ഫ്ലക്സ് ഇപ്പോള്‍ ചിതലെടുത്ത് കീറി നശിച്ചു. ചരിത്രം വഴിമാറിയില്ല, വാക്ക് വഴിമാറി; റോഡ് അങ്ങനെതന്നെ ഉണ്ടവിടെ. അതില്‍ വീതി കൂട്ടേണ്ട ഒരു ഭാഗത്ത് ഏറ്റെടുക്കേണ്ട ഭൂമി വേണ്ടപ്പെട്ടവരുടേതാണ് എന്നതും പറഞ്ഞുകേള്‍ക്കുന്നു.

ഇതൊക്കെ നടക്കാതെ പോയത് മറയ്ക്കാനാണ് ‘അഹങ്കാരി, ധിക്കാരി…’ എന്നിങ്ങനെയുള്ള വ്യക്തിപരമായ ആരോപണങ്ങളിലേയ്ക്ക് പ്രചരണം ഒതുക്കിയതെന്നാണ് എല്‍ഡിഎഫിന്‍റെ ആരോപണം.

456 കോടിയുടെ വികസനം എന്നു കാപ്പന്‍ പറയുന്നത് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ എങ്കിലും പൂര്‍ത്തിയായ പദ്ധതികള്‍ ഏതൊക്കെ എന്ന് ചോദിച്ചാല്‍ ഉത്തരം വലിയ തമാശകളായിരിക്കുമെന്നും എതിരാളികള്‍ പറയുന്നു. കാപ്പന്‍റെ വികസനം സംബന്ധിച്ച് പാലായിലൊരു തമാശയുണ്ട് – ഈശ്വരന്‍ ഉണ്ടെന്നു പറയുമ്പോള്‍ നമ്മള്‍ വിശ്വസിക്കുന്നു… അത് ഈശ്വരനെ നേരില്‍ കണ്ടതുകൊണ്ടാണോ ? … അല്ല ! അതുപോലാണ് 456 കോടി വികസനം എന്ന് എംഎല്‍എ പറയുന്നതത്രെ ! ഉണ്ടെന്ന് വിശ്വസിക്കുക… അത് നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയണമെന്നില്ല. എന്തായാലും പാലായില്‍ പോരാട്ടം ശക്തമാണ്. ജോസ് കെ മാണിയും മാണി സി കാപ്പനും നേര്‍ക്കുനേര്‍ മത്സരിക്കുമ്പോള്‍ ഫലമറിയാന്‍ മെയ് രണ്ട് വരെ കാത്തിരുന്നേ മതിയാകൂ…

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top