കാര്‍ കയറിയിറങ്ങി, മൃതദേഹം ഡിക്കിയിലാക്കി പാടത്ത് തള്ളി; തൃശ്ശൂരിലെ ആഭരണവ്യാപാരിയും കുടുംബവും പിടിയില്‍
തൃശ്ശൂർ: മണ്ണുത്തി നെല്ലങ്കര- കുറ്റുമുക്ക് പാടത്ത് പരിക്കുകളോടുകൂടി മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം.
തൃശ്ശൂർ ഇക്കണ്ടവാരിയർ റോഡില്‍ താമസിക്കുന്ന ആഭരണവ്യാപാരി ദിലീപ് കുമാർ, ഭാര്യ ചിത്ര, മകൻ വിശാല്‍ എന്നിവരെയാണ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇവരുടെ വാഹനം കയറിയാണ് പാലക്കാട് സ്വദേശിയുടെ മരണം സംഭവിച്ചതെന്നും തുടർന്ന് സംഭവം മറച്ചുവെക്കാനായി പ്രതികള്‍ മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി രവിയെ കുറ്റുമുക്ക് പാടശേഖരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. വയറിന് പരിക്കേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുവന്നനിലയിലായിരുന്നു മൃതദേഹം. എന്നാല്‍ മരിച്ചയാള്‍ ആരാണെന്ന് ആദ്യം തിരിച്ചറിയാനായിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് കൊല്ലങ്കോട് സ്വദേശി രവിയാണെന്ന് സ്ഥിരീകരിച്ചത്.
വയറിന് മാരകമായി പരിക്കേറ്റതിനാല്‍ സംഭവം കൊലപാതകമാണോ എന്നതടക്കം പോലീസ് സംശയിച്ചിരുന്നു. എന്നാല്‍, തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തില്‍ വാഹനം കയറിയിറങ്ങിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. ഇതോടെ സംഭവസ്ഥലത്തുകൂടെ കടന്നുപോയ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് ആഭരണവ്യാപാരിയും കുടുംബവും പിടിയിലായത്.
ആഭരണവ്യാപാരിയായ ദിലീപ്കുമാറും കുടുംബവും തൃശ്ശൂർ നഗരത്തിലെ ഇക്കണ്ടവാരിയർ റോഡിലാണ് താമസം. ശനിയാഴ്ച രാത്രി ഇവരുടെ വീടിന്റെ ഗേറ്റിന് മുന്നില്‍ രവി മദ്യപിച്ച് അവശനായി കിടന്നിരുന്നു. വീട്ടില്‍നിന്ന് പുറത്തുപോയിരുന്ന കുടുംബം രാത്രി തിരികെ എത്തിയപ്പോള്‍ ഗേറ്റിനോട് ചേർന്ന് കിടന്നിരുന്ന ഇയാളെ കണ്ടിരുന്നില്ല. രവിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയും ഇയാള്‍ തല്‍ക്ഷണം മരിക്കുകയുമായിരുന്നു. രവി മരിച്ചെന്ന് ഉറപ്പായതോടെ ആരെയും അറിയിക്കാതെ സംഭവം മറച്ചുവെയ്ക്കാനായിരുന്നു കുടുംബത്തിന്റെ ശ്രമം. തുടർന്ന് രവിയുടെ മൃതദേഹം ഇതേ കാറിന്റെ ഡിക്കിയിലാക്കുകയും കുറ്റുമുക്ക് പാടത്തെത്തി ഉപേക്ഷിക്കുകയുമായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്